രാജ്യം ‘കളിയാറുമാസ’ത്തിലേക്ക്
text_fieldsദോഹ: 2025ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ രാജ്യം കാത്തിരിക്കുന്നത് ‘കളിയാറുമാസ’ത്തിന്. വരുന്ന ആറു മാസത്തിൽ ലോകോത്തര കായിക മാമാങ്ക ലഹരിയിലാകും രാജ്യം. ഡിസംബർ വരെയുള്ള മാസങ്ങളിലായി ഫിഫ ടൂർണമെന്റുകൾ, ഫോർമുല വൺ റേസിങ് ഉൾപ്പെടെ അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനാണ് രാജ്യം ഒരുങ്ങുന്നത്. ഇതിൽ ഇടിയുടെ പൂരമായ യു.എഫ്.സി ഫൈറ്റ് നൈറ്റുമുണ്ട്.
ഒക്ടോബറിൽ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ഏഷ്യൻ യോഗ്യത മത്സരങ്ങളോടെ കായികമേളക്ക് ചൂടുപിടിക്കും. നവംബർ, ഡിസംബർ മാസങ്ങളിലായി ഫിഫ അണ്ടർ-17 ലോകകപ്പ്, ഫോർമുല വൺ റേസിങ്, ഫിഫ അറബ് കപ്പ്, ഇന്റർകോണ്ടിനെന്റൽ കപ്പ്, ട്രയത്ത് ലോൺ ലോക ചാമ്പ്യൻഷിപ് എന്നിവ നടക്കും. വൈവിധ്യമാർന്ന അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയാകുന്നതോടെ ആഗോള കായിക കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സാന്നിധ്യം ശക്തിപ്പെടും. വരും വർഷങ്ങളിലും രാജ്യത്ത് കൂടുതൽ കായിക മത്സരം അരങ്ങേറും. ലോകകപ്പ് ഫുട്ബാളിനായി ഒരുക്കിയ മികച്ച സ്റ്റേഡിയങ്ങൾ, 45ഓളം പരിശീലന മൈതാനം, താമസത്തിനുള്ള ഹോട്ടലുകളും മെട്രോ ഉൾപ്പെടെ യാത്രാ സൗകര്യം അങ്ങനെ സർവസജ്ജമായ അടിസ്ഥാന സംവിധാനങ്ങൾ വീണ്ടും ഉപയോഗപ്പെടുത്താനുള്ള വഴി യാഥാർഥ്യമാക്കുന്നതാണ് തുടരെയുള്ള കായികമത്സരങ്ങൾ.
ഈ വർഷം നടക്കാനിരിക്കുന്ന പ്രധാന കായികമേളകൾ;
ലോകകപ്പ് ഏഷ്യൻ യോഗ്യത മത്സരങ്ങൾ
ഒക്ടോബർ എട്ട് മുതൽ 14 വരെ, മൂന്ന് ദിവസങ്ങളിലാണ് ഖത്തറിലും സൗദി അറേബ്യയിലുമായി 2026 ലോകകപ്പിലേക്കുള്ള ഏഷ്യൻ ടീമുകളുടെ നാലാം റൗണ്ട് യോഗ്യത മത്സരങ്ങൾ നടക്കുന്നത്. ഖത്തർ, ഇറാഖ്, ഒമാൻ, ഇന്തോനേഷ്യ, യു.എ.ഇ, സൗദി അറേബ്യ ഉൾപ്പെടെ ആറു ടീമുകളുടെ മത്സരമാണ് അരങ്ങേറുക.
മൂന്ന് ടീമുകൾ അടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായാണ് മത്സരം. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യമെത്തുന്നവർ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യ നേടും. മറ്റുള്ള ടീമുകൾ അഞ്ചാം റൗണ്ടിലേക്ക് പിന്തള്ളപ്പെടും. ആതിഥേയ കരുത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ ലോകകപ്പ് യോഗ്യത നേടാനാണ് ഖത്തറിന്റെ ശ്രമം.
