ലീഗും സമസ്തയും അഭേദ്യമായ ബന്ധം -ജിഫ്രി തങ്ങൾ
text_fieldsജിഫ്രി തങ്ങളും സാദിഖലി തങ്ങളും ദോഹയിൽ നടന്ന സാദാത്ത് അസോസിയേഷന് പരിപാടിക്കിടെ
ദോഹ: സമസ്തയും മുസ്ലിം ലീഗും തമ്മിലെ ബന്ധം അഭേദ്യമാണെന്ന് വ്യക്തമാക്കി സംഘടന അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ഇരു വിഭാഗങ്ങളും തമ്മിലെ ബന്ധം വഷളാകുന്നുവെന്ന വാർത്തകൾക്കിടെ, ഖത്തറിൽ മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങൾക്കൊപ്പം ഒന്നിച്ചിരുന്നാണ് ജിഫ്രി തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്. ‘‘സമസ്തയെയും ലീഗിനെയും തെറ്റിക്കാൻ ആർക്കും കഴിയില്ല. സമസ്തയും പാണക്കാട് തങ്ങള്‍മാരും ദൃഢബന്ധം ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തകരില്ല. ഇക്കാര്യം പലതവണ പറഞ്ഞിട്ടുള്ളതാണ്.
ചില ആളുകളുടെ മസ്തിഷ്കത്തിൽ തോന്നുന്നത് പറയുന്നു. അതുവെച്ച് സമുദായത്തെ തകർക്കാമെന്ന് കരുതേണ്ട. പണ്ഡിതരെയും തങ്ങൾമാരെയും ചിലർ ആക്ഷേപിക്കുന്നു. അവർക്ക് മറുപടി പറയാന്‍ മാന്യത സമ്മതിക്കുന്നില്ല’’ -ശനിയാഴ്ച രാത്രിയിൽ നടന്ന ഖത്തർ ഇസ്ലാമിക് സെൻറർ യോഗത്തിൽ പങ്കെടുത്തുകൊണ്ട് ജിഫ്രി തങ്ങൾ പറഞ്ഞു. ജിഫ്രി തങ്ങൾക്കൊപ്പം യോഗത്തിൽ പങ്കെടുത്ത മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളും നിലപാട് വ്യക്തമാക്കി.
സമസ്തയുമായുള്ള ബന്ധത്തില്‍ പാണക്കാട് കുടുംബത്തിന് ഒരിഞ്ച് പിന്നോട്ടുപോകാനാവില്ലെന്നും ലീഗിനെയും സമസ്തയെയും ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് സമുദായത്തിന്റെ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു. ലീഗിന് സമസ്ത എന്നും ഏറെ സവിശേഷപ്പെട്ടതാണ്. എപ്പോഴും ഒരുപടി മുകളിലാണ് സമസ്തയുടെ സ്ഥാനം -അദ്ദേഹം വിശദീകരിച്ചു. തട്ടം വിവാദത്തിലെ വാർത്തസമ്മേളനത്തിനിടെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ പ്രസ്താവന സമസ്തയിൽ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. തുടർന്ന് പി.എം.എ.
സലാമിനെതിരെയും അബ്ദുറഹ്മാൻ കല്ലായിക്കെതിരെയും സമസ്ത നേതാക്കൾ സാദിഖലി തങ്ങൾക്ക് പരാതി നൽകിയതുൾപ്പെടെ സംഭവ വികാസങ്ങൾക്കിടെയാണ് സാദിഖലി ശിഹാബ് തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും ഖത്തറിൽ ഒരേ വേദിയിൽ ഒന്നിച്ചത്. വെള്ളിയാഴ്ച സാദാത്ത് അസോസിയേഷന് സംഘടിപ്പിച്ച പരിപാടിക്കായിരുന്നു ഇരുവരുമെത്തിയത്.
സാദിഖലി തങ്ങള്‍ ഉദ്ഘാടകനായി. ജിഫ്രി തങ്ങളായിരുന്നു അധ്യക്ഷന്‍. മാധ്യമങ്ങളിലെയും സമൂഹ മാധ്യമങ്ങളിലെയും വിവാദങ്ങളൊന്നും ബാധിക്കാതെ സമസ്തയും ലീഗും തമ്മിലെ ദൃഢമായ ബന്ധം പ്രകടമാക്കുന്ന സൗഹാർദത്തോടെയാണ് ഇരു നേതാക്കളും പങ്കെടുത്തത്. മാധ്യമങ്ങളോട് സംസാരിക്കാന്‍ ഇരുനേതാക്കളും തയാറായില്ല. ഖത്തറിലെത്തിയത് ചര്‍ച്ചക്കു വേണ്ടിയല്ലെന്നും പൊതുപരിപാടിയില്‍ പങ്കെടുക്കാനാണെന്നുമായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. ലീഗ്-സമസ്ത തര്‍ക്കം മാധ്യമസൃഷ്ടിയാണെന്ന നിലപാട് തങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

