ശ്രദ്ധേയമായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ‘ബാക്ക് ടു സ്കൂൾ’ പരിപാടി
text_fieldsവിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച ബാക്ക് ടു സ്കൂൾ പരിപാടിക്കെത്തിയവർ
ദോഹ: പുതിയ അധ്യയന വർഷത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ‘ബാക്ക് ടു സ്കൂൾ’ പരിപാടി വിജയകരമായി പൂർത്തിയായതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള വിദഗ്ധർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥർ തുടങ്ങി 5000ത്തിലധികം പേർ പങ്കെടുത്തു.
പ്രഫഷനൽ വിദ്യാഭ്യാസ വികസനത്തിനും വിജ്ഞാന കൈമാറ്റത്തിനും ഊന്നൽ നൽകി ബാക്ക് ടു സ്കൂൾ പരിപാടിയിൽ ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് സെന്റർ പ്രത്യക പരിപാടി അവതരിപ്പിച്ചു.യാസർ അൽ ഹുസൈമി, തുബിയ അൽ ഖലീഫി, ഡോ. അബ്ദുറഹ്മാൻ അൽ ഹർമി, ഡോ. അബ്ദുൽ നാസർ ഫക്രു, അലാ അൽ അസ്ഫോർ തുടങ്ങിയ പ്രാദേശിക -അന്തർദേശീയ വിദഗ്ധർ നയിച്ച നിരവധി ശിൽപശാലകളും പ്രഭാഷണങ്ങളും ഇതിന്റെ ഭാഗമായി നടന്നു.വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള പഠന വിനോദ പരിപാടികളും ഇതിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു.
സമാപന ചടങ്ങിൽ ‘സക്സസ്ഫുൾ ബിഗിനിങ്’ പരിപാടിയുടെ ബിരുദധാരികളെ ആദരിച്ചു. വാർഷിക വിദ്യാഭ്യാസ സംഗമം, അധ്യാപകരുടെ പ്രോജക്ട് പ്രദർശനം, പ്രത്യേക ശിൽപശാലകൾ, കുടുംബ- സൗഹൃദ പരിപാടികൾ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു പ്ലാറ്റ്ഫോമാണ് ബാക്ക് ടു സ്കൂളെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സുസ്ഥിര വികസനത്തിന് സംഭാവന ചെയ്യാൻ കഴിവുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ഖത്തർ നാഷനൽ വിഷൻ 2030ന് അനുസൃതമായി വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താനും സമൂഹിക പങ്കാളിത്തം ശക്തിപ്പെടുത്താനും മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയായാണ് പരിപാടി നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

