മലിനജല സംസ്കരണ പ്ലാന്റ് ആദ്യ ഘട്ടം പൂർത്തിയാവുന്നു
text_fieldsഅഷ്ഗാലിന്റെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാകുന്ന മലിനജല സംസ്കരണ പ്ലാന്റ്
ദോഹ: പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) നിർമിക്കുന്ന വ്യവസായിക മലിനജല സംസ്കരണ പ്ലാന്റ് പദ്ധതിയുടെ ആദ്യഘട്ടം ഈ വർഷം മൂന്നാംപാദത്തോടെ പൂർത്തിയാകും. പദ്ധതി പൂർത്തിയാകുന്നതോടെ ഖത്തറിലെ വ്യവസായിക മാലിന്യ സംസ്കരണത്തിന് അത്യാധുനിക സംസ്കരണ സൗകര്യം ലഭ്യമാകുമെന്നും വ്യവസായിക മാലിന്യ സംസ്കരണത്തിൽ കുതിച്ചുചാട്ടത്തിന് ഇതു കാരണമാകുമെന്നും അഷ്ഗാൽ അറിയിച്ചു.
ദോഹ ഇൻഡസ്ട്രിയൽ ഏരിയക്ക് ഏകദേശം രണ്ട് കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പ്ലാന്റിലേക്ക് ഇൻഡസ്ട്രിയൽ ഏരിയയിൽനിന്നും മറ്റിടങ്ങളിൽനിന്നുമുള്ള മലിനജലം ടാങ്കറുകൾ വഴിയാണ് എത്തിക്കുക. 693 ദശലക്ഷം റിയാൽ ചെലവിൽ പ്രതിദിനം 10,000 ഘന മീറ്റർ ശേഷിയാണ് പ്ലാന്റിനുള്ളത്. സംയോജിത മാലിന്യ സംസ്കരണ മാനദണ്ഡങ്ങളും ശേഷിയും പ്രയോജനപ്പെടുത്തി രൂപകൽപന ചെയ്ത പ്ലാന്റ് ഭാവിയിലെ വ്യവസായിക വികസന സാധ്യത കൂടി കണക്കിലെടുത്താണ് നിർമിക്കുന്നതെന്നും അഷ്ഗാൽ വ്യക്തമാക്കി.
പദ്ധതിക്ക് നേരത്തേ ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ ഡിസ്റ്റിങ്ഷൻ ബഹുമതിയും 2023ൽ റോയൽ സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ആക്സിഡന്റ്സിന്റെ (ആർ.ഒ.എസ്.പി.എ) സുവർണ ബഹുമതിയും ലഭിച്ചിരുന്നു. പദ്ധതി ആരംഭിച്ചതിനു ശേഷം ഒരു അപകടവുമില്ലാതെ 35 ലക്ഷം തൊഴിൽ മണിക്കൂറുകൾ പിന്നിട്ടതിനാണ് അംഗീകാരം ലഭിച്ചത്. പരിസ്ഥിതി മാനേജ്മെന്റ് സിസ്റ്റത്തിനും തൊഴിൽ ആരോഗ്യ, സുരക്ഷാ മാനേജ്മെന്റിലും ഐ.എസ്.ഒ അംഗീകാരങ്ങളും പദ്ധതിയെ തേടിയെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

