സ്നേഹത്തിൻ്റെ കരുതൽ, നന്മയുടെ മാതൃക, നന്ദിയോടെ, പ്രാർത്ഥനയോടെ...
text_fields1985-ൽ ഖത്തർ റിലിജിയസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം പൂർത്തിയാക്കിയ കാലം. തുടർപഠനത്തിനായി ഖത്തർ, സൗദി, യു.എ.ഇ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ അപേക്ഷ നൽകി കാത്തിരുന്നെങ്കിലും ഫലമൊന്നും കണ്ടില്ല. ആ കാത്തിരിപ്പിനിടയിലാണ് എന്റെ വിഷയം റിലിജിയസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇസ്ലാമിക വിഷയങ്ങളുടെ മിനിസ്ട്രി ഇൻസ്‌പെക്ടറും പ്രഗത്ഭ പണ്ഡിതനുമായിരുന്ന ശൈഖ് അബ്ദുൽ മുഇസ്സ് അബ്ദുസ്സത്താറിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഖത്തർ മിനിസ്ട്രി ഓഫ് ഔഖാഫിൽ ജോലി ചെയ്യുകയായിരുന്ന മൂത്ത സഹോദരൻ കെ.സി. മൊയ്തീൻ കോയയായിരുന്നു ഇതിന് മുൻകൈയെടുത്തത്.
ഖത്തർ ഗവൺമെന്റ് ഈജിപ്തിൽ നിന്ന് പ്രത്യേകം ക്ഷണിച്ചുവരുത്തിയ വ്യക്തിയായിരുന്നു ശൈഖ് അബ്ദുൽ മുഇസ്സ് അബ്ദുസ്സത്താർ. ഖത്തറിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളിലെ പരിഷ്‌കരണ പ്രവർത്തനങ്ങളിലും പാഠപുസ്തക രചനയിലുമൊക്കെ സുപ്രധാന പങ്കുവഹിച്ച പ്രഗത്ഭനായിരുന്നു അദ്ദേഹം. വിടപറഞ്ഞ ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത് അദ്ദേഹത്തെ പഠിപ്പിക്കാനും ശൈഖിന് അവസരം ലഭിച്ചിരുന്നു. ആ പരിചയം അവർ തമ്മിൽ ഊഷ്മളമായൊരു ഗുരുശിഷ്യ ബന്ധം വളർത്തിയെടുക്കുന്നതിനും കാരണമായി. ഇന്ത്യക്കാരോട് സവിശേഷമായ സ്‌നേഹവും താല്പര്യവും പുലർത്തിയിരുന്ന ശൈഖ് അബ്ദുൽ മുഇസ്സ്, എന്റെ യൂണിവേഴ്‌സിറ്റി അഡ്മിഷനുമായി ബന്ധപ്പെട്ട് അന്ന് കിരീടാവകാശിയായിരുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിക്ക് ഒരു കത്തെഴുതി. കടുത്ത ബജറ്റ് നിയന്ത്രണങ്ങളുണ്ടായിരുന്ന ഒരു പൊതുസാഹചര്യമായതിനാൽ അഡ്മിഷൻ ലഭിക്കുമെന്ന കാര്യത്തിൽ വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, ഏറെ വൈകാതെ ഖത്തർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സന്തോഷവാർത്തയെത്തി—ഖത്തർ അമീറിന്റെ പ്രത്യേക പരിഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തി എനിക്ക് അഡ്മിഷൻ അനുവദിച്ചിരിക്കുന്നു! അന്നത്തെ സന്തോഷം വാക്കുകൾക്ക് അതീതമായിരുന്നു.
