അവധി കഴിഞ്ഞു; വീണ്ടും പഠനകാലം
text_fieldsദോഹ: ഒന്നരമാസത്തോളം നീണ്ട വേനലവധിയും കഴിഞ്ഞ് ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ ഖത്തറിലെ മുഴുവൻ സ്കൂളുകളും ചൊവ്വാഴ്ച മുതൽ വീണ്ടു പഠനത്തിരക്കിലായി. വിദ്യഭ്യാസ-ഉന്നത വിദ്യഭ്യാസ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ടായിരുന്നു വീണ്ടും സ്കൂളുകളിൽ പ്രവൃത്തി ദിനങ്ങൾ ആരംഭിച്ചത്. ഇന്ത്യൻ സ്കൂളുകൾ ജൂണിൽ ആരംഭിച്ച പുതിയ അധ്യയന വർഷത്തിന്റെ തുടർച്ചയായി ക്ലാസുകൾ പുനരാരംഭിച്ചപ്പോൾ, ഖത്തർ കരിക്കുലത്തിൽ അധ്യയനം നടത്തുന്ന സർക്കാർ സ്കൂളുകൾക്ക് 2022-23 അധ്യയന വർഷത്തിന്റെ തുടക്കം കൂടിയാണിത്. അവധികഴിഞ്ഞ് മടങ്ങിയെത്തുന്ന കുട്ടികളെ 'ബാക് ടു സ്കൂൾ' കാമ്പയിനിലൂടെയാണ് അധികൃതർ വരവേൽറ്റത്.
ആഗസ്റ്റ് 13ന് തന്നെ കിൻഡർഗർട്ടൻ, സ്കൂളുകൾ കേന്ദ്രീകരിച്ച് ബാക് ടു സ്കൂൾ കാമ്പയിന് വിദ്യഭ്യാസ-ഉന്നത വിദ്യഭ്യാസ മന്ത്രാലയം തുടക്കം കുറിച്ചിരുന്നു. ആഗസ്റ്റ് 20 വരെ കാമ്പയിൻ തുടരും. വിദ്യഭ്യാസത്തിലൂടെ നമ്മൾ ഖത്തറിനെ കെട്ടിപ്പടുക്കും എന്ന പ്രമേയത്തിലാണ് കാമ്പയിൻ. അവധി കഴിഞ്ഞെത്തുന്ന വിദ്യാർഥികളും അധ്യാപക, അനധ്യാപക ജീവനക്കാരും കോവിഡ് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവേശിച്ചത്. 48 മണിക്കൂറിനുള്ളിൽ വീട്ടിൽ നിന്നോ അംഗീകൃത മെഡിക്കൽ കേന്ദ്രങ്ങളിൽ നിന്നോ നടത്തിയ റാപിഡ് ആൻറിജൻ പരിശോധനയുടെ നെഗറ്റീവ് ഫലം നിർബന്ധമായിരുന്നു.
സ്കൂൾ തുറക്കുമ്പോൾ മാത്രമായി ഒറ്റത്തവണ മാത്രം ആന്റിജൻ പരിശോധന മതിയാവും. അതേസമയം, വിദ്യാർഥികളും, അധ്യാപകരും ഉൾപ്പെടെ എല്ലാവർക്കും മാസ്ക് നിർബന്ധമാണ്. ഇഹ്തിറാസിൽ ഗ്രീൻ സ്റ്റാറ്റസും നിർബന്ധം. സാനിറ്റൈസർ സൂക്ഷിക്കുക, സാമൂഹിക അകലം പാലിക്കുക, കുട്ടികൾ സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക തുടങ്ങിയ മുൻകരുതൽ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