ഫിഫ അണ്ടർ17 ലോകകപ്പ്
ചരിത്രത്തിൽ ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന കൗമാര ഫുട്ബാളിന്റെ മഹാമേളയായ അണ്ടർ 17 ലോകകപ്പിന് നവംബർ മൂന്നു മുതൽ 27 വരെ ഖത്തർ ആതിഥേയത്വം വഹിക്കും. എട്ട് ഗ്രൗണ്ടുകൾ ഉൾക്കൊള്ളുന്ന അൽ റയ്യാനിലെ ആസ്പയർ സോണിലാണ് ഫൈനൽ ഒഴികെയുള്ള മത്സരങ്ങൾ നടക്കുക. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ഫൈനൽ. ഫുട്ബാൾ ടൂർണമെന്റ് എന്നതിനപ്പുറം ആരാധകർക്ക് ഒരൊറ്റ ഫാൻസോണിൽ ഉത്സവാന്തരീക്ഷത്തോടെയുള്ള ലോകകപ്പ് മത്സരങ്ങൾക്കാണ് ഖത്തർ വേദിയൊരുക്കുന്നത്. 2029വരെ തുടർച്ചയായ നാല് വർഷത്തേക്ക് ഖത്തർ തന്നെയാണ് അണ്ടർ 17 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. വർഷം തോറും ടൂർണമെന്റ് നടത്താനുള്ള ഫിഫയുടെ തീരുമാനത്തിന്റെ ഭാഗമായാണിത്.
ഫിഫ ഇന്റർ കോണ്ടിനെന്റൽ കപ്പ്
2025 ഡിസംബർ 10 മുതൽ 17 വരെ ഫിഫ കോൺഫെഡറേഷൻസ് കപ്പിന്റെ അവസാന മൂന്ന് മത്സരങ്ങൾക്ക് ഖത്തർ വീണ്ടും ആതിഥേയത്വം വഹിക്കും. ഇത് തുടർച്ചയായ രണ്ടാം വർഷമാണ് ഇന്റർകോണ്ടിനെന്റൽ കപ്പ് ടൂർണമെന്റിന്റെ സമാപനഘട്ടം ഖത്തറിൽ നടത്തുന്നത്. കഴിഞ്ഞ വർഷം ലുസൈലിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ റയൽ മഡ്രിഡ് ആയിരുന്നു ചാമ്പ്യന്മാർ.
യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയ പി.എസ്.ജിയാണ് ഈ സീസണിലെ ഫൈനലിസ്റ്റ്. ഡിസംബർ 10ന് അമേരിക്കൻ ചാമ്പ്യന്മാരെ കണ്ടെത്തുന്നതിനുള്ള അമേരിക്കൻ ഡെർബി കപ്പ് മുതലാണ് ഖത്തറിലെ മത്സരങ്ങളുടെ തുടക്കം. ഡിസംബർ 13ന് നടക്കുന്ന ചലഞ്ചർ കപ്പ് മത്സരത്തിൽ അമേരിക്കൻ കപ്പ് ജേതാക്കൾ, ആഫ്രിക്ക, ഏഷ്യ -പസഫിക് നോക്കൗട്ട് മത്സരത്തിലെ വിജയിയെ നേരിടും. ചലഞ്ചർ കപ്പ് വിജയിക്കുന്ന ടീമാകും 17ന് നടക്കുന്ന ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനലിൽ പി.എസ്.ജിയെ നേരിടുക.
ഫിഫ അറബ് കപ്പ്
ഫിഫ അറബ് കപ്പിന്റെ പതിനൊന്നാമത് പതിപ്പ് ഡിസംബർ ഒന്നു മുതൽ 18 വരെ ഖത്തറിൽ നടക്കും. ഇത് രണ്ടാം തവണയാണ് ഖത്തര് അറബ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അൽ ബെയ്ത്ത്, ലുസൈൽ, ഖലീഫ ഇന്റർനാഷനൽ, അഹമ്മദ് ബിൻ അലി, സ്റ്റേഡിയം 974, എജുക്കേഷൻ സിറ്റി എന്നിവയുൾപ്പെടെ ഖത്തറിലെ ആറ് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങർ അരങ്ങേറുക.
ഖത്തർ ദേശീയ ദിനമായ ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ അറബ് കപ്പിന്റെ ഫൈനൽ നടക്കും. ആഫ്രിക്ക, ഏഷ്യ എന്നീ കോൺഫെഡറേഷനുകളിൽ നിന്നുള്ള 16 ദേശീയ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഈ അറബ് കപ്പിന്റെ വർഷത്തേതും അടുത്ത രണ്ട് പതിപ്പുകൾക്കും (2029, 2033) ഖത്തർ തന്നെയാണ് ആതിഥേയത്വം വഹിക്കുക.
