പ്രിയ സുഹൃത്തിന്റെ വേര്‍പാട് തീരാനഷ്ടം -സൈനുല്‍ ആബിദീന്‍
text_fieldsദോഹ: പ്രിയ സുഹൃത്തും ഖത്തര്‍ കേരള ഇസ്ലാമിക് സെന്റര്‍ വൈസ് ചെയര്‍മാനും ദോഹയിലെ പ്രമുഖ വ്യവസായിയുമായിരുന്ന സി.വി. മുഹമ്മദ് ഹാജിയുടെ (ചങ്ങരംകുളം) വേര്‍പാട് തീരാനഷ്ടമാണെന്ന് സഫാരി ഗ്രൂപ്പ് ഓഫ് ഖത്തര്‍ ഡെപ്യൂട്ടി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
'ഖത്തറില്‍ എത്തിയ കാലം തൊട്ട് എന്റെ ഏറ്റവും അടുത്ത സുഹൃത്തും സഹോദരതുല്യനുമായിരുന്നു അദ്ദേഹം. ബാങ്കിങ് മേഖലകളില്‍ അധികമൊന്നും മലയാളി സാനിധ്യം ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍ ഖത്തര്‍ നാഷണല്‍ ബാങ്കിലായിരുന്നു അദ്ദേഹത്തിന്റെ ജോലി. അന്ന് തുടങ്ങിയ സൗഹൃദം, ഇക്കാലം വരെയും അതേ ആഴത്തിലും ഊഷ്മളതയിലും നിലനിര്‍ത്താന്‍ സാധിച്ചു.
വ്യക്തിജീവിതത്തിലും പൊതുരംഗത്തും ഏറെ പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം. ഖത്തറിലെ സാമൂഹിക, സാംസ്കാരിക, മത സംഘടനകളില്‍ അദ്ദേഹം സജീവമായി നിലകൊണ്ടു. ഖത്തര്‍ ഇസ്ലാമിക് സെന്ററിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ അദ്ദേഹം സംഘടനയുടെ വളര്‍ച്ചക്കായി അഹോരാത്രം പ്രവര്‍ത്തിച്ച മുന്‍നിരക്കാരില്‍ ഒരാളായിരുന്നു. ഞാൻ ഖത്തര്‍ കേരള ഇസ്ലാമിക് സെന്ററിന്റെ ചെയര്‍മാനായും, എ.വി. അബൂബക്കര്‍ ഖാസിമി പ്രസിഡന്റായും സേവനമനുഷ്ഠിച്ച കാലയളവില്‍ സി.വി. മുഹമ്മദ് ഹാജിയായിരുന്നു ട്രഷറര്‍. പിന്നീട് വൈസ് ചെയര്മാന് പദവി ഉള്‍പ്പെടെയുള്ള നിരവധി സ്ഥാനങ്ങള്‍ വഹിച്ചപ്പോഴും അദ്ദേഹത്തിന്റെ സജീവമായ പിന്തുണ എന്നും ലഭിച്ചിട്ടുണ്ട്. മര്‍ഖിയയിലെ ഫ്ലവര്‍ റെസ്റ്റാറന്റ് ഉടമയായ അദ്ദേഹം ഖത്തറിലെ വ്യാവസായിക -വ്യാപാര രംഗങ്ങളിലും സജീവമായി ഇടപെട്ടിരുന്നു.
ഒരു സുഹൃത്ത് എന്നനിലയിലും സഹോദരന് എന്ന നിലയിലും അദ്ദേഹത്തിന്റെ വേര്‍പാട് സൃഷ്ടിച്ച വേദന ചെറുതല്ല. കരുണാനിധിയായ ദൈവം അദ്ദേഹത്തിന് പാപമോചനവും കാരുണ്യവും നല്കി അനുഗ്രഹിക്കട്ടെ, അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും കരുത്ത് നല്കട്ടെ എന്നും സൈനുല്‍ ആബിദീന്‍ അനുശോചന സന്ദേശത്തില്‍ വിശദീകരിച്ചു.
സി.വി. മുഹമ്മദ് ഹാജിയുടെ വിയോഗത്തിൽ ഖത്തര്‍ ഇസ്ലാമിക്ക് സെന്റർ വര്‍ക്കിങ് പ്രസിഡന്റ് ഇസ്മാഈല്‍ ഹുദവിയും ജനറല്‍ സെക്രട്ടറി സകരിയ മാണിയൂരും മറ്റ് ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

