പെരുന്നാൾ തിരക്കേറുന്നു
text_fieldsപെരുന്നാളിനോടനുബന്ധിച്ച് സഫാരി മാളിൽ ഗാർമെന്റ്സ് ആൻഡ് റെഡിമെയ്ഡ് വിഭാഗത്തിൽ ഒരുക്കിയ കലക്ഷൻ
ദോഹ: റമദാൻ അവസാന വാരത്തിലേക്ക് പ്രവേശിച്ചതോടെ ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളും ഷോപ്പിങ് മാളുകളിലും വലിയ തിരക്ക്. ഈദ് വിപണി ലക്ഷ്യമിട്ട് ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളും, റീട്ടെയിൽ സ്ഥാപനങ്ങളും വിപുലമായ സ്റ്റോക്കുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. ലുലു മാൾ, ഗ്രാൻഡ് മാൾ, മാർക്ക് ആൻഡ് സേവ്, ഫാമിലി ഫുഡ് സെന്റർ, മർസ തുടങ്ങിയ പ്രധാന ഹൈപ്പർമാർക്കറ്റ് -ഷോപ്പിങ് മാളുകളിലെല്ലാം വർണാഭമായ റമദാൻ അലങ്കാരങ്ങൾ ഒരുക്കിയാണ് ഉപഭോക്താക്കളെ ക്ഷണിക്കുന്നത്.
ഈദ് ആഘോഷങ്ങളുടെ അവിഭാജ്യമായ മധുരപലഹാരങ്ങൾ, ചോക്ലേറ്റുകൾ, നട്സുകൾ എന്നിവ വിപണിയിൽ വൻ ഡിമാന്റാണ്. ഫ്രഷ് ഫുഡ്, റെഡിമെയ്ഡ് ആൻഡ് ഗാർമന്റ്സ്, ഊദ്, പെർഫ്യും തുടങ്ങി സുഗന്ധദ്രവ്യങ്ങൾ വാങ്ങാനും വിപണിയിൽ വലിയ തിരക്കാണുള്ളത്.
ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃഖലയായ സഫാരി മാളിൽ പെരുന്നാൾ പ്രമാണിച്ച് എല്ലാ വിഭാഗങ്ങളിലും വിപുലമായ സ്റ്റോക്കുകളാണ് ഒരുക്കിയിട്ടുള്ളത്. ഫ്രഷ് ഫുഡ്, റെഡിമെയ്ഡ് ആൻഡ് ഗാർമന്റ്സ്, ഫുട്ട് വെയർ,ബേക്കറി ആൻഡ് ഹോട്ട്ഫുഡ്, ഫ്രോസൺ ആൻ ഗ്രോസറി വിഭാഗം, ഹൗസ് ഹോൾഡ് വിഭാഗം, കോസ്മറ്റിക്സ് തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും വിപുലമായ ശേഖരം ആകർഷകമായ വിലയിൽ ലഭ്യമാണ്. ചൈന, ഇന്ത്യ, തുർക്കിയ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നാണ് ആവശ്യ സാധനങ്ങൾ എത്തിച്ചിട്ടുള്ളത്. പെരുന്നാൾ ഷോപ്പിങ്ങിനോടനുബന്ധിച്ച് ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ആകർഷകമായ വിലയിൽ പ്രിയപ്പെട്ട ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് സഫാരി മാൾ പർച്ചേസ് മാനേജർ രാജേഷ് പറഞ്ഞു. കൂടാതെ, ഗാർമന്റ്സ് വിഭാഗത്തിൽ ബേ 2 ഗെറ്റ് 1 ഓഫറും ലഭ്യമാണ്. പെരുന്നാൾ പ്രമാണിച്ച് സഫാരിയുടെ എല്ലാ ഔട്ട് ലെറ്റുകളും പുലർച്ചെ രണ്ടുമണിവരെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ പ്രത്യേക സാഹചര്യങ്ങൾക്കിടയിലും വിപണിയിൽ ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കായിട്ടുണ്ട്. രാജ്യത്തിന്റെ ഭക്ഷ്യ -ജല സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നേരത്തെ ഒമ്പത് മാസത്തേക്കുണ്ടായിരുന്ന ഭക്ഷ്യശേഖരം 18 മാസത്തേക്ക് ആവശ്യമായ രീതിയിൽ ഉറപ്പാക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കൂടുതൽ വിതരണ ലൈനുകൾ തുറന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ വിപണി സുസ്ഥിരമായി നിലനിർത്തുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും വാണിജ്യ വ്യവസായ മന്ത്രാലയം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും സാധനങ്ങൾ വാങ്ങുന്നതിനായി രാജ്യത്തെ 60 റീട്ടെയിൽ ഔട്ട്ലെറ്റുകൾ 24 മണിക്കൂറും പ്രവർത്തനം ഉറപ്പാക്കയിട്ടുണ്ട്.
കൂടാതെ, രാജ്യത്തെ 138 ഭക്ഷ്യ -കുടിവെള്ള ഫാക്ടറികൾ അവയുടെ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. സാധനങ്ങളുടെ ഉൽപാദനത്തിലും വിതരണത്തിലും തടസ്സമില്ലെന്ന് ഉറപ്പാക്കാനും വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കാനും ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും അധികൃതർ തുടർച്ചയായി നിരീക്ഷണം നടത്തുന്നുണ്ട്. ഭക്ഷണസാധനങ്ങളും മറ്റ് നിത്യോപയോഗ വസ്തുക്കളും യഥേഷ്ടം ലഭ്യമാണെന്നത് പൗരന്മാർക്കും താമസക്കാർക്കും ആശ്വാസം നൽകുന്നു.
നിലവിലെ സാഹചര്യം മുതലെടുത്ത് സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതും സാധനങ്ങൾ പൂഴ്ത്തിവെക്കുന്നതും തടയാൻ കർശനമായ പരിശോധനകളും മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തുടരുകയാണ്. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. വിപണിയിൽ എന്തെങ്കിലും ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ 16001 എന്ന നമ്പറിൽ മന്ത്രാലയത്തെ അറിയിക്കാം.
ഉപഭോക്താക്കൾ ആവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങണമെന്നും, പരിഭ്രാന്തരായി സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം ഓർമപ്പെടുത്തി. വിപണിയിലെ ലഭ്യതയെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. രാജ്യത്തെ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ എല്ലാ അവശ്യസാധനങ്ങളും സുലഭമായി ലഭ്യമാണെന്നും യാതൊരുവിധ ക്ഷാമവുമില്ലെന്നും മന്ത്രാലയം ഉറപ്പുനൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

