ചിത്രം തെളിഞ്ഞു; ഇനി കളത്തിൽ കാണാം
text_fieldsഫിഫ ലോകകപ്പ് നറുക്കെടുപ്പ് വേദി
ദോഹ: കാൽപന്തു ലോകം കാത്തിരുന്ന മുഹൂർത്തത്തിൽ, പോരാട്ടത്തിന്റെ ചിത്രം കുറിച്ചു. ഇനി നവംബർ 21 മുതൽ കളത്തിൽ കാണം. വിശ്വമേളക്ക് പന്തുരുളും മുമ്പ് ലോകത്തിന്റെ കണ്ണുകളെല്ലാം ഖത്തറിൽ പതിഞ്ഞ മണിക്കൂറിൽ വർഷാവസാനം നടക്കുന്ന ലോകകപ്പിന്റെ നറുക്കെടുപ്പ് പൂർത്തിയായി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ മുതൽ ലോക ഫുട്ബാളിലെ ഇതിഹാസ താരങ്ങളുടെയും വിവിധ ടീമുകൾക്കായി പന്തുതട്ടിയ സൂപ്പർ താരങ്ങളെയുമെല്ലാം സാക്ഷിയാക്കിയായിരുന്നു നറുക്കെടുപ്പ്.
അവതാരകർക്കൊപ്പം കഫു, ലോതർമതേവൂസ്, ടിം കാഹിൽ, അലി ദായി, ജേജേ ഒകോചോ, റബ മാജിർ തുടങ്ങിയവർ നറുക്കെടുപ്പിന് നേതൃത്വം നൽകി. കാർലി ലോയ്ഡ്, ദിദിയർ ദെഷാംപ്സ് എന്നിവർ അതിഥികളായി. ഈജിപ്ഷ്യൻ ചലച്ചിത്ര താരവും ഗായികയുമായ ഷെരിഹാൻ മുഖ്യാതിഥിയായി.
കോവിഡ് മഹാമാരിക്കുശേഷം ലോകംകണ്ട മഹാ കായിക മാമാങ്കത്തിനാണ് ഖത്തർ വേദിയാകുന്നതെന്ന് നറുക്കെടുപ്പ് വേദിയിൽ സംസാരിച്ച അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പറഞ്ഞു. ചരിത്രത്തിലെതന്നെ ഏറ്റവും മനോഹരമായ ലോകകപ്പിനായിരിക്കും ഖത്തർ സാക്ഷ്യംവഹിക്കുന്നത്. വിശ്വമേളയിലേക്ക് ലോകമെങ്ങുമുള്ള ഫുട്ബാൾ പ്രേമികളെയും സ്വാഗതംചെയ്യുന്നു -അമീർ പറഞ്ഞു.