ആകാശ വിസ്മയമായി ഒറിയനിഡ് ഉൽക്കാവർഷം
text_fieldsദോഹ: ഖത്തറിലെ താമസക്കാർക്ക് ആകാശ വിസ്മയമായി ഒറിയനിഡ് ഉൽക്കാവർഷം നേരിൽ കാണാം. ഒക്ടോബർ 21, ചെവ്വാഴ്ച വൈകീട്ട് മുതൽ ബുധനാഴ്ച പുലർച്ചെ വരെ ഈ ആകാശ വിസ്മയം നേരിൽ കാണാനുള്ള സുവർണാവസരമാണ് വന്നു ചേർന്നിരിക്കുന്നത്. സുപ്രധാന ഗോളശാസ്ത്ര പ്രതിഭാസമായ ഒറിയനിഡ് ഉൽക്കാവർഷം ആകാശത്ത് നഗ്നനേത്രം കൊണ്ട് കാണാനും നിരീക്ഷിക്കാനും കഴിയുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു
ആഗോളപരമായി 2006 മുതൽ തുടർച്ചയായി നിരീക്ഷിച്ചുവരുന്നതാണ് ഒറിയനിഡ് ഉൽക്കാവർഷം. സാധാരയായി എല്ലാവർഷവും ഒക്ടോബർ അവസാന വാരത്തിലാണ് ഇത് ദൃശ്യമാവുക. ഒക്ടോബർ രണ്ടു മുതൽ നവംബർ രണ്ടു വരെ സജീവമാണ് ഈ പ്രതിഭാസം. ഒക്ടോബർ 21നാണ് ഇത് ഉച്ചസ്ഥായിയിലെത്തുക. ഈ സമയത്ത് മണിക്കൂറിൽ ഏകദേശം 30 ഉൽക്കകൾ വരെ കാണാൻ സാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
പ്രകാശ മലിനീകരണം കുറഞ്ഞ സ്ഥലങ്ങളിലാണ് ഇത്തരം കാഴ്ചകൾ കൂടുതൽ ദൃശ്യമാകുക. ഖത്തറിലെ താമസക്കാർക്ക് നിരീക്ഷണ ഉപകരണങ്ങളുടെയോ ദൂരദർശിനിയുടെയോ സഹാമില്ലാതെ ഒറിയനിഡ് ഉൽക്കാവർഷം കാണാനാവും. ചൊവ്വാഴ്ച രാത്രി 10 മണി മുതൽ ബുധനാഴ്ച പുലർച്ചെ വരെ ആകാശത്തിന്റെ കിഴക്കൻ ചക്രവാളത്തിൽ ഈ അത്ഭുത പ്രതിഭാസം നഗ്നനേത്രം കൊണ്ടുകാണാം. ഡിജിറ്റൽ കാമറകൾ ഉപയോഗിച്ച് ഒറിയനിഡ് ഉൽക്കാവർഷത്തിന്റെ ചിത്രങ്ങൾ പകർത്താനും കഴിയും.
ഒറിയനിഡ് ഉൽക്കകൾ കാണാനുള്ള ഏറ്റവും നല്ല സ്ഥലങ്ങൾ ഇരുണ്ട പ്രദേശങ്ങളാണ്. പ്രകാശവും പരിസ്ഥിതി മലിനീകരണവും ഉൽക്കകളുടെ കാഴ്ചയെ തടസ്സപ്പെടുത്തും. അതുകൊണ്ടുതന്നെ റെസിഡൻഷൽ ഏരിയകളിൽനിന്ന് അകലെയുള്ള പ്രദേശങ്ങളിലാകും ഉൽക്കാവർഷം വ്യക്തമായി കാണാൻ സാധിക്കുക.
പ്രശസ്തമായ ഹാലി വാൽനക്ഷത്രവുമായി ബന്ധപ്പെട്ടാണ് ഒറിയനിഡ് ഉൽക്കാവർഷം ഉണ്ടാകുന്നത്. എല്ലാ വർഷവും ഒക്ടോബറിലാണ് ഇത് സംഭവിക്കുന്നത്. ഭൂമി ഭ്രമണപഥത്തിൽ സൂര്യനെ ചുറ്റുകയും ഹാലി വാൽനക്ഷത്രത്തിന്റെ പൊടിപടലങ്ങൾക്ക് സമീപം കൂടി കടന്നുപോകുകയും ചെയ്യും. വാൽനക്ഷത്ര കണികകൾ അവശേഷിപ്പിച്ച സൂക്ഷ്മ അവശിഷ്ടങ്ങൾക്കും പൊടിപടലങ്ങൾക്കും സമീപത്തുകൂടി ഭൂമി കടന്നുപോകുന്നതിന്റെ ഫലമായാണ് ഉൽക്കാവർഷം ഉണ്ടാകുന്നത്. വാൽനക്ഷത്ര കണികകൾ ഭൂമിയുടെ അന്തരീക്ഷവുമായി വിഭജിക്കുകയും ഒരു വെടിക്കെട്ട് പോലെ ആകാശത്ത് ദൃശ്യമാവുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

