കടലാമകൾക്കായൊരുങ്ങി ഫുവൈരിത്
text_fieldsകടലാമ പ്രജനന സീസൺ ഉദ്ഘാടനത്തിന്റെ ഭാഗമായി പരിസ്ഥിതി മന്ത്രിയുടെ നേതൃത്വത്തിൽ ഫുവൈരിത് ബീച്ച് ശുചീകരിക്കുന്നു
ദോഹ: കാലാവസ്ഥ ചൂടിലേക്ക് നീങ്ങിത്തുടങ്ങിയതിനു പിന്നാലെ പ്രജനന സീസണിന്റെ ഭാഗമായി മുട്ട ഇടാനായെത്തുന്ന കടലാമകളെ വരവേറ്റ് ഖത്തറിലെ പ്രധാന കേന്ദ്രമായ ഫുവൈരിത് ബീച്ച്. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനു കീഴിൽ ആരംഭിച്ച കടലാമ സീസണിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ നിർവഹിച്ചു.
വംശനാശ ഭീഷണി നേരിടുന്ന അപൂർവ ഇനങ്ങളിലൊന്നായ ഹോക്സ്ബിൽ കടലാമകളുടെ പ്രജനന സീസണിനാണ് ഫുവൈരിത് കടലോരത്ത് തുടക്കംകുറിച്ചത്. രാജ്യത്തിന്റെ തീര-കടൽ മേഖലയിലെ ജൈവവൈവിധ്യങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. രാജ്യത്തിന്റെ പ്രധാന പരിസ്ഥിതി സമ്പത്തുകളിലൊന്നായി കണക്കാക്കുന്ന കടലാമകളുടെ സംരക്ഷണം പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജി. അബ്ദുൽ അസീസ് ബിൻ അഹ്മദ് അൽ മഹ്മൂദ് പറഞ്ഞു.
ഖത്തർ യൂനിവേഴ്സിറ്റി, ഖത്തർ എനർജി എന്നിവയുമായി സഹകരിച്ച് നടത്തുന്ന സംരക്ഷണ പദ്ധതി മൂന്നാം പതിറ്റാണ്ടിലേക്കാണ് പ്രവേശിക്കുന്നത്.പുതിയ ഇൻകുബേഷൻ സംവിധാനവും ഗവേഷകരുടെ നേതൃത്വത്തിലുള്ള പരിചരണവും കടലാമ കുഞ്ഞുങ്ങളുടെ അതിജീവന നിരക്ക് ഉയർത്തുന്നതിലേക്ക് നയിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുട്ടയിടൽ സീസണിന്റെ ഭാഗമായി ഇവയുടെ സംരക്ഷണം മുൻനിർത്തി പ്രത്യേക പ്രചാരണ പരിശീലന പരിപാടികളും നടക്കുന്നുണ്ട്.
ഏപ്രിൽ മുതൽ ജൂൺ വരെയാണ് ഖത്തറിന്റെ കടൽത്തീരത്ത് കടലാമ പ്രജനന സീസൺ ആരംഭിക്കുന്നത്.ഖത്തർ യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് തീര ശുചീകരണ പ്രവർത്തനങ്ങൾ നേരത്തേ ആരംഭിച്ചിരുന്നു. മുട്ടയിടൽ നിരീക്ഷിക്കാനും, ഇവയുടെ സംരക്ഷണം ഉറപ്പാക്കാനുമായി മന്ത്രാലയം നേതൃത്വത്തിൽ പ്രത്യേക സംഘം സേവനമനുഷ്ഠിക്കും. ഇതോടൊപ്പം ശാസ്ത്രീയ വിവരശേഖരണവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

