Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജനാധിപത്യത്തിൽ...

ജനാധിപത്യത്തിൽ ന്യൂനപക്ഷങ്ങളുടെ ഇടം, ആരാണ് ന്യൂന പക്ഷങ്ങൾ

text_fields
bookmark_border
ജനാധിപത്യത്തിൽ ന്യൂനപക്ഷങ്ങളുടെ ഇടം, ആരാണ് ന്യൂന പക്ഷങ്ങൾ
cancel
ന്യൂനപക്ഷങ്ങൾക്കിടയിൽ സുരക്ഷിത ബോധം വളർത്തുന്നതിനുവേണ്ടി ജവഹർലാൽ നെഹ്റു നിരന്തരമായി പൊതുപ്രസംഗങ്ങളിലും റേഡിയോ പ്രക്ഷേപണങ്ങളിലും പാർലമെന്റിലെ പ്രസംഗങ്ങളിലുൾപ്പെടെ വലിയ പ്രചരണമാണ് നടത്തിയിരുന്നത്. മതേതരത്വമല്ലാത്ത ഒരു രാഷ്ട്രം പരിഷ്കൃതമായിരിക്കില്ല എന്ന പ്രഖ്യാപനം അദ്ദേഹത്തിൽനിന്നുണ്ടായി. ഗാന്ധിജിയുടെ ജന്മദിനത്തിൽ 1951ൽ ഡൽഹിയിൽ ജനങ്ങളെ അഭിസംബോധനം ചെയ്ത് ഒരാൾ മറ്റൊരാളെ മതത്തിന്റെ പേരിൽ അടിച്ചുവീഴ്ത്താൻ തുനിഞ്ഞാൽ എന്റെ അവസാന ശ്വാസംവരെ അയാളെ ഞാൻ എതിർക്കും, അത് സർക്കാറിന്റെ ഭാഗമായിട്ടായാലും പുറത്തുനിന്നായാലും എന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ ചോദ്യമാണ് ഈ അവസരത്തിൽ ഏറെ ചർച്ചയാകുന്നത്. ‘ന്യൂനപക്ഷ മത വിഭാഗങ്ങള്‍’ എന്നതിന്റെ വിവക്ഷ എന്താണെന്ന് വ്യക്തമാക്കാന്‍ ദേശീയ ന്യൂനപക്ഷ കമീഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നു. സംസ്ഥാന തലത്തില്‍ ന്യൂനപക്ഷങ്ങളെ നിശ്ചയിക്കാനുള്ള മാനദണ്ഡം എന്താണെന്നും കോടതി ആരാഞ്ഞിട്ടുണ്ട്. ‘ന്യൂനപക്ഷ മത വിഭാഗങ്ങള്‍’ എന്നതിനെ സംബന്ധിച്ച നിര്‍വചനവും മാനദണ്ഡവും നിശ്ചയിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഹിന്ദുമത വിഭാഗത്തെ എട്ടു സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ പൊതുതാൽപര്യ ഹരജിയെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം.‘ഭാരതത്തിന്റെ ഭൂപ്രദേശത്തോ അതിന്റെ ഏതെങ്കിലും ഭാഗത്തോ താമസിച്ചുവരുന്ന പൗരന്മാരിൽ ഭിന്നമായ ഒരു ഭാഷയോ ലിപിയോ സംസ്കാരമോ സ്വന്തമായുള്ള ഏതൊരു വിഭാഗത്തിനും അത് സംരക്ഷിക്കുന്നതിന് അവകാശം ഉണ്ടായിരിക്കുന്നതാണ്’.