''നാല് വർഷത്തെ പഠനത്തിന് ശേഷം ആദരണീയനായ അന്നത്തെ അമീർ ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനിയിൽ നിന്നും യൂണിവേഴ്‌സിറ്റി സർട്ടിഫിക്കറ്റും യൂണിവേഴ്‌സിറ്റി എംബ്ലം പതിച്ച വിലപിടിപ്പുള്ള റോളക്‌സ് വാച്ചും അടങ്ങിയ സമ്മാനപ്പൊതി സ്നേഹത്തോടെ ഏറ്റുവാങ്ങി. നാട്ടിലെ ഇസ്ലാഹിയ സ്ഥാപനങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷമുള്ള ഖത്തറിലെ തുടർപഠനവും ഇത്തരം ജീവിതാനുഭവങ്ങളുമാണ് എന്റെ വ്യക്തിത്വത്തെ ആഴത്തിൽ സ്വാധീനിച്ചത്. സ്വന്തം മാതൃരാജ്യത്തോടൊപ്പമോ അതിലേറെയോ ആതിഥേയ രാജ്യത്തോടും ഇവിടുത്തെ ജനതയോടുമുള്ള സ്‌നേഹവും കൂറും ദൃഢമാക്കാൻ ഈ അനുഭവങ്ങൾ കാരണമായി. ആ സ്നേഹത്തിന്റെ വെളിച്ചത്തിലാണ് ഖത്തറിനെ സേവിക്കുന്ന, അതിലൂടെ സ്വന്തം കുടുംബത്തെയും നാടിനെയും പോറ്റുന്ന വലിയൊരു പ്രവാസി സമൂഹത്തിനായി ഒരു ഉത്തമ വിദ്യാലയം പടുത്തുയർത്തുക എന്ന ദൗത്യം ഏറ്റെടുക്കുന്നത്.
അങ്ങനെയാണ് ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിനെ ഖത്തറിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാക്കി വളർത്താനുള്ള ശ്രമങ്ങൾക്ക് തുടക്കമിടുന്നത്. ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി അമീറായിരുന്ന കാലത്ത് തുടക്കം കുറിച്ച ബർവ റിയൽ എസ്റ്റേറ്റ്, ബർവ ബാങ്ക്, ഖത്തർ റെയിൽ, ഖത്തരി ദിയാർ തുടങ്ങിയ വൻകിട സംരംഭങ്ങളുടെ നേതൃനിരയിലുണ്ടായിരുന്ന എന്റെ ക്ലാസ്‌മേറ്റ് കൂടിയായ പ്രിയ സഹോദരൻ ഗാനം സഅദ് മാജിദ് അൽ സഅദ് അൽ കുവാരിയുടെയും, ഖത്തർ ഗവൺമെന്റിന്റെയും വലിയ പിന്തുണ അതിനുണ്ടായിരുന്നു. അതോടൊപ്പം ഖത്തറിലെ ആദ്യകാല പ്രവാസി സംഘടനകളിൽ പ്രമുഖ സ്ഥാനത്തുള്ള ഇന്ത്യൻ ഇസ്‌ലാമിക് അസോസിയേഷന്റെയും (സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി - CIC) സജീവ സഹകരണത്തോടെയാണ് കുറഞ്ഞ ഫീസിൽ മികച്ച വിദ്യാഭ്യാസം നൽകുന്ന, സാധാരണക്കാർക്ക് താങ്ങാനാവുന്ന ശാന്തിനികേതൻ സ്‌കൂൾ കെട്ടിപ്പടുക്കാൻ കഴിഞ്ഞത്.
ഇന്ന് ഇരുപതോളം ഇന്ത്യൻ സ്‌കൂളുകളുള്ള ഖത്തറിൽ അഞ്ച് സ്‌കൂളുകൾക്കാണ് ഖത്തർ ഗവൺമെന്റ് സ്വന്തമായി ഭൂമി അനുവദിച്ച് ആധുനിക രീതിയിലുള്ള കെട്ടിടങ്ങൾ നിർമ്മിക്കാൻ അവസരമൊരുക്കിയത്. മുൻകാല ഭരണാധികാരികൾ മുതൽ ഇന്നുവരെയുള്ള അമീർമാർ തുടർന്നുപോരുന്ന ഉദാരമായ നയത്തിന്റെ ഭാഗമാണിത്. ഖത്തറിൽ മറ്റൊരു പ്രവാസി സമൂഹത്തിനും ലഭിക്കാത്ത സവിശേഷമായൊരു പരിഗണനയാണിത്. വലിയൊരു പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കുന്ന ഖത്തർ ഭരണകൂടത്തിന്റെ ഉത്തമ മാതൃകയാണിത്.
