ഉച്ചവിശ്രമനിയമം ഇന്ന് അവസാനിക്കും; തൊഴിലിടങ്ങൾ വീണ്ടും സജീവമാകും
text_fieldsദോഹ: വേനൽക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കടുത്ത ചൂടിൽ നിന്നുള്ള ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ട് ഖത്തറിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന ഉച്ചവിശ്രമനിയമം ഇന്ന് അവസാനിക്കും. നാളെ മുതൽ നിർമാണ മേഖലകളിലും മറ്റ് തുറസ്സായ സ്ഥലങ്ങളിലുമുള്ള ജോലികൾ വീണ്ടും സജീവമാകും.
അന്തരീക്ഷ താപനിലയും ഹുമിഡിറ്റിയും ക്രമേണ കുറയുന്ന സാഹചര്യത്തിലാണ് ഉച്ചവിശ്രമ നിയമത്തിന്റെ കാലാവധി അവസാനിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയിലും പൊടിക്കാറ്റും വീർപ്പുമുട്ടിക്കുന്ന ഹുമിഡിറ്റിയും വലിയ ആശ്വാസം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റത്തിന്റെ തുടക്കം കുറിക്കുന്ന സുഹൈൽ നക്ഷത്രം ആഗസ്റ്റ് 24-ന് ആകാശത്ത് ദൃശ്യമായിരുന്നു.
സുഹൈൽ സീസണിന്റെ രണ്ടാം ഘട്ടമായ 'അൽ ജബ്ഹ' പ്രവേശിച്ചതോടെ പകൽ ചൂടിന്റെ കാഠിന്യം കുറയുകയും രാത്രികാലങ്ങളിൽ സുഖകരമായ അന്തരീക്ഷം അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ താപനില ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂൺ 1 മുതലാണ് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചവിശ്രമം നിർബന്ധമാക്കി തൊഴിൽ മന്ത്രാലയം ഉത്തരവിറക്കിയത്. രാവിലെ 10 മണി മുതൽ ഉച്ചക്ക് 3.30 വരെയായിരുന്നു പുറംജോലികൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നത്. തുറസ്സായ സ്ഥലങ്ങളിലോ, വെയിലത്തോ ജോലി ചെയ്യുന്ന നിർമാണ മേഖലയിലെ തൊഴിലാളികൾ, തോട്ടങ്ങളിലും പൊതു പാർക്കുകളിലും തുറസ്സായ ഇടങ്ങളിലും ജോലി ചെയ്യുന്നവർ, സുരക്ഷാ ജീവനക്കാർ തുടങ്ങിയവർക്കാണ് നിയമം ബാധകമായിരുന്നത്.
കൂടാതെ, ബൈക്കുകളിൽ സാധനങ്ങൾ എത്തിച്ചുനൽകുന്ന ഫുഡ് /ഓൺലൈൻ ഡെലിവറി ജീവനക്കാർക്കും നിയന്ത്രണമുണ്ടായിരുന്നു. വേനൽക്കാലത്തെ കടുത്ത ചൂടിൽ തൊഴിലാളികൾക്ക് ഉണ്ടാകുന്ന സൂര്യാഘാതം, ഹീറ്റ് സ്ട്രെസ് എന്നിവ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവർഷവും ഉച്ചവിശ്രമനിയമം നടപ്പാക്കുന്നത്. സാധാരണ എല്ലാ വർഷവും ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ യുള്ള കാലയളവിലാണ് ഉച്ചവിശ്രമ നിയമം നടപ്പാക്കാറുള്ളത്.
നിയമം കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ തൊഴിൽ മന്ത്രാലയത്തിന്റെ പ്രത്യേക പരിശോധനാ വിഭാഗം രാജ്യത്തുടനീളം കർശന പരിശോധനകളും ഇക്കാലയളവിൽ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ, മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തൊഴിലിടങ്ങളില്‍ വിവിധ കാമ്പുകളിലും ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിനുകളും നിരവധി പ്രചരണ ക്യാമ്പയിനുകളും സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

