അനിശ്ചിതത്വത്തിെൻറ പകൽ
text_fieldsദോഹ: മണിക്കൂറുകൾ മാത്രമായിരുന്നു അനിശ്ചിതത്വമെങ്കിലും നാട്ടിലും ഇവിടെയുമുള്ള ഖത്തർ പ്രവാസികളുടെ മനസ്സിൽ തീക്കോരിയിട്ട പകലായിരുന്നു കഴിഞ്ഞത്. ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളും ഇന്ത്യയിലേക്കുള്ള വ്യോമഗതാഗതത്തിന് വിലക്കേർപ്പെടുത്തിയപ്പോൾ ഇരുകൈകളും നീട്ടി സ്വീകരിച്ച രാജ്യമാണ് ഖത്തർ. ആർ.ടി.പി.സി.ആർ ടെസ്റ്റും 10 ദിവസ നിർബന്ധ ക്വാറൻറീനും പാലിച്ചാൽ ആർക്കും നാട്ടിലേക്ക് പോയി തിരിച്ചുവരാം. ക്വാറൻറീൻ എന്ന ദുരിതകാലം താണ്ടിയാലും തടസ്സങ്ങളില്ലാത്ത യാത്ര ഉറപ്പാണെന്നതായിരുന്നു മറ്റു ജി.സി.സികളിൽനിന്ന് വ്യത്യസ്തമായി ഖത്തർ പ്രവാസികൾക്ക് ആശ്വാസമായതും. എന്നാൽ, ഈ വിശ്വാസങ്ങളിലേക്ക് തീക്കോരിട്ട മണിക്കൂറുകളായിരുന്നു ബുധനാഴ്ച അർധരാത്രിക്കും വ്യാഴാഴ്ച വൈകുന്നേരത്തിനുമിടയിൽ സംഭവിച്ചത്.
ഇന്ത്യ- ഖത്തർ എയർ ബബ്ൾ കരാർ പുതുക്കുന്നതിൽ കാലതാമസം നേരിട്ടതോടെ നാട്ടിലേക്കും തിരിച്ചും പറക്കാൻ ഷെഡ്യൂൾ ചെയ്ത വിമാനക്കമ്പനികൾ തുടർച്ചയായി യാത്രാസമയം മാറ്റിക്കൊണ്ടിരുന്നു. ഒടുവിൽ എയർ ഇന്ത്യയും ഇൻഡിഗോ എയർലൈൻസും ഷെഡ്യൂൾ കാൻസൽ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തതോടെ ആശങ്കകൾ ഉച്ചസ്ഥായിയിലായി.
ടെൻഷൻ, പിന്നെ ആശ്വാസം
ദോഹയിൽനിന്ന് രാവിലെ 7.30 കണ്ണൂരിലേക്ക് പറക്കാനിരുന്ന ഇൻഡിഗോ എയർലൈനിലെ യാത്രക്കാരനായിരുന്നു കണ്ണൂർ ജില്ല ആശുപത്രിക്കുസമീപം താമസിക്കുന്ന റിയാസ്. അവധിക്ക് നാട്ടിൽ പോകാൻ നേരത്തെ ടിക്കറ്റെടുത്ത ഇദ്ദേഹം, ബുധനാഴ്ചതന്നെ കോവിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റ് പൂർത്തിയാക്കി നെഗറ്റിവ് സർട്ടിഫിക്കറ്റുമായി തയാറായി. ഇതിനിടെയാണ് ബുധനാഴ്ച അർധരാത്രിയോടെ യാത്രാസമയം 10.30ലേക്ക് മാറ്റിയതായി വിമാനക്കമ്പനിയുടെ അറിയിപ്പ് മെയിൽ വഴിയും ഫോൺ വഴിയുമെത്തുന്നത്. വ്യാഴാഴ്ച രാവിലെ യാത്രക്കുള്ള ഒരുക്കങ്ങൾക്കിടെ അടുത്ത സന്ദേശമെത്തി. വിമാനം പുറപ്പെടുന്ന സമയം വൈകീട്ട് നാലിലേക്ക് മാറ്റിയിരിക്കുന്നുവെന്ന്. ശേഷം ഇൻഡിഗോ ഓഫിസിലെത്തിയപ്പോൾ അറിയുന്നത് വിമാനം റദ്ദാക്കിയെന്ന്.
