റിക്രൂട്ട്മെന്റ് ഓഫിസ് ഉടമകളുമായി ചർച്ച നടത്തി തൊഴിൽ മന്ത്രാലയം
text_fieldsറിക്രൂട്ട്മെന്റ് ഓഫിസ് ഉടമകളുമായി തൊഴിൽ മന്ത്രാലയം അധികൃതർ കൂടിക്കാഴ്ച നടത്തുന്നു
ദോഹ: വിദേശത്തുനിന്ന് മൂന്നാം കക്ഷികൾക്കായി ജീവനക്കാരെ റിക്രൂട്ട്ചെയ്യുന്ന റിക്രൂട്ട്മെന്റ് കമ്പനികളുമായി തൊഴിൽ മന്ത്രാലയത്തിന് കീഴിലെ തർക്ക, പരാതി പരിഹാര സമിതി പ്രഥമ കൂടിക്കാഴ്ച നടത്തി. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനങ്ങൾ, നടപടികൾ, നിർദേശങ്ങൾ എന്നിവയെക്കുറിച്ച് കമ്പനികളെ ബോധവത്കരിക്കുകയും പഠിപ്പിക്കുകയും ചെയ്യുക, പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരമുയർത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു തൊഴിൽ മന്ത്രാലയം യോഗം സംഘടിപ്പിച്ചത്.
തൊഴിൽ വിപണിയിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനുള്ള തീരുമാനങ്ങളും നിർദേശങ്ങളും നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിന് റിക്രൂട്ട്മെന്റ് ഓഫിസ് ഉടമകളുമായി ആശയവിനിമയം നടത്തുകയെന്ന മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമായിരുന്നു യോഗം. തൊഴിൽ കയറ്റുമതി രാജ്യങ്ങളുമായി റിക്രൂട്ട്മെന്റ് ഓഫിസുകൾ നേരിടുന്ന വെല്ലുവിളികളും സർക്കാർ ഏജൻസികളുമായി ഓഫിസുകൾ നേരിടുന്ന പ്രയാസങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
തൊഴിലാളികൾ ഓഫിസിൽ തിരിച്ചെത്തിയാൽ തുക തിരികെ നൽകുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും സൗകര്യങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയും പൗരന്മാർക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും വേഗത്തിലാക്കുകയും അവർക്ക് മികച്ച സേവനങ്ങൾ നൽകുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും കമ്മിറ്റി അംഗങ്ങൾ ഊന്നിപ്പറഞ്ഞു.
ഇരുകക്ഷികളുടെയും (ലൈസൻസ് ഉടമയുടെയും തൊഴിലുടമയുടെയും) അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം തൊഴിൽ വിപണിയിൽ പ്രത്യേകിച്ച് ഗാർഹിക തൊഴിലാളികൾക്ക് മികച്ച സേവനങ്ങളും സൗകര്യങ്ങളും നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് അവർ വിശദീകരിച്ചു. റിക്രൂട്ട്മെന്റ് ഓഫിസുകൾ സമർപ്പിക്കുന്ന എല്ലാ അപേക്ഷകളിലും അന്വേഷണങ്ങളിലും പ്രതികരിക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ച സമിതി അംഗങ്ങൾ, റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളെയും ഏകോപിപ്പിക്കുന്നതിന് ഇടക്കിടെ യോഗം ചേരുമെന്നും വ്യക്തമാക്കി.