ഉന്നതവിജയികളെ നേരിട്ട് അഭിനന്ദിച്ച് മന്ത്രി
text_fieldsവിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട വിഡിയോയിൽനിന്ന്
ദോഹ: സ്കൂള്‍ പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ നേരിട്ട് അഭിനന്ദിച്ച് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി. അപ്രതീക്ഷിതമായ ഒരു ഫോണ്‍കാൾ... പരീക്ഷയില്‍ ഉന്നതവിജയം നേടിയതിന്റെ അഭിനന്ദനം അറിയിച്ചാണ് കാള്‍. മറുതലക്കല്‍ മന്ത്രിയാണെന്ന് അറിഞ്ഞതോടെ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആശ്ചര്യം. ചിലര്‍ക്ക് മന്ത്രി നേരിട്ട് വിളിച്ചതിലെ ആഹ്ലാദം അടക്കിവെക്കാനായില്ല. ഉന്നതവിജയത്തിനൊപ്പം മന്ത്രിയുടെ അഭിനന്ദന കാള്‍ കൂടി എത്തിയതോടെ ഇരട്ടിമധുരം. മികച്ച വിജയം നേടിയ കുട്ടികളെയും രക്ഷിതാക്കളെയും വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതിർ നേരിട്ട് വിളിച്ച് അഭിനന്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട സർക്കാർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് ഫൈനൽ പരീക്ഷയിൽ മികച്ച വിജയമാണുണ്ടായത്. 15,672 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 9534 പേർക്ക് 70 ശതമാനത്തിലധികം മാർക്ക് ലഭിച്ചു. പരീക്ഷയിൽ 30 വിദ്യാർഥികൾ മുഴുവൻ മാർക്കും കരസ്ഥമാക്കി. മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് റിസൽട്ട് പ്രഖ്യാപിച്ച ശേഷം മന്ത്രി മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെയും മാതാപിതാക്കളെയും അഭിനന്ദിച്ചിരുന്നു.
എല്ലാവരുടെയും കൂട്ടായ ശ്രമങ്ങളുടെ ഫലമാണ് ഈ വിജയമെന്നും അവർ സൂചിപ്പിച്ചു. നേരത്തേ, ഖത്തറിന്റെ അന്താരാഷ്ട്ര സഹകരണ മന്ത്രിയായിരുന്ന ലുൽവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതിർ ഗസ്സയില്‍ ഉള്‍പ്പെടെ സന്ദര്‍ശനം നടത്തി ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോൾ വിദ്യാർഥികളെ അഭിനന്ദിച്ചുള്ള ഖത്തര്‍ വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഈ വിഡിയോക്ക് വന്‍ കൈയടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