ടി100 ട്രയത്ത്ലൺ വേൾഡ് ചാമ്പ്യൻഷിപ്
ഡിസംബർ 11 മുതൽ 13 വരെ ഖത്തറിലാണ് ടി100 ട്രയത്ത്ലൺ വേൾഡ് ചാമ്പ്യൻഷിപ് ഫൈനൽസ് നടക്കുക. വിസിറ്റ് ഖത്തറും പ്രൊഫഷനൽ ട്രയത്ത്ലറ്റ്സ് ഓർഗനൈസേഷനും തമ്മിൽ ഒപ്പുവെച്ച 2029വരെ നീണ്ടുനിൽക്കുന്ന അഞ്ചു വർഷത്തെ ആതിഥേയത്വ കരാറിന്റെ തുടക്കമാണിത്.
രണ്ട് കിലോമീറ്റർ നീന്തൽ, 80 കിലോമീറ്റർ സൈക്കിൾ, 18 കിലോമീറ്റർ ഓട്ടം എന്നിവ ഉൾപ്പെടുന്ന 100 കിലോമീറ്റർ ഫോർമാറ്റിലാണ് ട്രയത്ത്ലൺ മത്സരം നടക്കുന്നത്. അമച്വർ അത് ലറ്റുകൾക്കായി പ്രത്യേക മത്സരങ്ങളും ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യു.എഫ്.സി ഫൈറ്റ് നൈറ്റ്
ലോകത്തിലെ മുൻനിര മിക്സഡ് മാർഷ്യൽ ആർട്സ് സംഘടനയായ യു.എഫ്.സി ആദ്യമായി ഖത്തറിലേക്ക് മത്സരവുമായി എത്തുകയാണ്. നവംബർ 22നാണ് വിസിറ്റ് ഖത്തറുമായി സഹകരിച്ച് ഖത്തറിൽ യു.എഫ്.സി ഫൈറ്റ് നൈറ്റ് നടത്തുന്നത്. ഖത്തറിലെയും മിഡിൽ ഈസ്റ്റിലുടനീളമുള്ള ആരാധകർക്കും ഗംഭീര ഫൈറ്റിങ് മത്സരത്തിന് നേരിട്ട് സാക്ഷ്യംവഹിക്കാം.
ദോഹയിലെ അത്യാധുനിക അലി ബിൻ ഹമദ് അൽ അതിയ്യ അറീനയിലാണ് മത്സരം. ആരാധകർക്ക് ടിക്കറ്റുകൾ നേരത്തേ ലഭിക്കുന്നതിന് ufc.com/qatar വഴി രജിസ്റ്റർ ചെയ്യാം.
ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ
2025ലെ ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ നവംബർ 28 മുതൽ 30 വരെ ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിൽ നടക്കും. 57 ലാപ്പുകളുള്ള, 308.6 കിലോമീറ്റർ സ്പ്രിന്റ് ഫോർമാറ്റിലാണ് മത്സരം. പരിശീലന സെഷനുകൾ, സ്പ്രിന്റ് യോഗ്യത, സ്പ്രിന്റ് റേസ്, ഗ്രാൻഡ് ഫിനാലെ അടക്കം അരങ്ങേറും.
2025 സീസണിൽ ഫോർമുല വൺ സ്പ്രിന്റ് ഇവന്റുകൾ നടക്കുന്ന ആറ് വേദികളിൽ ഒന്നാണ് ഖത്തർ. സീസണിന്റെ സമാപനവും ലുസൈൽ സർക്യൂട്ടിലാണ്. എഫ്.ഐ.എ ഫോർമുല വൺ വേൾഡ് ചാമ്പ്യൻഷിപ്പിന്റെ 75ാം വാർഷികാഘോഷവും ഇതോടനുബന്ധിച്ച് നടക്കും. 10 വർഷത്തേക്ക് ഫോർമുല വൺ റേസുകളിലൊന്നിന് ആതിഥേയത്വം വഹിക്കാനുള്ള കരാർ നേരത്തേ ഖത്തർ ഒപ്പുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

