ചൂട് അകലുന്നു; ക്യാമ്പിങ് സീസൺ വരവായി
text_fieldsദോഹ: അടിമുടി പൊള്ളുന്ന ചൂടുകാലം വിട്ട്, നഗരവും മരുഭൂമിയും തണുപ്പിനെ പുണരാനൊരുങ്ങുന്നു. ഖത്തറിലെ പൗരന്മാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശൈത്യകാല ക്യാമ്പിങ് സീസണ് പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം പ്രഖ്യാപിച്ചു. ആറുമാസത്തോളം നീണ്ടുനിൽക്കുന്ന 2025-26 വർഷത്തെ ശൈത്യകാല ക്യാമ്പിങ് സീസൺ ഒക്ടോബർ 15 മുതൽ ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. 2026 ഏപ്രിൽ 15 വരെ ക്യാമ്പിങ് സീസൺ നീണ്ടുനിൽക്കും.
പരിസ്ഥിതി സംരക്ഷിച്ചും പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യാതെയും രാജ്യത്തിന്റെ വന്യജീവി-പരിസ്ഥിതി മേഖലകൾക്ക് കോട്ടംവരുത്താതെയും ജാഗ്രത പുലർത്തിയുമാണ് ക്യാമ്പ് സംഘടിപ്പിക്കുക. ഈ വർഷത്തെ സീസണുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളും മാർഗനിർദേശങ്ങളും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. രാജ്യത്തെ പരിസ്ഥിതിയുമായുള്ള സമൂഹത്തിന്റെ പങ്കാളിത്തം വളർത്തുന്നതിലും പരിസ്ഥിതി അവബോധം പ്രോത്സാഹിപ്പിക്കുന്നതിലും ശൈത്യകാല ക്യാമ്പിങ്ങിന് പ്രാധാന്യമുണ്ടെന്ന് മന്ത്രാലയത്തന്റെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഡോ. ഫർഹൂദ് ഹാദി അൽ ഹജ്രി പറഞ്ഞു.
കഴിഞ്ഞ സീസണിൽ ആകെ 2,860 ക്യാമ്പുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 1315 ലാൻഡ് ക്യാമ്പുകൾ, 433 സീ ക്യാമ്പുകൾ, കൂടാതെ സംരക്ഷിത പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലായി 1112 ക്യാമ്പുകളുമാണ് ഉണ്ടായിരുന്നത്.
ഇത്തവണത്തെ ശൈത്യകാല ക്യാമ്പിങ്ങിനുള്ള രജിസ്ട്രേഷൻ ഒക്ടോബർ ഒന്നു മുതൽ 14 വരെ നീണ്ടുനിൽക്കും. അപേക്ഷകർ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനം വഴി രജിസ്ട്രേഷൻ ഫീസും ഇൻഷുറൻസും അടക്കണം. വൃത്തി പരിപാലിക്കുകയും പരിസ്ഥിതിക്ക് ദോഷം വരുത്താതിരിക്കുകയും വേണം. ഏതെങ്കിലും നിയമലംഘനം കണ്ടെത്തിയാൽ പിഴ ചുമത്തുകയും പെർമിറ്റ് റദ്ദാക്കുകയും ചെയ്യും. സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ സീസൺ ഉറപ്പാക്കാൻ ക്യാമ്പർമാർ പാരിസ്ഥിതിക നിയമങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര സുരക്ഷ സേനയായ ലെഖ്വിയയുടെ എൻവയൺമെന്റൽ സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിന്റെ അസിസ്റ്റന്റ് ഹെഡ് ലെഫ്റ്റനന്റ് കേണൽ എൻജിനീയർ മുഹമ്മദ് ഇബ്രാഹിം അൽ നുഐമി ആവശ്യപ്പെട്ടു.
രജിസ്ട്രേഷൻ ഒക്ടോബർ ഒന്നു മുതൽ
ഇത്തവണത്തെ ശൈത്യകാല ക്യാമ്പിങ്ങിനുള്ള രജിസ്ട്രേഷൻ ഒക്ടോബർ 1 മുതൽ 14 വരെ നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥ-പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ‘ബീഅ’ മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാം. അപേക്ഷകർ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനം വഴി രജിസ്ട്രേഷൻ ഫീസും ഇൻഷുറൻസും അടക്കണം.
ഒഴിവുള്ള സ്ഥലങ്ങളിൽ ഒക്ടോബർ 15 മുതൽ നവംബർ 15 വരെ രജിസ്ട്രേഷൻ പുനരാരംഭിക്കും. ശൈത്യകാലത്ത് വിവിധ മരൂഭൂപ്രദേശങ്ങളിൽ ടെൻറുകൾ കെട്ടി താമസിക്കാനും മറ്റ് വിനോദങ്ങളിൽ ഏർപ്പെടാനും അധികൃതർ വൻ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇതിനായി നേരത്തേ തന്നെ ബുക്ക് ചെയ്യണം. അപേക്ഷകർ 25 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഖത്തരി പൗരന്മാരായിരിക്കണം.
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അധികൃതർ വാർത്ത സമ്മേളനത്തിൽ
മൂന്ന് ഘട്ടങ്ങളായാണ് രജിസ്ട്രേഷൻ:
ഒക്ടോബർ 1-4: സെൻട്രൽ മേഖല (ഉമ്മുൽ അഥം, റൗദത് റാഷിദ്, റൗദത് ആയിഷ, സൗത്ത് ഖുറൈജ്, അബൂസംറ, സക്രീത് കോസ്റ്റൽ റിസർവ് എന്നിവ ഉൾപ്പെടുന്നു)
ഒക്ടോബർ 5-8: ദക്ഷിണ മേഖല (ഒക്ടോബർ 5ന് സെയ്ലിൻ റിസർവ്, ഒക്ടോബർ 6-8 തീയതികളിൽ അൽ-നുഖ്യാൻ, അൽ-ഖറാറ, മക്കിനിസ്, സെയ്ലിൻ, ഖോർ അൽ-അദീദ് തുടങ്ങിയ പ്രദേശങ്ങൾ)
ഒക്ടോബർ 9-14: വടക്കൻ മേഖല, ലഭ്യമായ എല്ലാ സ്ഥലങ്ങളും ഉൾക്കൊള്ളുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

