ഉപേക്ഷിച്ച വാഹനങ്ങളുടെ ആദ്യ ഓൺലൈൻ ലേലം തിങ്കളാഴ്ച
text_fieldsദോഹ: ഖത്തറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനങ്ങൾ, യന്ത്രസാമഗ്രികൾ, ഉപകരണങ്ങൾ എന്നിവയുടെ ആദ്യ ഓൺലൈൻ ലേലം സെപ്റ്റംബർ 28 തിങ്കളാഴ്ച നടക്കുമെന്ന് സുപ്രീം ജുഡീഷ്യറി കൗൺസിൽ അറിയിച്ചു. കോർട്ട് മസാദത്ത് എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ വൈകീട്ട് 4 മണി മുതൽ 7 വരെയാണ് ലേലം നടക്കുക.
ഒക്ടോബറിൽ രണ്ടുതവണ ഓൺലൈൻ ലേലം നടക്കും. തുടർന്നുള്ള ലേലങ്ങൾ ഒക്ടോബർ 12, ഒക്ടോബർ 26 ദിവസങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ തരം കാറുകൾ, മറ്റ് വാഹനങ്ങൾ എന്നിവ ലേലത്തിൽ സ്വന്തമാക്കാം. ആപ്പിൽ ലേലം അവസാനിക്കുന്ന സമയം കാണിക്കുന്ന ലൈവ് കൗണ്ട്ഡൗൺ ഉണ്ടായിരിക്കും. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വാഹനങ്ങളുടെ ചിത്രങ്ങൾ, മോഡൽ, ആരംഭ വില, മറ്റ് പ്രധാന വിവരങ്ങൾ എന്നിവ മുൻകൂട്ടി പരിശോധിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ഉപകരണങ്ങളും നീക്കം ചെയ്യുന്നതിനുള്ള ജോയന്റ് കമ്മിറ്റിയും സുപ്രീം ജുഡീഷ്യറി കൗൺസിലിന്റെ എൻഫോഴ്സ്മെന്റ് കോടതിയും ചേർന്നാണ് ഓൺലൈൻ ലേലം സംഘടിപ്പിക്കുന്നത്. ഉപേക്ഷിച്ച് തള്ളിയ വസ്തുക്കളുടെ വിൽപന കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാനും ഡിജിറ്റൽ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനുമാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
സെപ്റ്റംബർ 20ന് നടന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ എൻഫോഴ്സ്മെന്റ് കോടതി വൈസ് പ്രസിഡന്റ് ജഡ്ജി മുഹമ്മദ് അൽ ഖുബൈസിയും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

