പ്രഥമ സി.കെ. മേനോൻ സ്മാരക പുരസ്കാരം ഫാ. ഡേവിസ് ചിറമേലിന്
text_fieldsഫാ. ഡേവിസ് ചിറമേൽ
ദോഹ: ഒ.ഐ.സി.സി ഗ്ലോബൽ പ്രസിഡൻറും ഇൻകാസ് ഖത്തർ മുഖ്യ രക്ഷാധികാരിയുമായിരുന്ന പത്മശ്രീ സി.കെ. മേനോെൻറ ഓർമദിനമായ ഒക്ടോബർ ഒന്നിന് ഇൻകാസ് ഖത്തർ ചരമ വാർഷികം ആചരിച്ചു.സൂം അനുസ്മരണ യോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജാതി-മത-വർഗ വർണ ഭേദമന്യേ സാധാരണക്കാർക്ക് സഹായകരമാവുന്ന ഇടപെടലുകൾ നടത്തിയ സി.കെ. മേനോൻ മലയാളികൾ ഉള്ളിടത്തോളം ഓർമിക്കപ്പെടുമെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. വിദ്യാർഥി പ്രസ്ഥാനമായ കെ.എസ്.യുവിലൂടെ സംഘടന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച സി.കെ. മേനോൻ കോൺഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി ആത്മാർഥമായി പ്രവർത്തിച്ചു.
മേനോെൻറ സ്മരണ നിലനിർത്താൻ ഇൻകാസ് ഖത്തർ, സാമൂഹിക സേവനത്തിലും ജീവകാരുണ്യ മേഖലയിലും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നവർക്ക് ഏർപ്പെടുത്തിയ പ്രഥമ പുരസ്കാര ജേതാവിനെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു.കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെയും ആക്സിഡൻറ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവിസിെൻറയും സ്ഥാപകനായ ഫാ. ഡേവിസ് ചിറമേലിനാണ് അവാർഡ്.
സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കാനുള്ള വലിയ മനസ്സിന് ഉടമയായ സി.കെ. മേനോെൻറ കരുതലും ആർദ്രതയും നേരിട്ട് അനുഭവിക്കാൻ തനിക്ക് ഒട്ടേറെ അവസരങ്ങൾ ലഭിച്ചിരുന്നുവെന്നും സി.കെ. മേനോനെ പോലുള്ള മഹദ് വ്യക്തിയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരത്തിന് ഏറ്റവും അർഹനാണ് ചിറമേൽ അച്ചനെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധിക്കുശേഷം നാട്ടിൽ നടത്തുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. നന്മയുടെയും കാരുണ്യത്തിെൻറയും പൂമരമായിരുന്ന മേനോെൻറ വിയോഗം ഇന്നും തന്നെ നൊമ്പരപ്പെടുത്തുന്നുവെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് എം.എം. ഹസൻ പറഞ്ഞു.
സി.പി.ഐ കേന്ദ്ര എക്സിക്യൂട്ടിവ് അംഗവും മുൻ മന്ത്രിയുമായ കെ.ഇ. ഇസ്മായിൽ, ഐ.സി.ബി.എഫ് പ്രസിഡൻറ് പി.എൻ. ബാബുരാജൻ, ഐ.ബി.പി.സി പ്രസിഡൻറ് അസീം അബ്ബാസ്, ഐ.സി.സി പ്രസിഡൻറ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. മോഹൻ തോമസ്, കെ.എം.സി.സി പ്രസിഡൻറ് എസ്.എ.എം. ബഷീർ, ക്വിഫ് പ്രസിഡൻറ് കെ. മുഹമ്മദ് ഈസ, ദുൈബ ഒ.ഐ.സി.സി പ്രസിഡൻറ് മഹാദേവൻ, ജനറൽ സെക്രട്ടറി പുന്നക്കൽ അഹ്മദ്, ഷാർജ ഒ.ഐ.സി.സി പ്രസിഡൻറ് ഐ.വൈ.എ. റഹീം, ഒമാൻ ഒ.ഐ.സി.സി പ്രസിഡൻറ് സിദ്ദീഖ് ഹസൻ, ഐ.എം.എഫ് പ്രസിഡൻറ് അഷ്റഫ് തൂണേരി, ജെ.കെ. മേനോൻ തുടങ്ങിയവർ സംസാരിച്ചു. ഇൻകാസ് ഖത്തർ പ്രസിഡൻറ് സമീർ ഏറാമല അധ്യക്ഷത വഹിച്ചു.ആഷിക്ക് അഹ്മദ്, അൻവർ സാദത്ത് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഹഫീസ് മുഹമ്മദ് സ്വാഗതവും മനോജ് കൂടൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

