ചൂട് കൂടുന്നു; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം
text_fieldsദോഹ: ഖത്തറിൽ അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ കുട്ടികളെയോ പ്രായമായവരെയോ വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളിൽ തനിച്ചാക്കി പുറത്തുപോകരുതെന്ന മുന്നറിയിപ്പുമായി ഹമദ് മെഡിക്കൽ കോർപറേഷൻ. കുട്ടികളെ കുറഞ്ഞ നേരത്തേക്കുപോലും കാറിൽ തനിച്ചാക്കി പോകുന്നത് അപകടമാണെന്ന് ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലെ ഇഞ്ചുറി പ്രിവൻഷൻ പ്രോഗ്രാം (എച്ച്.ഐ.പി.പി) മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് ചൂട് കൂടിയ സാഹചര്യത്തിൽ അനാവശ്യമല്ലാത്ത യാത്രകളും പുറത്തെ ഇടപെടലുകളും ഒഴിവാക്കുകയാണ് ഏറ്റവും ഉചിതം.
പാർക്ക് ചെയ്തിരിക്കുന്ന കാറിനുള്ളിലെ താപനില പെട്ടെന്ന് ഉയരുമെന്നും ഒരുപക്ഷേ, പുറത്തെ താപനിലയേക്കാൾ വളരെ കൂടുതലായിരിക്കും കാറിനുള്ളിലെന്നും ഹമദ് ഇൻജുറി പ്രിവൻഷൻ പ്രോഗ്രാമിന്റെ കോഓഡിനേറ്റർ സോളർ സെകയാൻ മുന്നറിയിപ്പ് നൽകി. സാധാരണ ചൂടുള്ള ദിവസങ്ങളിൽ പോലും വാഹനത്തിനുള്ളിൽ മിനിറ്റുകൾക്കകം താപനില അപകടകരമായ അവസ്ഥയിലെത്തും. ഇത് കുട്ടികൾക്കിടയിൽ ഹീറ്റ് സ്ട്രോക്, പനി, നിർജലീകരണം, അപസ്മാരം തുടങ്ങി മരണംവരെയുള്ള അപകടങ്ങൾക്കിടയാക്കാം.
അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളെ ഇത് ഗുരുതരമായി ബാധിക്കും. കാരണം മുതിർന്നവരെ അപേക്ഷിച്ച് കുഞ്ഞുങ്ങളുടെ ശരീരം ചൂടിനെ വേഗത്തിൽ ആഗിരണം ചെയ്യുന്നു. കുട്ടികളെപ്പോലെ തന്നെ, വയോധികർക്കും ദീർഘകാലമായി വിവിധ രോഗങ്ങൾകൊണ്ട് പ്രയാസപ്പെടുന്നവർക്കും സമാനമാണ് അവസ്ഥ. കുട്ടികൾക്ക് ചൂടുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിനിർത്തുകയോ തണലിൽ വിശ്രമിക്കാനോ അനുവദിക്കുക, വെള്ളം കുടിക്കാൻ നൽകുകയും വേണം.
അടിയന്തര മെഡിക്കൽ സഹായങ്ങൾക്കായി 999 വിളിക്കാം. ശരീരം ചൂടാകാതിരിക്കാന്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇടക്കിടെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. ഇത്തരം സന്ദർഭങ്ങളിൽ കുട്ടികളെ നിർബന്ധിച്ച് വെള്ളം കുടിപ്പിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. കാറിൽ സഞ്ചരിക്കുമ്പോഴും വെള്ളംകുടി കുറക്കരുത്.
മുൻകരുതലുകളുടെ ഭാഗമായി ഹമദ് ഇൻജുറി പ്രിവൻഷൻ പ്രോഗ്രാം പൊതുജനങ്ങൾക്കായി നിർദേശങ്ങൾ പങ്കുവെക്കുന്നു:
- കാറിൽ നിന്ന് പുറത്തിറങ്ങുമ്പോൾ എല്ലാ കുട്ടികളും ഇറങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ചിലപ്പോൾ കുട്ടികൾ ഉറങ്ങിപ്പോകുകയോ നിശ്ശബ്ദരായിരിക്കുകയോ ചെയ്തേക്കാം, ഇത് അശ്രദ്ധക്കിടയാക്കുന്നു.
- കുട്ടികളെ തനിച്ച് വാഹനത്തിനുള്ളിൽ കളിക്കാൻ അനുവദിക്കുകയോ വാഹനത്തിന്റെ താക്കോലുകൾ കുട്ടികൾക്ക് കളിപ്പാട്ടമായി നൽകുകയോ ചെയ്യരുത്. മുതിർന്നവരില്ലാതെ വാഹനങ്ങളിൽ കയറരുതെന്ന് കുട്ടികൾക്ക് നിർദേശം നൽകുക.
- ചൈൽഡ് സേഫ്റ്റി ലോക്കുകൾ ഉപയോഗിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുക.
വാഹനങ്ങളിലും വേണം കരുതൽ
ചൂടുകൂടിയ സാഹചര്യത്തിൽ വാഹനങ്ങളിൽ നിലവാരമുള്ള അഗ്നിശമന ഉപകരണങ്ങൾ കരുതണം. വാഹനങ്ങളുടെ സാങ്കേതിക പ്രശ്നങ്ങൾ അപ്പപ്പോൾ പരിഹരിക്കുകയും വേണം. ചെറിയ അശ്രദ്ധപോലും വലിയ അപകടങ്ങൾക്കു കാരണമായേക്കും. തീപിടിക്കാൻ സാധ്യതയുള്ള സാധനങ്ങൾ വാഹനങ്ങളിൽ സൂക്ഷിക്കരുത്.
ടയറുകളിൽ കൃത്യമായ അളവിൽ കാറ്റു നിറക്കുകയും കാലാവധി കഴിഞ്ഞവ മാറ്റുകയും വേണം. യാത്രക്കു മുമ്പ് ടയറുകൾ പരിശോധിക്കുക, ടയറിന്റെ നിലവാരത്തിനനുസരിച്ചുള്ള വേഗത്തിൽ പോകുക, നാല് ടയറുകളിലും അനുവദനീയ അളവിൽ എയർ ഉറപ്പാക്കുക, വാഹനങ്ങളിൽ അമിതഭാരം കയറ്റാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

