ഖിയ ചാമ്പ്യൻസ് ലീഗിന് നാളെ കിക്കോഫ്
text_fieldsദോഹ: ഖത്തറിലെ പ്രവാസി ഫുട്ബാൾ പ്രേമികൾ കാത്തിരിക്കുന്ന ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന് വ്യാഴാഴ്ച കിക്കോഫ്. ഖത്തർ കായിക മന്ത്രാലയം, ഖത്തർ ഫുട്ബാൾ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ടൂർണമെന്റിന് ദോഹ സ്റ്റേഡിയം വേദിയാകും. എട്ട് പ്രമുഖ ടീമുകൾ കൊമ്പുകോർക്കുന്ന ടൂർണമെന്റിൽ കളിക്കാനായി നാട്ടിൽനിന്നും ഐ.എസ്.എൽ, ഐ ലീഗ് കളിക്കാർ ദോഹയിൽ എത്തിക്കഴിഞ്ഞു. എട്ട് ടീമുകൾ രണ്ട് ഗ്രൂപ്പുകളായാണ് മത്സരിക്കുന്നത്.
ഖത്തറിലെ പ്രമുഖ ടീമുകളായ സിറ്റി എക്സ്ചേഞ്ച് എഫ്.സി, ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്.സി, ഗ്രാൻഡ് മാൾ എഫ്.സി, ഇൻകാസ് ഖത്തർ എഫ്.സി, ഫ്രണ്ട്സ് ഓഫ് തൃശൂർ എഫ്.സി, ഫാൻ ഫോർ എവർ എഫ്.സി, മംഗളുരു എഫ്.സി, ഖത്തർ തമിഴർ സംഘം എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. വ്യാഴം, വെള്ളി എന്നീ വാരാന്ത്യ ദിവസങ്ങളിലായി മേയ് 16 വരെയാണ് ഗ്രൂപ് റൗണ്ട് മത്സരങ്ങൾ. വ്യാഴാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ സിറ്റി എക്സ്ചേഞ്ച് എഫ്.സി- ഫാൻ ഫോർ എവർ എഫ്.സിയെ നേരിടും.
തുടർന്ന് ഫ്രണ്ട്സ് ഓഫ് തൃശൂർ എഫ്.സിയും മംഗളുരു എഫ്.സിയും തമ്മിലാണ് മത്സരം. വെള്ളിയാഴ്ച ഇൻകാസ് ഖത്തർ തമിഴർ സംഘത്തെയും ഫ്രൈഡേ ഫിഫ മഞ്ചേരി ഗ്രാൻഡ് മാൾ എഫ്.സിയെയുമാണ് നേരിടുന്നത്.
സ്കൂൾ ടീമുകൾ മാറ്റുരക്കുന്ന ജൂനിയർ ഖിയ ചാമ്പ്യൻസ് ലീഗിൽ ഒലീവ് ഇന്റർനാഷനൽ സ്കൂൾ, ദോഹ മോഡേൺ ഇന്ത്യൻ സ്കൂൾ, നോബിൾ സ്കൂൾ ലയോള സ്കൂൾ, ഡി.പി.എസ്, ഐഡിയൽ സ്കൂൾ, എം.ഇ.എസ്, ബിർല , എം.ഇ.എസ് ഇന്റർനാഷനൽ എന്നിവർ വ്യാഴം, വെള്ളി ദിവസങ്ങളിലായി കളിക്കും. ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച ഏഴ് മണിക്ക് നടക്കും.
കുടുംബങ്ങൾക്കായി പ്രത്യേക ഇരിപ്പിട സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