വ്യാഴാഴ്ച പകലിൽ റിയാസിെൻറ മാത്രം അവസ്ഥയല്ല ഇത്. വീടണയാനായി നാളുകൾ എണ്ണി കാത്തിരിക്കവെ, അപ്രതീക്ഷിതമായി യാത്ര മുടങ്ങി നിരാശയിലായ ഇരുനൂറോളം മലയാളിയാത്രക്കാരുടെ സ്ഥിതി ഇതായിരുന്നു. ഭാര്യയും മക്കളുമായി കുടുംബസമേതം പുറപ്പെട്ട്, യാത്ര മുടങ്ങിയവരുമുണ്ട് കൂട്ടത്തിൽ. നാലും അഞ്ചും പേരുള്ള യാത്രാസംഘം 1500 റിയാൽ വരെ മുടക്കി ആർ.ടി.പി.സിആർ ടെസ്റ്റ് ചെയ്താണ് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയത്.
ഇതിനിടയിലായിരുന്നു അപ്രതീക്ഷിതമായ തടസ്സങ്ങൾ. തുടർന്ന്, വിമാനക്കമ്പനി ഓഫിസിലും ഇന്ത്യൻ എംബസിയിലും മാധ്യമ ഓഫിസുകളിലും ആശങ്കയോടെ നിരന്തരം ബന്ധപ്പെട്ടു. ഇന്ത്യൻ എംബസി ഓഫിസുകളിൽ നിരന്തര ബന്ധപ്പെടുേമ്പാഴും ആശങ്ക പരിഹരിക്കാൻ ശ്രമംനടക്കുന്നു, വൈകാതെ നല്ലവാർത്ത എത്തും എന്നായിരുന്നു മറുപടികൾ.
ഒടുവിൽ ഉച്ച രേണ്ടാടെ ആശ്വാസവാർത്തയെത്തി. ഇന്ത്യ-ഖത്തർ എയർ ബബ്ൾ കരാർ പുനഃസ്ഥാപിച്ചു, വിമാന സർവിസ് പതിവ് ഷെഡ്യൂൾ പ്രകാരം പുനരാരംഭിക്കുമെന്നാണ് അറിയിപ്പ്.എന്നാൽ, വ്യാഴാഴ്ച രാവിലെ പുറപ്പെടാനിരുന്ന വിമാനങ്ങൾ ജൂൈല മൂന്നിന് പുലർച്ചയിലേക്കാണ് റീ ഷെഡ്യൂൾ ചെയ്തത്. ഇവർക്കെല്ലാം ആർ.പി.സി.ആർ ടെസ്റ്റ് വീണ്ടും നടത്തേണ്ട അവസ്ഥയിലാണ്.
കണ്ണൂരിലേക്കുള്ള ഇൻഡിഗോ എയർലൈൻ യാത്ര റദ്ദാക്കിയതോടെ, വ്യാഴാഴ്ച കണ്ണൂരിൽനിന്ന് തിരിച്ച് ദോഹയിലേക്കുള്ള സർവിസും മുടങ്ങി. ഖത്തറിൽ ഹോട്ടൽ ക്വാറൻറീൻ ബുക്ചെയ്ത് യാത്രക്കൊരുങ്ങിയവരാണ് ഇവർ. വിമാനം റദ്ദായാൽ ക്വാറൻറീൻ തീയതി െചലവില്ലാതെതന്നെ പുതുക്കാമെന്നാണ് 'ഡിസ്കവർ ഖത്തർ' നിയമമെങ്കിലും മുകയ്നിസ് ഉൾപ്പെടെയുള്ളവ തിരഞ്ഞെടുത്തവർക്ക് തിരിച്ചടിയാവും. നിലവിൽ ഈ മാസം 23വരെ മുകയ്നിസുകളിൽ ഒഴിവില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, ഹോട്ടൽ ക്വാറൻറീൻ തിരഞ്ഞെടുത്തവർക്ക് പ്രയാസമുണ്ടാവില്ല.
