പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ സജ്ജമായി ഗതാഗത വകുപ്പ്
text_fieldsദോഹ: ആഗസ്റ്റ് 29ന് പുതിയ അധ്യയന വർഷം തുടങ്ങുേമ്പാൾ, ഒരുക്കങ്ങളുമായി ഗതാഗത ജനറൽ ഡയറക്ടറേറ്റ് പൂർണ സജ്ജമാണെന്ന് ട്രാഫിക് ബോധവത്കരണ വിഭാഗം മേധാവി കേണൽ മുഹമ്മദ് റാദി അൽ ഹാജിരി പറഞ്ഞു. എല്ലാ വർഷവും പോലെ ഇത്തവണയും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി സ്കൂളുകൾക്ക് സമീപപ്രദേശങ്ങളിൽ സുരക്ഷയും സംരക്ഷണവും നൽകുന്നതിന് വകുപ്പ് സജ്ജമായിട്ടുണ്ടെന്നും എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായും കേണൽ അൽ ഹാജിരി കൂട്ടിച്ചേർത്തു.
സ്കൂളുകളിൽനിന്ന് പുറത്തേക്കും സ്കൂളുകളിലേക്കുമുള്ള എല്ലാ റോഡുകളിലും പൊലീസ് പേട്രാളിങ് ശക്തമാക്കുമെന്നും പ്രധാന റോഡുകളോടും ഇൻറർസെക്ഷനുകളോടും ചേർന്ന് കിടക്കുന്ന സ്കൂൾ റോഡുകളിൽ പേട്രാളിങ് കൂടുതൽ ശക്തമാക്കുമെന്നും സമഗ്രമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാന ഇൻറർസെക്ഷനുകളിലും റൗണ്ട് എബൗട്ടുകളിലും സ്കൂൾ സമയങ്ങളിലെ തിരക്ക് കുറക്കുന്നതിനായി പൊലീസിനെയും പേട്രാളിങ് വാഹനങ്ങളെയും വിന്യസിക്കും. ഗതാഗതക്കുരുക്ക് കുറക്കുന്നതിന് സമാന്തര മാർഗങ്ങൾ ആവിഷ്കരിക്കും. വിദ്യാർഥികളുടെ പോക്കുവരവ് കൂടുതൽ സുരക്ഷിതമാക്കുന്നതിന് വകുപ്പ് സർവ സന്നാഹമാണെന്നും അദ്ദേഹം അൽ ശർഖ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
വിദ്യാർഥികൾക്കിടയിൽ ബോധവത്കരണം ശക്തമാക്കുന്നതിന് പ്രത്യേക ബോധവത്കരണ പരിപാടികൾ തയാറാക്കിയിട്ടുണ്ട്. കൂടുതൽ വിദ്യാർഥികളിലേക്ക് ബോധവത്കരണം എത്തിക്കുന്നതിന് വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യകളുടെ സഹായവും തേടും. ഗതാഗത നിയമങ്ങൾ സംബന്ധിച്ചും സുരക്ഷ നടപടികളുമായി ബന്ധപ്പെട്ടും എല്ലാ സ്റ്റാൻഡേർഡുകളിലെയും വിദ്യാർഥികൾക്കിടയിൽ ബോധവത്കരണം സൃഷ്ടിക്കുകയാണ് ലക്ഷ്യം- അദ്ദേഹം പറഞ്ഞു. അധ്യയനവർഷത്തിലുടനീളം വിദ്യാർഥികൾക്കിടയിലെ ബോധവത്കരണ പ്രക്രിയ നീളുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

