അതിർത്തി തുറക്കൽ സ്വാഗതം ചെയ്ത് ആഗോള സമൂഹം
text_fieldsഅൽ ഉലാ കരാറിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഒപ്പുവെക്കുന്നു(ഫയൽ ചിത്രം)
ദോഹ: ഖത്തറിനും സൗദി അറേബ്യക്കുമിടയിലുള്ള കര, നാവിക, വ്യോമ അതിർത്തികൾ തുറന്ന തീരുമാനത്തെ പ്രശംസിച്ചും സ്വാഗതം ചെയ്തും ആഗോള സമൂഹം.
ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ചതിലൂടെ ജി.സി.സിയുടെ ഐക്യം പുനഃസ്ഥാപിച്ചതോടൊപ്പം അമേരിക്കയുടെ താൽപര്യം കൂടിയാണ് നടപ്പായതെന്ന് അമേരിക്കൻ വിദേശകാര്യ വക്താവ് പറഞ്ഞു. മൂന്ന് വർഷത്തിലധികമായി നിലനിന്നിരുന്ന ഭിന്നതയാണ് പരിഹരിച്ചിരിക്കുന്നത്. തീരുമാനം സ്വാഗതം ചെയ്യുന്നതായും അമേരിക്കൻ വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. ഉപരോധം അവസാനിപ്പിച്ച് ജനുവരി അഞ്ചിന് കരാർ ഒപ്പുവെക്കുമെന്നാണ് അറിയിപ്പുണ്ടായിരുന്നത്. എന്നാൽ നാലിന് തെന്ന കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് ഉപരോധം അവസാനിച്ചതായും കര, നാവിക, വ്യോമ അതിർത്തികൾ തുറക്കുമെന്നും പ്രഖ്യാപിച്ചതോടെ വ്യക്തത വന്നിരുന്നു. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള അതിർത്തികൾ തുറക്കാനുള്ള തീരുമാനത്തെ തുർക്കിയും സ്വാഗതം ചെയ്തു. 2017 ജൂൺ മുതൽ ആരംഭിച്ച ജി. സി.സി അംഗരാജ്യങ്ങൾക്കിടയിലുള്ള തർക്കങ്ങൾ അവസാനിപ്പിച്ച് പുതിയ ഐക്യം സാധ്യമാക്കാൻ തീരുമാനം സഹായിക്കുമെന്നും തുർക്കി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ജി.സി.സി രാജ്യങ്ങൾക്കിടയിലെ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥതവഹിച്ച കുവൈത്ത് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കക്ഷികളുടെ പരിശ്രമങ്ങളെ പ്രശംസിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. ജി.സി.സിയുടെ അടുത്ത സുഹൃത്താണ് തുർക്കിയെന്നും ഗൾഫ് മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും തുർക്കി വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും ഭാവിയിലും തുർക്കിയുടെ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാനും ഖത്തർ-സൗദി അതിർത്തികൾ തുറക്കാനുമുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ജോർഡനും രംഗത്തെത്തി. അറബ്, ഗൾഫ് മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും സമാധാനത്തിനും പുതിയ തീരുമാനം കൂടുതൽ സഹായകമാകുമെന്നും വികസനത്തിന് ആക്കം കൂട്ടുമെന്നും ജോർഡൻ വിദേശകാര്യമന്ത്രി അയ്മൻ സഫാദി പറഞ്ഞു.
പ്രതിസന്ധി പരിഹാരത്തിനായി മുന്നിൽനിന്ന് പരിശ്രമിച്ച കുവൈത്ത് മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് ജാബിർ അസ്സബാഹിെൻറയും തുടർന്നു അധികാരമേറ്റ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് ജാബിർ അസ്സബാഹിെൻറയും പരിശ്രമങ്ങളെയും ജോർഡൻ വിദേശകാര്യമന്ത്രി അഭിനന്ദിച്ചു.
പ്രതിസന്ധി പരിഹരിച്ചുകൊണ്ടുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് പാകിസ്ഥാനും രംഗത്തെത്തി. അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽ ഗൈത്, ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി 75ാം സെഷൻ പ്രസിഡൻറ് വോൾകാൻ ബൊസ്കീർ എന്നിവരും തീരുമാനത്തെ സ്വാഗതം ചെയ്തും പ്രശംസിച്ചും രംഗത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

