പെരുന്നാളിന്റെ വെടിക്കെട്ട് വൈബ്
text_fieldsകതാറയിൽ നടന്ന വെടിക്കെട്ട് കാഴ്ച
ദോഹ: പെരുന്നാളിനുപിന്നാലെ അവധി ദിനങ്ങളെ ഉത്സവരാവുകളാക്കി മാറ്റി ഖത്തറിലെ ഈദാഘോഷം തുടരുന്നു. സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യ ഓഫിസുകളിലും കമ്പനികളിലും ഈദ് അവധി തുടരുമ്പോൾ ആഘോഷങ്ങളും പൊടിപൂരം. ഞായറാഴ്ച പെരുന്നാൾ ആഘോഷിച്ച ഖത്തറിൽ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തുടർന്ന പെരുന്നാൾ ആഘോഷം ബുധനാഴ്ചയും കളർഫുള്ളായി തന്നെ തുടരും.
തിങ്കളാഴ്ച രാത്രിയിൽ കതാറയിലെത്തിയ ജനക്കൂട്ടം
വെടിക്കെട്ടുകൾ, കലാ-സാംസ്കാരിക പരിപാടികൾ, സംഗീത നിശകൾ ഉൾപ്പെടെ ഒഴുകിയെത്തുന്ന പതിനായിരങ്ങൾക്ക് ആഘോഷിക്കാനും വേദികളേറെയാണ്. ഖത്തറിലെ ആഘോഷങ്ങൾക്ക് എന്നും പകിട്ടുനൽകുന്ന വെടിക്കെട്ടുകൾ തന്നെ ഇത്തവണയും പ്രധാനം. കതാറ കോർണിഷും അൽ വക്റ ഓൾഡ് സൂഖിലുമായാണ് കഴിഞ്ഞ മൂന്നു ദിനങ്ങളിൽ വെടിക്കെട്ട് കാഴ്ചകൾ സജീവമായത്.
കതാറയിൽ മൂന്നു ദിവസങ്ങളിലായി നടന്ന വെടിക്കെട്ട് ചൊവ്വാഴ്ച സമാപിച്ചു. അൽ വക്റ ഓൾഡ് സൂഖിലെ വെടിക്കെട്ട് ബുധനാഴ്ച സമാപിക്കും. ഇതിനു പിന്നാലെ വിസിറ്റ് ഖത്തർ നേതൃത്വത്തിൽ ലുസൈൽ ബൊളെവാഡിൽ ലുസൈൽ സ്കൈ ഫെസ്റ്റിവലിന് കൊടിയേറും.
പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പൊലീസ് ബാൻഡ് സംഘത്തിന്റെ പ്രകടനം
ഏപ്രിൽ മൂന്ന്, നാല്, അഞ്ച് തീയതികളിൽ വൈകീട്ട് നാലു മുതൽ രാത്രി 10 വരെയാണ് ആകാശത്ത് വർണവിസ്മയം തീർക്കുന്ന സ്കൈ ഫെസ്റ്റിവൽ അരങ്ങേറുന്നത്. സർക്കാർ, പൊതു മേഖലകളിൽ ഒമ്പത് ദിവസത്തോളം അവധി നൽകിയപ്പോൾ പ്രവാസികൾ ഉൾപ്പെടെ നിരവധി പേർ നാട്ടിലെത്തി ബന്ധുക്കൾക്കൊപ്പവും, ചിലർ ജി.സി.സി ഉൾപ്പെടെ വിദേശ യാത്രകൾ നടത്തിയുമാണ് പെരുന്നാൾ ആഘോഷിക്കുന്നത്.
കതാറയിൽ അവതരിപ്പിച്ച അർദ വാൾ നൃത്തം
കേരളത്തിൽ വേനൽ അവധി തുടങ്ങിയതോടെ മാർച്ച് അവസാന വാരം മുതൽ തന്നെ നിരവധി പ്രവാസികൾ സന്ദർശക വിസയിൽ കുടുംബത്തെയും ഖത്തറിലെത്തിച്ചിട്ടുണ്ട്. സാധാരണ ഫെസ്റ്റിവൽ സീസൺ പോലെ വിമാന ടിക്കറ്റ് നിരക്കിൽ തീക്കൊള്ളയില്ലെന്നതും പ്രവാസികൾക്ക് അനുഗ്രഹമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

