വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സമ്മർ സ്റ്റുഡന്റ് സെന്ററുകൾ സമാപിച്ചു
text_fieldsവിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച സമ്മർ സ്റ്റുഡന്റ് സെന്ററിൽ നടത്തിയ പരിപാടിയിൽനിന്ന്
ദോഹ: വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിന്ന സമ്മർ സ്റ്റുഡന്റ് സെന്ററുകൾ സമാപിച്ചു. കായിക യുവജനകാര്യ മന്ത്രാലയവുമായും വിവിധ സർക്കാർ വിഭാഗങ്ങളുമായും വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക സ്ഥാപനങ്ങളുമായും സഹകരിച്ച് എട്ട് പബ്ലിക് സ്കൂളുകളിലായി സംഘടിപ്പിച്ച പരിപാടിയിൽ 1800ലധികം വിദ്യാർഥികൾ പങ്കെടുത്തു.
വിദ്യാർഥികളുടെ വ്യക്തിപരവും നേതൃപരവുമായ കഴിവുകൾ വികസിപ്പിക്കുക, ദേശീയ സ്വത്വവും പൗരത്വത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും മൂല്യങ്ങൾ വളർത്തിയെടുക്കുക, സർഗാത്മക ചിന്താശേഷി വളർത്തുക, മാനസികവും -ശാരീരികവുമായ ക്ഷേമം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യമിട്ടാണ് വേനലവധിക്കാലത്ത് സമ്മർ സ്റ്റുഡന്റ് സെന്റർ പരിപാടി നടത്തിയത്.
ഉയർന്ന പരിശീലനം ലഭിച്ച അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥരുടെ സേവനം പരിപാടികളിൽ ഉറപ്പാക്കിയിരുന്നു. വിദ്യാർഥികളുടെ കഴിവുകൾ കണ്ടെത്തുന്നതിനും അവ പരിപോഷിപ്പിക്കുന്നതിനും മന്ത്രാലയങ്ങളിൽനിന്നും പൊതു -സ്വകാര്യ സ്ഥാപനങ്ങളിൽനിന്നും വിദ്യാഭ്യാസ കേന്ദ്രങ്ങളിൽനിന്നുമുള്ള അധ്യാപകരുടെ മേൽനോട്ടം ഏർപ്പെടുത്തിയിരുന്നു.
ഈ വർഷത്തെ പരിപാടിയിൽ കല, സംസ്കാരം, സർഗാത്മകത, ഡിസൈൻ, സുസ്ഥിരത, കാലാവസ്ഥ വ്യതിയാനം, ഇസ്ലാമിക വിദ്യാഭ്യാസം, സയൻസ്, ടെക്നോളജി, സോഷ്യൽ ആക്ടിവിറ്റീസ്, കമ്യൂണിക്കേഷൻസ് സ്കിൽസ് എന്നിവയുൾപ്പെടെ 550ലധികം വൈവിധ്യമാർന്ന വിഷയങ്ങൾ സംഘടിപ്പിച്ചിരുന്നു.
കായികം, ആരോഗ്യം, പോഷകാഹാരം, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ സൊലൂഷൻസ്, ദേശീയ സ്വത്വവും വിദ്യാഭ്യാസ മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ, ഇലക്ട്രോണിക് പെയിന്റിങ് -ഡിജിറ്റൽ ഡിസൈൻ വർക്ക്ഷോപ്പുകൾ, വിദ്യാർഥി ഗായകസംഘത്തിന്റെ രൂപവത്കരണം, ആരോഗ്യ, വിനോദ, കായിക പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സന്ദർശനം എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തി.
വിദ്യാർഥികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് ഈ കേന്ദ്രങ്ങൾ ശ്രദ്ധേയമായ പങ്കുവഹിച്ചതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂൾ -വിദ്യാർഥി വിഭാഗം ഡയറക്ടർ മർയം അലി അൽ നസിഫ് അൽ ബുഐനൈൻ പറഞ്ഞു. വിദ്യാഭ്യാസ സമ്പ്രദായത്തെ ശക്തിപ്പെടുത്തുന്നതിനും വിദ്യാർഥികളുടെ സർഗാത്മകത പ്രകടിപ്പിക്കാനും ദേശീയ ഐഡന്റിറ്റിയോടും സാമൂഹിക മൂല്യങ്ങളോടുമുള്ള ബന്ധം ശക്തിപ്പെടുത്താനും ഭാവി വെല്ലുവിളികളെ നേരിടാൻ കഴിവുള്ള ആത്മവിശ്വാസമുള്ള ഒരു തലമുറയെ വളർത്തുന്നതിനും സഹായിക്കുന്നതാണ് സമ്മർ സ്റ്റുഡന്റ് സെന്ററുകളെന്ന് അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

