എഫ്-15 പോർവിമാനങ്ങളുടെ പുതിയ ബാച്ച് ഈ വർഷമെത്തും
text_fieldsഅമീരി ഫോഴ്സിന്റെ അബാബിൽ എഫ്.15 ക്യു.എ വിമാനം -ഇൻസൈറ്റിൽ കുൽജിത് ഘട്ട ഓറ
ദോഹ: എഫ് 15 ക്യു.എ പോർവിമാനങ്ങളുടെ രണ്ടാം ബാച്ച് ഈ വർഷത്തോടെ ഖത്തർ അമീരി വ്യോമസേനക്ക് കൈമാറുമെന്ന് ബോയിങ് മിഡിലീസ്റ്റ്, തുർക്കി, ആഫ്രിക്ക പ്രസിഡൻറ് കുൽജിത് ഘട്ട ഓറ അറിയിച്ചു.
ഖത്തറും അമേരിക്കയും 2017ൽ ഒപ്പുവെച്ച കരാറിന്റെ ഭാഗമായാണ് എഫ്-15 ക്യു.എ വിമാനങ്ങൾ ഖത്തറിലെത്തുന്നത്. ഖത്തർ അമീരി വ്യോമസേനക്കായി 36 എഫ്-15 യുദ്ധവിമാനങ്ങൾ നിർമിക്കുന്നതിന് 620 കോടി ഡോളറിന്റെ കരാറാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് ബോയിങ്ങിന് നൽകിയിരുന്നത്. അബാബീൽ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എഫ്-15 ക്യു.എ പോർവിമാനങ്ങളുടെ ആദ്യബാച്ച് കഴിഞ്ഞവർഷം അവസാനത്തോടെ ഖത്തറിലെത്തിയിരുന്നു. പുതിയ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് അബാബീൽ യുദ്ധവിമാനങ്ങൾ ഖത്തറിലെത്തിക്കുന്നത്.
ഇലക്ട്രോണിക് ഫ്ലൈറ്റ് കൺട്രോൾ, ഓൾ ഗ്ലാസ് ഡിജിറ്റൽ കോക്പിറ്റ്, അത്യാധുനിക സെൻസറുകൾ, നൂതനമായ റഡാർ സാങ്കേതികവിദ്യ, ഡിജിറ്റൽ എൻജിനീയറിങ്ങിലൂടെയുള്ള ഇലക്ട്രോണിക് വാർഫെയർ കേപബിലിറ്റി എന്നിവ ഉൾപ്പെടുന്ന പുതുതലമുറ എയർക്രാഫ്റ്റ് സാങ്കേതികവിദ്യയാണ് അബാബീലിനുള്ളത്. ഖത്തറിന്റെ ആകാശത്ത് പുതിയ കാവൽഭടന്മാരായി ഇനി എഫ്-15 ക്യു.എ അബാബീൽ പോർവിമാനങ്ങൾ റോന്തുചുറ്റും. ഖത്തർ അമീരി എയർഫോഴ്സിന് കൂടുതൽ കരുത്തുപകരാനും എഫ്-15 ക്യു. എക്കാകും.
കെ.സി-46 പെഗാസസ്, സി.എച്ച്-47 ചിനൂക് വിമാനങ്ങൾ കൈമാറുന്നതുസംബന്ധിച്ച് ഖത്തരി അമീരി വ്യോമസേനയുമായി ചർച്ചയിലാണെന്നും ഇതുവരെ വിമാനങ്ങൾ കൈമാറുന്നതുസംബന്ധിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ലെന്നും കുൽജിത് ഓറ വ്യക്തമാക്കി. 'ദി പെനിൻസുല'ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.
ഖത്തറിൽ ഈയിടെ സമാപിച്ച ഡിംഡെക്സ് 2022ൽ ബോയിങ്ങിൽനിന്നുള്ള പുതുതലമുറ പോർവിമാനങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചിരുന്നു. എഫ്-15, കെ.സി-46, ടി-7 അത്യാധുനിക പൈലറ്റ് ട്രെയിനിങ് സംവിധാനം, എച്ച്-47 ചിനൂക്, എയർബോൺ ഏർലി വാണിങ് ആൻഡ് കൺട്രോൾ, എയർപവർ ടീമിങ് സിസ്റ്റം തുടങ്ങിയവ പ്രദർശനത്തിൽ ശ്രദ്ധേയമായിരുന്നു. ബോയിങ്ങിന് തങ്ങളുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കാനും അവതരിപ്പിക്കുന്നതിനുമുള്ള സുപ്രധാന അന്താരാഷ്ട്ര വേദിയാണ് ഡിംഡെക്സെന്നും കുൽജിത് വ്യക്തമാക്കി. ബോയിങ്ങിന് ഖത്തറുമായി വലിയ ബന്ധമാണ് നിലവിലുള്ളതെന്നും ഖത്തറിൽ മാത്രം വിവിധ സെക്ഷനുകളിലായി 264 ജീവനക്കാർ ബോയിങ്ങിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധ മേഖലക്കുപുറമെ, ഖത്തർ എയർവേസുമായും ബോയിങ്ങിന് വലിയ പങ്കാളിത്തമുണ്ട്. ബോയിങ്ങിന്റെ 777-8 ഫ്രൈറ്റർ ലോഞ്ച് കസ്റ്റമർ കൂടിയാണ് ഖത്തർ എയർവേസ്. കൂടാതെ 737-10 പാസഞ്ചർ എയർക്രാഫ്റ്റ് സംബന്ധിച്ചും ഖത്തർ എയർവേസ്-ബോയിങ് കരാർ ഒപ്പുവെച്ചിട്ടുണ്ട്. 2006ലാണ് ഖത്തർ എയർവേസും ബോയിങ്ങും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