ഇന്ത്യൻ ഭരണഘടന നിർമാണസഭയിൽ ന്യൂനപക്ഷ അവകാശങ്ങൾ എങ്ങനെയാണ് വിഭാവനം ചെയ്യപ്പെട്ടത് എന്നും അവയോട് എങ്ങനെയാണ് നീതി പുലർത്തി മുന്നോട്ടു പോവുക എന്നതുമെല്ലാം ഈ അവസരത്തിൽ ചർച്ച ചെയ്യേണ്ടതാണ്. ഇന്ത്യയെ പോലെ വൈവിധ്യ ബഹുലമായ രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ചുള്ള ചർച്ചകളിൽ എപ്പോഴും ഉയർന്നുവരുന്ന ചോദ്യം, ന്യൂനപക്ഷങ്ങൾക്ക് സവിശേഷമായ ഇടം അനുവദിക്കുകയാണോ വേണ്ടത്, അതോ ന്യൂനപക്ഷങ്ങളെ ഭൂരിപക്ഷത്തിലേക്ക് ഉദ്ഗ്രഥനം ചെയ്യുകയാണോ വേണ്ടത് എന്നതാണ്. ഭൂരിപക്ഷ ആധിപത്യം നിലനിൽക്കുന്ന സമൂഹത്തിൽ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ തീരുമാനങ്ങളെടുക്കുന്ന നേതൃത്വങ്ങളിൽനിന്ന് ന്യൂനപക്ഷങ്ങൾ ബോധപൂർവമായോ അബോധപൂർവമായോ ഒഴിവാക്കപ്പെടുന്നു. അവരുടെ ചരിത്രം, സംസ്കാരം, ഭാഷ എല്ലാം അപരവത്കരിക്കപ്പെടുന്നു.

ന്യൂനപക്ഷങ്ങൾ സമൂഹത്തിന്റെ മുഖ്യധാരയിൽ ഇടം കിട്ടാതെ പാർശ്വവത്കൃതരായിത്തീരും എന്നതുകൊണ്ടാണ് പ്രത്യേക അവകാശങ്ങൾ നൽകി അവരെ ചൂഷണത്തിൽനിന്നും നിർബന്ധിത ഭൂരിപക്ഷത്തിലേക്കുള്ള ഉദ്‌ഗ്രഥനത്തിൽനിന്നും പരിരക്ഷ നൽകണമെന്നും അവർക്കായി പ്രത്യേക നയങ്ങളും പരിപാടികളും വേണമെന്നും അന്താരാഷ്ട്ര തലത്തിൽതന്നെ അംഗീകരിക്കപ്പെടുന്നത്.

ന്യൂനപക്ഷ സംരക്ഷണം വളരെയേറെ ഗൗരവമേറിയ വിഷയമായതുകൊണ്ടാണ് ദേശീയതയെ ഏകമുഖമായി നിർവചിക്കുന്നവരുടെ ഏറ്റവും വലിയ തടസ്സം ഇന്ത്യ തന്നെയാകുന്നത്. രാജ്യം നിലനിൽക്കുന്നതും അതിജീവിക്കുന്നതും അതിന്റെ വൈവിധ്യങ്ങളിലൂടെയാണ്. എല്ലാ വൈവിധ്യങ്ങളെയും തിരസ്കരിച്ച് ഏകശിലാത്മകമായി എല്ലാ ജനങ്ങളെയും ദേശീയതയിലേക്ക് ഉൾച്ചേർക്കുകയല്ല വേണ്ടത്. മറിച്ച്, എല്ലാ വൈവിധ്യങ്ങളെയും നിലനിർത്തിക്കൊണ്ടുതന്നെ ദേശീയതയെ പരിപോഷിപ്പിക്കുകയാണ് ചെയ്യേണ്ടത്. ന്യൂനപക്ഷങ്ങളുടെ സവിശേഷമായ നിലനിൽപ്പും അവകാശങ്ങളും എല്ലാം ദേശീയോദ്ഗ്രഥനത്തിന് തടസ്സമാണ് എന്ന നിലപാടിലേക്ക് ഭരണകൂടം നടന്നടുക്കുമ്പോൾ ന്യൂനപക്ഷ അവകാശങ്ങൾ അംഗീകരിക്കാൻ സാധിക്കുക എന്നത് സാധ്യമാകാതെ വരുന്നു.

