പ്രവാസികളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ കണ്ണടച്ച് കേന്ദ്രവും
text_fieldsഖത്തർ: പ്രവാസികൾ ഏറെ കാലമായി മുറവിളി കൂട്ടുന്ന വിമാന യാത്ര ദുരിതം, മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ചെലവ്, സ്വർണാഭരണം കൊണ്ടുപോകുന്നതിലെ വ്യവസ്ഥകളിലെ അനിശ്ചിതത്വം തുടങ്ങിയവ ഉൾപ്പെടെയുള്ള അടിസ്ഥാന പ്രശ്നങ്ങളിൽ കണ്ണടച്ച് കേന്ദ്ര സർക്കാറും. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു നിർദേശവും മുന്നോട്ടുവെച്ചില്ലെന്നത് നിരാശജനകമാണ്. പ്രവാസി ഇന്ത്യക്കാരുടെ വസ്തു വിൽപന, വിദേശയാത്ര തുടങ്ങിയവുമായി ബന്ധപ്പെട്ടുമുള്ള നികുതികളിൽ കുറവ് വരുത്തിയെന്നതാണ് ഏക ആശ്വാസം.
വിദേശ യാത്ര നികുതി അഞ്ച് ശതമാനത്തിൽനിന്ന് രണ്ട് ശതമാനമായി കുറച്ചിട്ടുണ്ട്. വിദേശ യാത്ര, വിദ്യാഭ്യാസം, മെഡിക്കൽ ആവശ്യം എന്നിവക്കായി പണമയക്കുന്നതിനുള്ള നടപടികളിലും നികുതിയിലും മാറ്റം വരുത്തിയിരിക്കുകയാണ്. പ്രവാസികളുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിനും നികുതി കുറക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. പുനർമൂല്യനിർണയത്തിനു ശേഷവും 10 ശതമാനം അധിക നികുതി അടച്ച് ആദായനികുതി റിട്ടേണുകൾ അപ്ഡേറ്റ് ചെയ്യാൻ നികുതിദായകരെ അനുവദിക്കും.
നാമമാത്രമായ ഫീസ് ഈടാക്കിക്കൊണ്ട് റിട്ടേണുകൾ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്.
ഐ.ടി.ആർ-1, 2 ഫയൽ ചെയ്യുന്ന വ്യക്തികൾക്ക് ജൂലൈ 31 വരെ റിട്ടേണുകൾ സമർപ്പിക്കാം. ഓഡിറ്റ് ചെയ്യാത്ത കേസുകളിലും ട്രസ്റ്റുകൾക്കും റിട്ടേൺ ഫയൽ ചെയ്യാൻ ആഗസ്റ്റ് 31 വരെ സമയപരിധി അനുവദിച്ചു. ഇന്ത്യയിലെ ആസ്തികൾ വിൽപന നടത്തുന്ന എൻ.ആർ.ഐകൾക്ക് നടപടികൾ ലഘൂകരിക്കും. അത്തരം ഇടപാടുകളിൽ ഉറവിടത്തിൽനിന്ന് നികുതി കുറക്കുന്നത് (ടി.ഡി.എസ്) ഇനി ഇന്ത്യയിൽ താമസക്കാരനായ വാങ്ങുന്നയാൾ കൈകാര്യം ചെയ്യണം.
ടാക്സ് ഡിഡക്ഷൻ ആൻഡ് കലക്ഷൻ അക്കൗണ്ട് നമ്പർ (ടാൻ) നേടുന്നതുമായി ബന്ധപ്പെട്ട മുൻ നിബന്ധനകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. 20 ലക്ഷം രൂപയിൽ താഴെ മൂല്യം വരുന്ന സ്ഥാവരമല്ലാത്ത വിദേശ ആസ്തികൾ ക്രമപ്പെടുത്താൻ ചെറുകിട നികുതിദായകരായ എൻ.ആർ.ഐകൾക്ക് അവസരം നൽകുന്ന പുതിയ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്ത്യയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ ഇന്ത്യക്കാരായ പ്രവാസികൾക്കും വിദേശ പാസ്പോർട്ടുള്ള ഇന്ത്യൻ വംശജർക്കും (പി.ആർ.ഒ.ഐ) നിക്ഷേപ അവസരം അഞ്ചിൽനിന്ന് 10 ശതമാനമായി ഉയർത്തിയിട്ടുണ്ട്. പി.ആർ.ഒ.ഐകൾക്ക് ഇന്ത്യയിൽ സിംഗ്ൾ ലിസ്റ്റഡ് കമ്പനികളിൽ ആകെ നിക്ഷേപിക്കാനുള്ള അവസരം 10ൽ നിന്ന് 24 ശതമാനമായും ഉയർത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

