ഗസ്സയിൽനിന്നുള്ള ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകി എച്ച്.എം.സി
text_fieldsഹമദ് മെഡിക്കൽ കോർപറേഷനിൽനിന്നുള്ള വിദഗ്ധ സംഘം
ദോഹ: ഗസ്സയിലെ ശൈഖ് ഹമദ് ബിൻ ഖലീഫ റിഹാബിലിറ്റേഷൻ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്ക് ഹമദ് മെഡിക്കൽ കോർപറേഷൻ നേതൃത്വത്തിൽ പരിശീലനം നൽകി. ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടാണ്(ക്യു.ആർ.ഐ) ഗസ്സയിൽനിന്നുള്ള ആരോഗ്യപ്രവർത്തകർക്ക് സ്പീച്ച് തെറപ്പി ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചത്. ഫലസ്തീനിൽനിന്നുള്ള ആരോഗ്യപ്രവർത്തകരുടെ തൊഴിൽ പ്രാവീണ്യം വർധിപ്പിക്കുകയും കുട്ടികളിൽ കണ്ടുവരുന്ന ഡിസ്ഫാഗിയ (ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്) രോഗത്തിന് മെച്ചപ്പെട്ട ചികിത്സ നൽകുക, നൂതന പരിശോധനാ സംവിധാനങ്ങൾ പരിചയപ്പെടുത്തുക തുടങ്ങിയവയുമാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഇത് കുട്ടികൾക്ക് മികച്ച ചികിത്സയും ആരോഗ്യവും നൽകുന്നതിന് സഹായകമാകും.
കുട്ടികളിലെ ഡിസ്ഫാഗിയ രോഗങ്ങളെ തുടർന്നോ രോഗലക്ഷണങ്ങളായോ അല്ലെങ്കിൽ ജനന സമയത്തുണ്ടായ തകരാറുകളോ കാരണമായി രൂപപ്പെടാം. ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അന്താരാഷ്ട്ര നിലവാരത്തിൽ പീഡിയാട്രിക് ഡിസ്ഫാഗിയ ക്ലിനിക് പ്രവർത്തിക്കുന്നുണ്ട്. ക്യു.ആർ.ഐ പീഡിയാട്രിക് ഡിസ്ഫാഗിയ ക്ലിനിക്കിലെ വിദഗ്ധർ നയിച്ച സൗജന്യ ഒൺലൈൻ ട്രെയിനിങ് ഉൾപ്പെടെയുള്ള പരിശീലന പരിപാടി 15 മാസം നീണ്ടുനിന്നു. പരിശീലനത്തിൽ എച്ച്.എം.സിയിൽനിന്നുള്ള ആറ് സ്പീച്ച് തെറപ്പിസ്റ്റുകളും ചേർന്നിരുന്നു. ഉപരോധത്താൽ വീർപ്പുമുട്ടുന്ന ഗസ്സ മുനമ്പിൽ ജോലിയിലേർപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് എച്ച്.എം.സി സ്പീച്ച് തെറപ്പി വിഭാഗം മേധാവി ഇമാൻ യൂസുഫ് അൽ മുല്ല പറഞ്ഞു.