ഇരുരാജ്യങ്ങളുടെയും ഉന്നത നേതാക്കൾ തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്ചകളിൽ എപ്പോഴും അഭിമാനത്തോടെ പങ്കുവെക്കപ്പെടുന്ന രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, ഖത്തർ ഭരണകൂടത്തിൽ നിന്നും ജനങ്ങളിൽ നിന്നും ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് ലഭിക്കുന്ന സവിശേഷ പരിഗണനയിലുള്ള ഇന്ത്യൻ നേതൃത്വത്തിന്റെ സന്തോഷം; രണ്ട്, ഖത്തറിന്റെ വികസന പ്രക്രിയയിൽ അച്ചടക്കത്തോടെയും സർഗ്ഗാത്മകമായും പങ്കാളികളാകുന്ന ഇന്ത്യൻ സമൂഹത്തെക്കുറിച്ചുള്ള ഖത്തർ ഭരണകൂടത്തിന്റെ സംതൃപ്തി. വ്യക്തിപരമായും സാമൂഹികമായും ഇന്ത്യൻ പ്രവാസി സംഘടനകൾ നടത്തിയ നിരന്തര പ്രവർത്തനങ്ങളുടെയും ആതിഥേയ രാജ്യത്തിന്റെ നിയമങ്ങളും സംസ്‌കാരവും ആദരിച്ച് ജീവിക്കാൻ കാണിച്ച വലിയ ജാഗ്രതയുടെയും പ്രതിഫലനമാണ് ഈ നേട്ടം.
ശൈഖ് ഹമദ് അമീറായിരുന്ന കാലത്താണ് പ്രവാസികളോടുള്ള ആദരസൂചകമായി ആഭ്യന്തര മന്ത്രാലയം 'മാതൃകാ പ്രവാസി അവാർഡ്' പ്രഖ്യാപിക്കുന്നത്. ടൊയോട്ട ജി.എം ആയിരുന്ന, ഐഡിയൽ ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റായിരുന്ന വി.പി.കെ അബ്ദുള്ള ഹാജിയാണ് പ്രഥമ അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത് എന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനമാണ്. ആ കാലയളവിൽ 'മാതൃകാ പ്രവാസികളാകുക' എന്ന സന്ദേശം ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ തങ്ങളുടെ പ്രധാന മുദ്രാവാക്യമായി ഏറ്റെടുത്തിരുന്നു. വ്യക്തിജീവിതത്തിലും പ്രവർത്തനമേഖലകളിലും ആ ബോധം വളർത്തിയെടുക്കാൻ കഴിഞ്ഞത് വലിയ മാറ്റങ്ങൾ ഉണ്ടാക്കി. ഇത്തരം നല്ല അനുഭവങ്ങൾ ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സൗഹൃദത്തെ കൂടുതൽ ഊട്ടിയുറപ്പിക്കാൻ പ്രചോദനമാകട്ടെ. ഇതിനേക്കാൾ വലിയ എത്രയോ അനുഭവങ്ങൾ ഇന്ത്യക്കാരായ മറ്റ് പ്രവാസികൾക്കും വ്യത്യസ്ത രാജ്യക്കാർക്കും പറയാനുണ്ടാകും.
ഇന്ന് ഖത്തറിലെ 20 ഇന്ത്യൻ സ്കൂളുകളിലായി പഠിക്കുന്ന മുപ്പതിനായിരത്തോളം വരുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ മാത്രം നോക്കിയാൽ ഈ കാരുണ്യത്തിന്റെ വ്യാപ്തി നമുക്ക് മനസ്സിലാക്കാം. മാത്രമല്ല, ഓരോ വർഷവും ഖത്തറിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്ന് എത്രയോ ഇന്ത്യൻ വിദ്യാർത്ഥികളാണ് ഖത്തർ അമീറിൽ നിന്നും അമീറിന്റെ പത്നിയിൽ നിന്നും ഗോൾഡ് മെഡലുകളും സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങുന്നത്! അവരിൽ പലരും പിന്നീട് ഖത്തറിൽ തന്നെ നല്ല ജോലികൾ നേടുകയും, കുടുംബങ്ങൾ പുലർത്തുകയും, ഈ നാടിന്റെ പുരോഗതിയിൽ പങ്കാളികളാവുകയും ചെയ്യുന്നു. തീർച്ചയായും, ചെറിയ അതിരുകൾക്കുള്ളിൽ വലിയ നിലപാടുകൾ കൊണ്ടും കർമ്മങ്ങൾ കൊണ്ടും വിസ്മയം തീർത്ത വലിയൊരു രാജ്യമാണ് ഖത്തറും ഇവിടുത്തെ ജനതയും നേതൃത്വവും. അവർക്കായി നമുക്ക് എപ്പോഴും പ്രാർത്ഥിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

