രാജ്യത്ത് ജീവിതച്ചെലവ് വർധിച്ചു
text_fieldsദോഹ: ഖത്തറിലെ ജീവിതച്ചെലവിൽ നേരിയ വർധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. മുൻ മാസത്തേതിൽ നിന്ന് 1.23 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഉപഭോക്തൃ വില സൂചികയെ (സി.പി.ഐ) അടിസ്ഥാനമാക്കിയാണ് ജീവിതച്ചെലവ് കണക്കാക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിലേതിനെ അപേക്ഷിച്ച് 97.11 പോയൻറിലാണ് സി.പി.ഐ എത്തിയിരിക്കുന്നത്. അതേസമയം, മുൻവർഷത്തെ അപേക്ഷിച്ച് ജീവിതച്ചെലവിൽ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 2020ൽ ജനുവരിയിലെ ഉപഭോക്തൃ വില സൂചികയേതിനേക്കാൾ 1.29 ശതമാനം കുറവാണ് ഈ വർഷം ജനുവരിയിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും ആസൂത്രണ സ്ഥിതിവിവര കണക്ക് അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. 12 വിഭാഗങ്ങളിലായി 737 ഇനം ചരക്കുകളും സേവനങ്ങളുമടങ്ങുന്നതാണ് സൂചിക. 2017/2018ലെ ഗാർഹിക വരുമാന -ചെലവ് സർവേ അടിസ്ഥാനമാക്കി കണക്കാക്കിയാണ് സൂചിക തയാറാക്കുന്നത്.
ഗതാഗത മേഖലയിൽ 4.12 ശതമാനം, ഫർണിച്ചർ -വീട്ടുപകരണങ്ങൾ 2.96 ശതമാനം, കമ്യൂണിക്കേഷൻ 2.01, ഭക്ഷ്യ -പാനീയം 1.44 ശതമാനം, വസ്ത്രം -പാദരക്ഷകൾ 1.36 ശതമാനം, റസ്റ്റാറൻറുകൾ -ഹോട്ടലുകൾ 1.30 ശതമാനം, വിദ്യാഭ്യാസം 0.58 ശതമാനം, മറ്റുള്ളവയും സേവനങ്ങളും 0.43 ശതമാനം, വിനോദം- സാംസ്കാരികം 0.22 ശതമാനം എന്നീ മേഖലകളിലാണ് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ജനുവരിയിൽ ഹൗസിങ്, ജലം, വൈദ്യുതി, പാചകവാതകം മറ്റ് ഇന്ധനങ്ങൾ എന്നിവയിൽ 0.83 ശതമാനം കുറവ് രേഖപ്പെടുത്തിയതായും പി.എസ്.എ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ആരോഗ്യ രംഗത്ത് 0.79 ശതമാനവും രേഖപ്പെടുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.