സകാത് സഹായമായി ഔഖാഫ് മന്ത്രാലയം നൽകിയത് നാല് കോടി റിയാൽ
text_fieldsദോഹ: ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിന്റെ സകാത് വിഭാഗം ജൂലൈ മാസത്തിൽ നൽകിയത് 40,336,734 ഖത്തർ റിയാലിന്റെ (96 കോടി രൂപ) സാമ്പത്തിക സഹായം.
രാജ്യത്തുടനീളമുള്ള 4,500 കുടുംബങ്ങൾക്കാണ് ഈ സഹായമെത്തിച്ചത്. സകാത് ദാതാക്കളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിനും മതപരമായ മാർഗനിർദേശങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി അതിന്റെ യഥാർഥ ഗുണഭോക്താക്കൾക്ക് എത്തിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് സകാത് വിതരണ വിഭാഗം മേധാവി സഈദ് ഹാദി അൽ മാരി പറഞ്ഞു.
ജൂലൈയിൽ രണ്ട് പ്രധാന കാറ്റഗറികളായി തിരിച്ചാണ് വിതരണം ചെയ്തത്. ഒന്നാമതായി, ഭക്ഷണം, പാർപ്പിടം, ഉപജീവനമാർഗം എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കുടുംബങ്ങൾക്ക് നൽകുന്ന പതിവ് പ്രതിമാസ സഹായമാണ്. ഇതിനായി 1.63 കോടി ഖത്തർ റിയാലാണ് നീക്കിവെച്ചത്.
ചികിത്സ സഹായം, വിദ്യാഭ്യാസ ഫീസ്, കടങ്ങൾ തീർക്കുക, വീട് നിർമാണ സഹായം, ഖത്തറിൽ താമസിക്കുന്ന ഗസ്സയിലെ കുടുംബങ്ങൾക്കുള്ള സഹായം എന്നിവ അടങ്ങുന്നതാണ് രണ്ടാമത്തെ വിഭാഗത്തിൽ ആകെ 2.4 കോടി ഖത്തർ റിയാൽ ചെലവഴിച്ചു.
ഖത്തറിൽ രജിസ്റ്റർ ചെയ്ത കുടുംബങ്ങൾക്കാണ് എല്ലാ സഹായങ്ങളും നൽകുന്നതെന്നും ഓരോ കേസും പരിശോധിച്ചും അർഹത ഉറപ്പാക്കിയശേഷവുമാണ് സഹായം അനുവദിക്കുന്നതെന്നും സകാത് വിതരണ വിഭാഗം മേധാവി പറഞ്ഞു. സഹായത്തിനായുള്ള അപേക്ഷകൾ വകുപ്പിന്റെ വെബ്സൈറ്റ് വഴി സമർപ്പിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

