Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാഴ്ചയിലും രുചിയിലും...

കാഴ്ചയിലും രുചിയിലും കേമൻ; ഖത്തറിൽ റുതബ് ഈന്തപ്പഴങ്ങളുടെ വിളവെടുപ്പ് കാലം തുടങ്ങി

text_fields
bookmark_border
കാഴ്ചയിലും രുചിയിലും കേമൻ; ഖത്തറിൽ റുതബ് ഈന്തപ്പഴങ്ങളുടെ വിളവെടുപ്പ് കാലം തുടങ്ങി
cancel

ദോഹ: ഈന്തപ്പന കുലകളിൽ റുതബ് പാകമായി കിടക്കുന്നത് കണ്ടാൽ വിദഗ്ധനായ കലാകാരൻ ചായം പൂശിയ പോലെ മനോഹരമാണ്​. പാതി പാകമായ ഈന്തപ്പഴക്കുലകൾ (റുതബ്) മരുപ്രദേശത്തെ മഞ്ഞയണിയിച്ചിരിക്കുന്നു​. കാർഷിക മേഖലകളിലൂടെ ഈ സീസണിൽ വാഹനമോടിക്കുകയോ നടന്നുപോവുകയോ ചെയ്യുകയാണെങ്കിൽ മഞ്ഞച്ചായം കോരിയൊഴിച്ചതുപോലെയുള്ള ഈന്തപ്പന മരങ്ങളായിരിക്കും കണ്ണിൽപ്പെടുക. എല്ലാ വർഷവും ജൂൺ അവസാനത്തോടെയാണ് റുതബ് വിപണിയിലെത്തുക.

ജൂലൈ പകുതിയോടെ വിവിധ ഇനങ്ങൾ വിപണിയിൽ നിറയും. കാഴ്ചഭംഗിയോടൊപ്പം രൂചിയിലും കേമനാണ് അതിമധുരമുള്ള​ റുതബ്. പഞ്ചസാര കലക്കി ഒഴിച്ചതുപോലുള്ള മധുരവും പച്ച പപ്പായ തിന്നുമ്പോഴുള്ള കറുമുറു ശബ്​ദവും ഇവയുടെ പ്രത്യേകതയാണ്. കൂടുതൽ പഴുത്ത് ഈത്തപ്പഴമായി സൂക്ഷിച്ച് കഴിക്കുന്നതിനേക്കാൾ റുതബ് കഴിക്കാനാണ് പല സ്വദേശികളും വിദേശികളും ഏറെ ഇഷ്​ടപ്പെടുന്നത്​. ഖത്തറിലും ഗൾഫ് മേഖലയിലും ഏറ്റവും പ്രധാനപ്പെട്ട കാർഷിക കാലങ്ങളിലൊന്നാണ് റുതബ് സീസൺ.

വേനൽക്കാലത്ത് ഖത്തരി വീടുകളിലും മജ്‍ലിസുകളിലും ഈന്തപ്പഴങ്ങൾ കേന്ദ്ര സ്ഥാനം വഹിക്കുന്നു. ഇനം, ഫാമിന്റെ സ്ഥാനം, കൃഷി സാഹചര്യങ്ങൾ എന്നിവയെ ആശ്രയിച്ച് വിളവ് കാലത്തിലും വിലയിലും വ്യത്യാസമുണ്ട്. പ്രാദേശിക ഫാമുകളിൽ 20ലധികം ഈന്തപ്പഴ ഇനങ്ങൾ ഉണ്ട്. ഓരോന്നിനും അതിന്റേതായ സ്വാദും രൂപവും പാകമാകുന്ന സമയവുമുണ്ട്. ചില ഇനങ്ങളുടെ ഉൽപാദനം ഒക്ടോബർ വരെ നീണ്ടുനിൽക്കും. ഇത് വിപണിയിൽ ഒന്നോ രണ്ടോ മാസത്തിനപ്പുറവും റുതബിന്റെ ലഭ്യത ഉറപ്പുവരുത്തുന്നു. ഖലസ് എന്ന ഇനത്തിനാണ് കൂടുതൽ ഇഷ്ടക്കാർ.

ഷിഷി, ഖിനൈസി, ബർഹി (അരിസി), ഹിലാലി, സുക്കരി, സഹിദി, നബുത് സൈഫ്, സുഫ്‍രി തുടങ്ങി വിവിധ ഇനം ഈത്തപ്പഴങ്ങളുണ്ട്. കഴിഞ്ഞ വർഷം രാജ്യത്ത് 25000 ടണ്ണിലധികം ഈത്തപ്പഴം ഉൽപാദിപ്പിച്ചുവെന്നാണ് കണക്ക്. സ്വയംപര്യാപ്തത നിരക്ക് 72 ശതമാനത്തിന് മുകളിലാണ്. ഖത്തറിൽ 2662 ഹെക്ടർ സ്ഥലത്തായി 885 ഈന്തപ്പനത്തോട്ടങ്ങളും ആറര ലക്ഷത്തോളം ഈന്തപ്പനകളുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:datesqatar​harvest seasonrutab
News Summary - The harvest season for Rutab dates has begun in Qatar
Next Story