ന്യൂനപക്ഷ അവകാശങ്ങൾ എന്നത് ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ലോകത്തുതന്നെ ഏറ്റവും കൂടുതൽ അനീതികൾക്ക്, സാമൂഹിക സാമ്പത്തിക വിവേചനങ്ങൾക്ക്, വംശഹത്യകൾക്കുവരെ ഇരയാക്കപ്പെടുന്ന വിഭാഗമാണ് ന്യൂനപക്ഷങ്ങൾ. അവർ പൊതുസാമൂഹിക രാഷ്ട്രീയ ജീവിതത്തിൽനിന്ന് ബോധപൂർവം ഒഴിവാക്കപ്പെടുന്നു. ന്യൂനപക്ഷ അവകാശങ്ങൾ എന്നത് അവരുടെ സ്വത്വത്തെയും സംസ്കാരത്തെയും അന്തസ്സിനെയും അംഗീകരിക്കാനുള്ള ബോധപൂർവമായ പരിശ്രമം കൂടിയാണ് എന്ന തിരിച്ചറിവ് ഭരണകൂടത്തിന് ഉണ്ടാകേണ്ടിയിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ വിലയിരുത്തുമ്പോൾ ഇവിടെ സംഭവിക്കുന്ന ക്രമാതീതമായ മനുഷ്യാവകാശ ലംഘനങ്ങളുടെ വർധന ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല. ആംനസ്റ്റി ഇൻറർനാഷനലിന്റെ ഇന്ത്യയെ കുറിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്, രാജ്യത്തെ ജനങ്ങളുമായോ നിയമനിർമാണ സഭയുമായോ വേണ്ടത്ര കൂടിയാലോചനകളില്ലാതെ നടത്തുന്ന നിയമങ്ങളും നയങ്ങളും മനുഷ്യാവകാശ ലംഘനവും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുന്നു എന്നാണ്. മതന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നതും വെറുപ്പിന്റെ വക്താക്കാളാകുന്ന രാഷ്ട്രീയ സ്ഥിതിവിശേഷം രാഷ്ട്രീയ നേതാക്കളിലും ഉദ്യോഗസ്ഥരിലും തുടർന്ന് വരുകയാണ്. ആദിവാസികളുൾപ്പെടെയുള്ള പാർശ്വവത്കരിക്കപ്പെട്ടവർക്കെതിരെ കടുത്ത അതിക്രമവും വിവേചനവും നേരിടുകയാണ്.

സ്വാതന്ത്ര്യമായതിനു ശേഷം ആദ്യം രൂപവത്കരിച്ച സർക്കാറിന് രാജ്യത്ത് വലിയ മേധാവിത്വം ലഭിച്ചിരുന്നു. തങ്ങളുടെ അധികാരം എന്നന്നേക്കുമായി നിലനിർത്താനും ജനാധിപത്യം കൈയൊഴിഞ്ഞ് സമഗ്രാധിപത്യത്തിലേക്കോ ഏകപാർട്ടി സ്വേച്ഛാധിപത്യത്തിലേക്കോ നീങ്ങാനുള്ള എല്ലാ അവസരങ്ങളും ഉണ്ടായിരുന്നു. അത്തരം അനുഭവങ്ങൾ ലോകത്തിന്റെ പലയിടത്തും പ്രകടമായിരുന്നെങ്കിലും രാജ്യത്തെ ഭരണകൂടം അത്തരം ഒരു വഴിയല്ല സ്വീകരിച്ചത്. അവർ ഇന്ത്യയുടെ വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളെയും ഉൾച്ചേർക്കാൻ പരിശ്രമിച്ചു. വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവരും ന്യൂനപക്ഷങ്ങളും സഭയിൽ ഉണ്ടാകണം എന്നത് രാജ്യം ഭരിച്ച മുൻ ഭരണാധികാരികളുടെ തീരുമാനമായിരുന്നു. പ്രവിശ്യകളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും ഈ നയം കർശനമായി ആവർത്തിച്ചു. കാബിനറ്റ് മിഷൻ പദ്ധതിയിൽ ന്യൂനപക്ഷ പ്രാതിനിധ്യം മുസ്‌ലിം, സിഖ് സമുദായങ്ങൾക്ക് മാത്രമായിരുന്നു. പക്ഷേ രാജ്യത്ത് ഭരണത്തിന് നേതൃത്വം നൽകിയിരുന്ന ഭരണാധികാരികൾ അന്ന് സ്വീകരിച്ച സമീപനമാണ് ആംഗ്ലോ ഇന്ത്യൻ ക്രിസ്ത്യൻ, പാഴ്സി, പട്ടികജാതി -വർഗക്കാർ തുടങ്ങിയവരെയെല്ലാം ഭരണഘടന നിർമാണസഭയിൽ എത്തിച്ചത്.

