നാളുകളെണ്ണിത്തുടങ്ങി; ഇനി ഖത്തർ റണ്ണിലേക്ക്
text_fields‘ഗൾഫ് മാധ്യമം’ ഖത്തർ റൺ ആറാം സീസൺ ഔദ്യോഗിക ലോഞ്ചിങ് ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ സി.ഇ.ഒ അബ്ദുല്ല മുഹമ്മദ് അൽ ദോസരി നിർവഹിക്കുന്നു. ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റ് റീജ്യനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ,
ഗൾഫ് മാധ്യമം റീജനൽ മാനേജർ സാജിദ് ടി.എസ് എന്നിവർ സമീപം
ദോഹ: ഖത്തറിലെ കായിക പ്രേമികളുടെ പ്രധാന കലണ്ടർ ഇവന്റായി മാറിയ ‘ഗൾഫ് മാധ്യമം’ ഖത്തർ റൺ ആറാം സീസൺ കുതിപ്പിന് വിസിൽ മുഴങ്ങാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. ഫെബ്രുവരി 14ന് ആസ്പയർ പാർക്കിൽ നടക്കുന്ന ‘ഖത്തർ റൺ’ പോരാട്ടങ്ങളുടെ ഔദ്യോഗിക ലോഞ്ചിങ് ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ (ക്യൂ.എസ്.എഫ്.എ) സി.ഇ.ഒ അബ്ദുല്ല മുഹമ്മദ് അൽ ദോസരി നിർവഹിച്ചു.
ക്യൂ.എസ്.എഫ്.എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കലും പങ്കെടുത്തു.
ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ‘ഗൾഫ് മാധ്യമം’ നേതൃത്വത്തിൽ ആസ്പയർ പാർക്കിൽ നടക്കുന്ന റണ്ണിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ‘ഖത്തർ റൺ’ പോസ്റ്റർ പ്രകാശനം നിർവഹിച്ചുകൊണ്ട് ക്യൂ.എസ്.എഫ്.എ സി.ഇ.ഒ അബ്ദുല്ല മുഹമ്മദ് അൽ ദോസരി പറഞ്ഞു.
ഖത്തർ കായിക മന്ത്രാലയത്തിനു കീഴിൽ കായിക പരിപാടികളുടെ സംഘാടനത്തിനും പ്രോത്സാഹനത്തിനുമായി പ്രവർത്തിക്കുന്ന ക്യൂ.എസ്.എഫ്.എയുടെ പിന്തുണയോടെയാണ് ഇത്തവണ ഖത്തർ റൺ സംഘടിപ്പിക്കുന്നത്. ഗൾഫ് മാധ്യമം റീജനൽ മാനേജർ സാജിദ് ടി.എസ്, റേസ് ഡയറക്ടർ സിയാദ് റഹിം, സീനിയർ കറസ്പോണ്ടന്റ് കെ. ഹുബൈബ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ജാബിർ അബ്ദുറഹ്മാൻ, നബീൽ മാരാത്ത് (സർകുലേഷൻ മാനേജർ), ആർ.ജെ അച്ചു (റേഡിയോ സുനോ) എന്നിവർ ലോഞ്ചിങ് ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ അഞ്ചു സീസണുകളിലായി സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 60ഓളം രാജ്യക്കാരുടെ വമ്പൻ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഖത്തർ റൺ കൂടുതൽ വൈവിധ്യങ്ങളുമായാണ് ആറാം സീസണിന് ഒരുങ്ങുന്നത്. പ്രവാസികളിലും സ്വദേശികളിലും ആരോഗ്യകരമായ ജീവിതശൈലികൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് എല്ലാ വർഷങ്ങളിലും വിവിധ ദൂരവിഭാഗങ്ങളിലായി ‘ഖത്തർ റൺ’ സംഘടിപ്പിക്കുന്നത്.
10 കിലോമീറ്റർ, 5 കി.മീറ്റർ, 2.5 കി.മീറ്റർ, കുട്ടികൾക്കുള്ള 800 മീറ്റർ തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം. പുരുഷ, വനിതകൾക്കായി ഓപൺ-മാസ്റ്റേഴ്സ് മത്സരങ്ങളാണുള്ളത്. ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ ആസ്പയർ പാർക്കിൽ നടക്കുന്ന റണ്ണിന് ‘ക്യൂ ടിക്കറ്റ്സ് വഴി (www.events.q-tickets.com)എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.
‘എല്ലാവർക്കും ഖത്തർ റണ്ണിലേക്ക് സ്വാഗതം’
‘എല്ലാവർക്കും ഖത്തർ റണ്ണിലേക്ക് സ്വാഗതം. സ്പോർട്സും വ്യായാമവും ഓരോരുത്തരുടെയും ജീവിതത്തിന്റെ പ്രധാന ഘടകങ്ങളാണ്. ആരോഗ്യകരമായ ജീവിതത്തിൽ സ്പോർട്സിന് നിർണായക പങ്കുണ്ട്. വളരെ വ്യത്യസ്തവും ആകർഷകവുമായ ഖത്തർ റണ്ണിൽ കുടുംബവുമൊന്നിച്ച് പങ്കാളികളാകാൻ എല്ലാവരെയും ക്ഷണിക്കുന്നു. എല്ലാവർക്കും വലിയ ആസ്വാദനവും ഉന്മേഷവും നൽകുന്ന പരിപാടിയായിരിക്കും ഖത്തർ റൺ എന്നുറപ്പാണ്’
-അബ്ദുല്ല മുഹമ്മദ് അൽ ദോസരി (സി.ഇ.ഒ, ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ)
‘അഭിമാനകരമായ പങ്കാളിത്തം’
‘ആറാം സീസണിലെത്തിയ ഗൾഫ് മാധ്യമം ഖത്തർ റണ്ണുമായി എക്കാലവും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഒന്നിച്ചു നിൽക്കുന്നുവെന്നത് അഭിമാനകരമാണ്. വിവിധ രാജ്യങ്ങളിൽനിന്നുള്ള കായികതാരങ്ങളുടെ വലിയ പങ്കാളിത്തമാണ് ഖത്തർ റണ്ണിനെ വ്യത്യസ്തമാക്കുന്നത്. കായികമേഖലയുടെ അഭിവൃദ്ധിക്കായി ഖത്തർ നൽകുന്ന പിന്തുണ ശ്രദ്ധേയമാണ്. ഓരോ കായിക മേളകളെയും ഏറ്റെടുക്കുന്ന പ്രവാസികളുടെ സജീവ പങ്കാളിത്തവും അഭിമാനകരമാണ്. ‘ഗൾഫ് മാധ്യമം’ ഖത്തർ റൺ ആറാം സീസണിന് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ആശംസകളും നേരുന്നു’
-അഷ്റഫ് ചിറക്കൽ (റീജനൽ ഡയറക്ടർ, ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റ്)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.