എന്താണ് സംഭവിച്ചത്?
കോവിഡ് വ്യാപനം മുതൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ഇന്ത്യയിൽനിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര യാത്രാവിമാന സർവിസ് വിലക്കിയിരിക്കുകയാണ്. ജൂൺ 30വരെ വിലക്ക് തുടരമെന്നാണ് മേയിലെ ഡി.ജി.സി.എ സർക്കുലറിലെ ഉത്തരവ്. കഴിഞ്ഞ അർധരാത്രിയിൽ അവസാനിക്കുന്ന ഈ വിലക്ക് ജൂലൈ 31വരെ നീട്ടിക്കൊണ്ടുള്ള അറിയിപ്പ് ബുധനാഴ്ച രാത്രി മാത്രമാണ് പുറത്തുവന്നത്. എന്നാൽ, ഇതിനിടയിൽ ഖത്തർ ഉൾെപ്പടെ യാത്രാ ഇളവുള്ള രാജ്യങ്ങളിലേക്ക് സർവിസ് നടത്തുന്നതുമായി ബന്ധപ്പെട്ട എയർബബ്ൾ കരാർ പുതുക്കുന്നതിൽ കാലതാമസമുണ്ടായി.
കരാർ കാലാവധി കഴിഞ്ഞതോടെ കഴിഞ്ഞ അർധരാത്രി മുതൽ ഇരുരാജ്യങ്ങൾക്കുമിടയിലെ വിമാനയാത്ര തടസ്സപ്പെടുകയും ചെയ്തു. പുലർച്ചെ മുതൽ ഇൻഡിഗോ, എയർ ഇന്ത്യ എന്നിവയുടെ സർവിസ് മുടങ്ങിയതോടെ ഉണർന്ന അധികൃതർ പിന്നീട് തിരക്കിട്ട ചർച്ചകളിലൂെട ഉച്ചയോടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയായിരുന്നു.
'ചുരുങ്ങിയ സമയത്തേക്കാണ് ഇന്ത്യക്കും ഖത്തറിനുമിടയിലെ വിമാനയാത്ര മുടങ്ങിയതെങ്കിലും യാത്രക്കാർക്ക് ആശങ്കയുടെ മണിക്കൂറുകളായിരുന്നു അത്. ദോഹയിൽനിന്ന് ഇൻഡിഗോയുടെ ബംഗളൂരു, കണ്ണൂർ, ഹൈദരാബാദ് സർവിസുകളും വ്യാഴാഴ്ച ഇതേ നഗരങ്ങളിൽനിന്ന് ദോഹയിലേക്കുള്ള സർവിസുകളും മുടങ്ങി. എന്നാൽ, എയർ ഇന്ത്യ എക്സ്പ്രസിെൻറ കണ്ണൂർ, മംഗളൂരു, കൊച്ചി സർവിസുകൾ വൈകിയാണെങ്കിലും ഇന്നലെതന്നെ പുറപ്പെട്ടത് യാത്രക്കാർക്ക് ആശ്വാസകരമാണ്.
ഡിസ്കവർ ഖത്തർ നിയമപ്രകാരം വിമാനം കാൻസലായാൽ ക്വാറൻറീൻ തീയതി പുതുക്കി നൽകുമെങ്കിലും മുകയ്നിസ് തിരഞ്ഞെടുത്തവർക്ക് റൂം ലഭ്യത പ്രയാസകരമാവും. നിലവിൽ ഈ മാസം 23 വരെ മുകയ്നിസുകൾ ഒഴിവില്ല. ചുരുങ്ങിയ മണിക്കൂറുകളാണ് വിമാനം മുടങ്ങിയതെങ്കിലും വരുംദിവസങ്ങളിൽ യാത്രചെയ്യേണ്ടവരും പരിഭ്രാന്തരായിരുന്നു. എന്നാൽ, എയർബബ്ൾ കരാർ പുതുക്കിയതോടെ ഈ ആശങ്കക്ക് വകയില്ല'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

