ക്യാമ്പിങ് സീസണിന് കൊടിയിറങ്ങി
text_fieldsശൈത്യകാല ക്യാമ്പിങ് സീസൺ സമാപനമായി ക്യാമ്പിങ് കേന്ദ്രങ്ങളിൽ മന്ത്രാലയത്തിന്റെയും ലഖ്വിയ പരിസ്ഥിതി ബ്രിഗേഡിന്റെയും പ്രതിനിധികൾ നോട്ടീസ് പതിക്കുന്നു
ദോഹ: ആറു മാസത്തോളം നീണ്ടുനിന്ന ശൈത്യകാല ക്യാമ്പിങ് സീസൺ അവസാനിച്ചതിനു പിന്നാലെ പരിശോധനയും, ക്യാമ്പിങ് കേന്ദ്രങ്ങൾ നീക്കം ചെയ്യലും സജീവമാക്കി പരിസ്ഥിതി മന്ത്രാലയം അധികൃതർ. ആഭ്യന്തര സുരക്ഷാ വിഭാഗമായ ലഖ്വിയയുടെ പരിസ്ഥിതി ബ്രിഗേഡുമായി ചേർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്യാമ്പിങ് കേന്ദ്രങ്ങളിലെത്തിയ പരിസ്ഥിതി മന്ത്രാലയം പ്രതിനിധികൾ ക്യാമ്പിങ് സീസൺ കഴിഞ്ഞതായി അറിയിച്ചുകൊണ്ട് നോട്ടീസ് പതിക്കുകയും, പ്രചാരണ പരിപാടികൾ ആരംഭിക്കുകയും ചെയ്തു.
തണുപ്പ് ശക്തമായതിനു പിന്നാലെ കഴിഞ്ഞ വർഷം ഒക്ടോബർ മുതലാണ് രാജ്യത്ത് ശൈത്യകാല ക്യാമ്പിങ് ആരംഭിച്ചത്. വിവിധ മേഖലകളിലായി സജീവമായ സീസൺ ചൂട് തുടങ്ങിയതിനു പിന്നാലെ ഏപ്രിൽ 30ഓടെ സമാപിച്ചു. അവസാന തീയതിക്കു മുമ്പുതന്നെ വിവിധ മേഖലകളിലെ ക്യാമ്പുകൾ നിർത്തുകയും, കാരവനുകളും ക്യാമ്പിങ് ടെന്റുകളും നീക്കം ചെയ്യലും ആരംഭിച്ചിരുന്നു.
ക്യാമ്പിങ് മേഖലയിലെ പരിസ്ഥിതി സുരക്ഷ ഉറപ്പാക്കുന്നതിലും, എല്ലാ വസ്തുക്കളും നീക്കം ചെയ്യാനും ആവശ്യപ്പെട്ടുകൊണ്ടാണ് മന്ത്രാലയം നേതൃത്വത്തിൽ ഇപ്പോൾ പ്രചാരണം ആരംഭിച്ചത്. വരും ദിവസങ്ങളിൽ മന്ത്രാലയം സംഘം ക്യാമ്പിങ് കേന്ദ്രങ്ങൾ സന്ദർശിച്ച് ഇവയെല്ലാം ഒഴിവാക്കിയെന്ന് ഉറപ്പുവരുത്തും. മാലിന്യങ്ങൾ ശേഖരിക്കാനും ക്യാമ്പിങിന് ഉപയോഗിച്ച സ്ഥലങ്ങൾ വൃത്തിയാക്കാനും ബന്ധപ്പെട്ടവർ നിർദേശിച്ചു.
സീലൈൻ ക്ലിനിക് സേവനം അവസാനിപ്പിച്ചു
ശൈത്യകാല ക്യാമ്പിങ്ങിന്റെ ഭാഗമായി തുറന്ന ക്യാമ്പിൽ 1540 പേർക്ക് ചികിത്സ നൽകി
ശൈത്യകാല ക്യാമ്പിങ് സീസണിന്റെ ഭാഗമായി നവംബറിൽ പ്രവർത്തനമാരംഭിച്ച സീലൈനിലെ ഹമദ് മെഡിക്കൽ കോർപറേഷൻ ക്ലിനിക്കിന്റെ സേവനവും അവസാനിപ്പിച്ചു. സീസണിൽ ക്യാമ്പിങ്ങിനെത്തുന്നവരുടെ ആരോഗ്യ പരിചരണാവശ്യാർഥമാണ് കഴിഞ്ഞ 15 വർഷമായി ഇവിടെ മെഡിക്കൽ ക്ലിനിക് പ്രവർത്തിക്കുന്നത്. ഇത്തവണ 1540 പേർ ക്ലിനിക്കിന്റെ സേവനം ഉപയോഗപ്പെടുത്തി. 197 പേരെ ക്ലിനിക്കിൽ വെച്ച് ആവശ്യമായ പരിചരണം നൽകി വിട്ടയച്ചപ്പോൾ, 670 കേസുകൾ ആംബുലൻസ്, ഹെലികോപ്ടർ വഴി ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലേക്ക് മാറ്റി. 673 കേസുകളിൽ ക്യാമ്പുകളിലോ മറ്റു സ്ഥലങ്ങളിലോ എത്തി ചികിത്സ നൽകിയതായും അറിയിച്ചു.
സീലൈൻ മെഡിക്കൽ ക്ലിനിക്
ആറുമാസം നീണ്ടുനിന്ന ക്ലിനിക്കിന്റെ സേവനം മികച്ചതാക്കിമാറ്റാൻ സഹായിച്ച ഡോക്ടർമാർ, നഴ്സുമാർ, ആംബുലൻസ് സർവിസ് തുടങ്ങിയ സംഘത്തിന് നന്ദി അറിയിക്കുന്നതായി എച്ച്.എം.സി സീലൈൻ ക്ലിനിക് പ്രോജക്ട് മാനേജർ ഹസൻ മുഹമ്മദ് അൽ ഹൈൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

