അമേരിക്കൻ സാമൂഹ്യ പ്രവർത്തകയുടെ കൊല; അപലപിച്ച് ഖത്തർ
text_fieldsദോഹ: വെസ്റ്റ്ബാങ്കിലെ ഇസ്രായേൽ അനധികൃത കുടിയേറ്റത്തിനെതിരെ സമാധാനപരമായ മാർഗങ്ങളിലൂടെ പ്രതിഷേധിച്ച തുർക്കിഷ് അമേരിക്കൻ സാമൂഹിക പ്രവർത്തക അയിസിനുർ എസ്ഗി ഇസയെ കൊലപ്പെടുത്തിയ അധിനിവേശ സേനയുടെ നടപടിയിൽ പ്രതിഷേധമറിയിച്ച് ഖത്തർ.
വെള്ളിയാഴ്ചയായിരുന്നു വടക്കൻ വെസ്റ്റ്ബാങ്കിലെ ബെയ്തയിൽ ഇസ്രായേൽ അധിനിവേശ സേന അമേരിക്കൻ പൗരത്വമുള്ള അയിസെനൂറിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.
അധിനിവേശക്കാരിൽനിന്നും കുടിയേറ്റക്കാരിൽനിന്നും ഫലസ്തീനികളുടെ കൃഷിഭൂമി സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്നു ‘ഫാസ’ കാമ്പയിനിന്റെ ഭാഗമായ സന്നദ്ധ സേവനത്തിനിടെയാണ് തുർക്കിഷ് വംശജയായ 26കാരി കൊല്ലപ്പെട്ടത്. മനുഷ്യാവകാശങ്ങളെല്ലാം കാറ്റിൽപറത്തിയുള്ള നടപടിയാണ് അധിനിവേശ സേന തുടരുന്നതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
മനുഷ്യവകാശ പ്രവർത്തകർക്കും സന്നദ്ധ സേവകർക്കുമെതിരെയും ആക്രമണം തുടരുകയാണ്. ഇതിനിടയിലും, അന്താരാഷ്ട്ര സമൂഹം പാലിക്കുന്ന മൗനം ഇസ്രായേൽ അധിനിവേശ സേനയെ ക്രൂരതകൾ ആവർത്തിക്കാൻ പ്രേരണ നൽകുന്നതാണ്.
അധിനിവേശ സേനയുടെ വെടിയുണ്ടകൾക്കും അടിച്ചമർത്തലുകൾക്കും അന്താരാഷ്ട്രതലത്തിൽ നിന്നുയരുന്ന സ്വതന്ത്ര ശബ്ദങ്ങളെയും പ്രവർത്തനങ്ങളെയും തളർത്താനാവില്ല. സ്വതന്ത്ര ഫലസ്തീൻ എന്ന ആവശ്യവും സത്യം വിളിച്ചുപറയലും കൂടുതൽ ശക്തിയോടെ തുടരും -ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

