അമീർ കപ്പിൽ കിരീടപ്പോരാട്ടം
text_fieldsദോഹ: വർഷങ്ങളായി ഖത്തറിലെ ക്ലബ് കിരീടങ്ങൾ സ്വന്തമാക്കി വാണ അൽ സദ്ദും അൽ ദുഹൈലും അൽ അറബിയും ഉൾപ്പെടെ ടീമുകൾ പാതിവഴിയിൽ വീണ അമീർ കപ്പിൽ ഇന്ന് ക്ലാസിക് ഫൈനൽ. അട്ടിമറി കുതിപ്പുമായി ഫൈനലിൽ പ്രവേശിച്ച അൽ റയ്യാനും അൽ ഗറാഫയും കിരീട നിർണയ അങ്കത്തിൽ മുഖാമുഖം കളത്തിലിറങ്ങും. ശനിയാഴ്ച രാത്രി ഏഴിന് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഫുട്ബാൾ ആരാധകലോകം കാത്തിരിക്കുന്ന വീറുറ്റ പോരാട്ടം. ക്വാർട്ടർ ഫൈനൽ പ്രവേശനം വരെ ആരും സാധ്യത കൽപിക്കാത്ത രണ്ടു ടീമുകളാണ് ഇന്ന് സായാഹ്നത്തിൽ ഖത്തറിലെ ഏറ്റവും തിളക്കമേറിയ ടൂർണമെന്റിന്റെ കലാശപോരാട്ടത്തിൽ പന്തു തട്ടുന്നത്. പ്രീക്വാർട്ടറിന് മുമ്പ് അൽ റയ്യാൻ കോച്ച് ആർതർ ജോർജിനും, അൽ ഗറാഫയുടെ പെഡ്രോ മാർടിനസിനും പക്ഷേ, തങ്ങളുടെ ടീമിന് ഫൈനൽ പ്രവേശനത്തിൽ സംശയമുണ്ടായിരുന്നില്ല. മികച്ച പ്രകടനവുമായി കുതിക്കുന്ന സംഘം കിരീടം സ്വന്തമാക്കുമെന്ന പ്രവചനം ശരിവെച്ച് ഇരുവരും ഇപ്പോൾ ഫൈനലിലെത്തി. ഇനി ഇത് ആരുടെ കിരീടമെന്ന് ഇന്നറിയാം. സെമിയിൽ ഉംസലാലിനെ 4-2ന് തോൽപിച്ചായിരുന്നു അൽ ഗറാഫയുടെ ഫൈനൽ പ്രവേശനം. മറ്റൊരു സെമിയിൽ അൽ റയ്യാൻ 3-0ത്തിന് അൽ അഹ്ലിയെയും തോൽപിച്ചു. ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരും, 19 തവണ കിരീടത്തിൽ മുത്തമിട്ടവരുമായ അൽ സദ്ദിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയായിരുന്നു ഗറാഫയുടെ നാടകീയ കുതിപ്പ്.
അമീർ കപ്പ് ഫൈനലിനിറങ്ങുന്ന അൽ ഗറാഫ ടീം അംഗങ്ങൾ പരിശീലനത്തിൽ
2013ൽ അൽ റയാൻ കിരീടം ചൂടിയശേഷം നടന്ന അമീർ കപ്പ് ടൂർണമെന്റുകളിൽ അൽ സദ്ദും ദുഹൈലും മാറിമാറിയായിരുന്നു കിരീടം പങ്കുവെച്ചത്. ഇതിനിടയിൽ ഒരുതവണ അൽ അറബി വിജയിച്ചത് മാത്രമുണ്ട് അപവാദം. 2012ലാണ് അൽ ഗറാഫ അവസാനമായി കിരീടം സ്വന്തമാക്കിയത്. 2021ലും 2022ലുമായി ഇന്നത്തെ ഫൈനലിസ്റ്റുകൾ കലാശപ്പോരാട്ടത്തിലെത്തിയെങ്കിലും നിരാശയോടെ മടങ്ങി. ഖത്തർ സ്റ്റാർസ് ലീഗിലെ ടോപ് സ്കോററായ ബ്രസീലിയൻ സ്ട്രൈക്കർ റോജർ ഗ്യൂഡസ്, തിയാഗോ മെൻഡിസ്, പരഗ്വേൻ മുന്നേറ്റ താരം ആഡം ബരേറോ, ബെൽജിയൻ മധ്യനിരക്കാരൻ ജൂലിയൻ ഡി സാർട് എന്നിവരാണ് അൽ റയ്യാൻ കരുത്ത്. അൽ ഗറാഫ നിരയും മോശമല്ല. റയൽ മഡ്രിഡിന്റെ മുൻ താരം ഹൊസേലു നയിക്കുന്ന ഗറാഫ മുന്നേറ്റത്തിൽ യാസിൻ ബ്രാഹിമി, റോഡ്രിഗോ, തുനീഷ്യൻ ഇന്റർനാഷനൽ ഫെർജാനി സാസി എന്നിവരാണ് തുറുപ്പു ശീട്ടുകൾ.
അമീർ കപ്പ് ഫൈനലിനിറങ്ങുന്ന അൽ റയ്യാൻ ടീം അംഗങ്ങൾ പരിശീലനത്തിൽ
ഗാലറി നിറയും; യാത്രാ സജ്ജീകരണവുമായി മെട്രോ
ഖത്തറിലെ ക്ലബ് ഫുട്ബാളിലെ വമ്പൻ പോരാട്ടമായ അമീർ കപ്പിന്റെ ഫൈനലിൽ ഖലീഫ സ്റ്റേഡിയം നിറഞ്ഞു കവിയും. 44,000 ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയത്തിലെ ടിക്കറ്റുകളുടെ 85 ശതമാനം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റഴിഞ്ഞു. സ്റ്റേഡിയത്തിൽ ആരാധകർക്ക് എത്തിച്ചേരാൻ വിപുലമായ സൗകര്യങ്ങളാണ് അധികൃതർ ഒരുക്കിയത്.
ആരാധകരുടെ യാത്രക്കായി ദോഹ മെട്രോയും സജ്ജമായിക്കഴിഞ്ഞു. ഗോൾഡ് ലൈൻ മെട്രോയിൽ സ്പോർട്സ് സിറ്റി സ്റ്റേഷനിൽ ഇറങ്ങി സ്റ്റേഡിയത്തിൽ എത്തിച്ചേരാം. സ്റ്റേഡിയം ഗേറ്റുകൾ വൈകീട്ട് നാലിനുതന്നെ തുറന്നുനൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