ന്യൂനപക്ഷങ്ങൾക്കിടയിൽ സുരക്ഷിത ബോധം വളർത്തുന്നതിനുവേണ്ടി ജവഹർലാൽ നെഹ്റു നിരന്തരമായി പൊതുപ്രസംഗങ്ങളിലും റേഡിയോ പ്രക്ഷേപണങ്ങളിലും പാർലമെന്റിലെ പ്രസംഗങ്ങളിലുൾപ്പെടെ വലിയ പ്രചരണമാണ് നടത്തിയിരുന്നത്. മതേതരത്വമല്ലാത്ത ഒരു രാഷ്ട്രം പരിഷ്കൃതമായിരിക്കില്ല എന്ന പ്രഖ്യാപനം അദ്ദേഹത്തിൽനിന്നുണ്ടായി. ഗാന്ധിജിയുടെ ജന്മദിനത്തിൽ 1951ൽ ഡൽഹിയിൽ ജനങ്ങളെ അഭിസംബോധനം ചെയ്ത് ഒരാൾ മറ്റൊരാളെ മതത്തിന്റെ പേരിൽ അടിച്ചുവീഴ്ത്താൻ തുനിഞ്ഞാൽ എന്റെ അവസാന ശ്വാസംവരെ അയാളെ ഞാൻ എതിർക്കും, അത് സർക്കാറിന്റെ ഭാഗമായിട്ടായാലും പുറത്തുനിന്നായാലും എന്ന് അദ്ദേഹം പറഞ്ഞു. വർഗീയതക്കെതിരെയുള്ള സമരത്തിൽ നെഹ്റുവിന്റെ സഹപ്രവർത്തകരായ സർദാർ വല്ലഭായി പട്ടേൽ, സി. രാജഗോപാലാചാരി തുടങ്ങിയവരുടെ പരിപൂർണമായ പിന്തുണയുണ്ടായിരുന്നു. 1948 ഡിസംബറിലെ ജയ്പൂർ കോൺഗ്രസിൽ സർദാർ വല്ലഭായി പട്ടേലിന്റെ വലിയ പ്രഖ്യാപനം ഇതിന് ഉദാഹരണമായിരുന്നു.

ഭരണഘടന നിർമാണ സഭയിൽ ഭരണഘടന ശിൽപി ഡോ. അംബേദ്കർ നടത്തിയ പ്രസംഗത്തിൽ പറയുന്നു ‘ഒരു കക്ഷിക്ക് വലിയ ഭൂരിപക്ഷം ലഭിച്ചാൽ ഏതു നിമിഷവും ഇന്ത്യയിൽ ജനാധിപത്യം അപ്രത്യക്ഷമായേക്കാം’. നിർഭാഗ്യവശാൽ അത്തരം ഒരു അവസ്ഥയിലൂടെ രാജ്യം ഇന്ന് കടന്നുപോകുന്നുണ്ടോ എന്നത് ഒരു വലിയ ചോദ്യമാണ്. പരിഷ്കൃത ജനാധിപത്യ സമൂഹത്തില്‍ കേട്ടുകേള്‍വിയില്ലാത്ത പലതിനും സാക്ഷിയാകുകയാണ് രാജ്യം. ഭരണഘടന സ്ഥാപനങ്ങളെ ഉപയോഗിച്ചുകൊണ്ട് ജനാധിപത്യത്തെ അകമേ തുരക്കുന്ന പ്രതിഭാസത്തെ പ്രതിരോധിക്കാൻ വലിയ പോരാട്ടങ്ങൾ രാജ്യത്ത് ഉയർന്ന് വരേണ്ടിയിരിക്കുന്നു.

‘ഇന്ത്യ മഹാരാജ്യത്തിന്റെ കരുത്തും യശസ്സുമെല്ലാം നാനാത്വത്തിൽ ഏകത്വമാണ് -മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഈ അവസരത്തിൽ നാം ചേർത്തുവെക്കേണ്ടതുണ്ട്. ഈ ആശയം നിലനിന്നതുകൊണ്ട് മാത്രമാണ് ലോകത്തിന്റെ നെറുകയിൽ നാം നിലനിന്നത്. ഇന്ത്യന്‍ ദേശീയതയുടെ സവിശേഷതയായ ഉള്‍ക്കൊള്ളല്‍ ശേഷി തിരിച്ചുപിടിക്കാനുള്ള ശ്രമകരമായ ദൗത്യത്തിലേക്ക് ഉണരുമെന്ന പ്രതിജ്ഞയാണ് ഈ ദിനത്തില്‍ ഉയരേണ്ടത്. രാജ്യത്തിന്റേത് അത്ര പെട്ടെന്ന് തളർന്നുപോകുന്ന ആശയമല്ല, ഭരണഘടന വെറും അക്ഷരങ്ങളുമല്ല എന്ന പ്രഖ്യാപനത്തിൽ നിന്നാകട്ടെ തുടർയാത്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minoritiesGulf NewsdemocracyQatar News
News Summary - The place of minorities in democracy, who are the minorities?
Next Story