പ്രാർഥനക്ക് ഏറ്റവും ഉത്തമമായ ദിനരാത്രങ്ങൾ
text_fieldsയുദ്ധക്കൊതി മൂത്ത സാമ്രാജ്യത്വ ശക്തികൾ അധികാര വിപുലീകരണം മോഹിച്ച് മനുഷ്യരെ കൊലചെയ്യുന്ന ക്രൂരത തുടരുകയാണ്. ഒരു കാരുണ്യവുമില്ലാതെ ജനവാസ കേന്ദ്രങ്ങളിൽ ബോംബിട്ട് കൊലവിളി നടത്തുന്ന കാഴ്ച വേദനാജനകമാണ്. അനിവാര്യമായ യുദ്ധങ്ങൾക്ക് സൈന്യത്തെ നിയോഗിക്കുമ്പോൾ നബി ഉത്തരവിട്ടു. ‘‘നിങ്ങൾ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും വധിക്കരുത്. പഴംകായ്ക്കുന്ന മരങ്ങൾ മുറിക്കരുത്. മഠങ്ങളിൽ ഭജനമിരിക്കുന്നവരെ ആക്രമിക്കരുത്’’. ഇതേ യുദ്ധരീതിയാണ് ഖലീഫമാരും പിന്തുടർന്നത്.
ഖലീഫ ഉമർ സൈന്യത്തെ ഉപദേശിച്ചു: ‘‘നിങ്ങളോട് സമരത്തിന് മുതിരാത്ത കർഷകരുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണം’’ -കൃഷിയെയും കർഷകരെയും യുദ്ധത്തിൽനിന്ന് ഒഴിവാക്കണം എന്നാണ് ഈ നിർദേശത്തിന്റെ ഉദ്ദേശ്യം.
രാഷ്ട്രത്തലവന്മാരെപോലും ബോംബിട്ട് കൊല്ലുന്ന യുദ്ധമുറ സ്വീകരിക്കുന്ന രക്തദാഹികൾ ഇസ്ലാമിന്റെ മാനവീയവശം കാണാതെ മുസ്ലിംകളെ തീവ്രവാദികളും ഭീകരവാദികളുമാക്കുന്നു. ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭയും എന്തുപറഞ്ഞാലും തങ്ങൾക്ക് പ്രശ്നമല്ലെന്ന വൻശക്തിയുടെ ധാർഷ്ട്യം ലോകസമാധാനത്തിന് കനത്ത ഭീഷണിയത്രെ.
അതിരുവിട്ട അതിക്രമങ്ങളും യുദ്ധങ്ങളും നടത്താനായി പുണ്യമാസമായ റമദാൻതന്നെ തിരഞ്ഞെടുക്കുന്നത് ബോധപൂർവമാണ്, അത് ഇസ്ലാമിനോടുള്ള വെല്ലുവിളിതന്നെയായി കരുതണം. ഈയൊരു ഭീഷണിയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ ആശങ്കയിലാണ്. നമ്മുടെ സാമ്പത്തികാവസ്ഥയെ താങ്ങിനിർത്തുന്ന മേഖലയിൽ പ്രതിസന്ധി രൂപപ്പെടുന്നത് സാധാരണക്കാരെപ്പോലും ബാധിക്കുമെന്ന് തീർച്ച.
ഈ കെടുതിയിൽനിന്ന് കരകയറാനും ലോകമൊട്ടുക്ക് സമാധാനം പുനഃസ്ഥാപിക്കപ്പെടാനുമായി പ്രാർഥനാനിർഭരമാവേണ്ട സമയമാണ് വിശുദ്ധ റമദാന്റെ രാവുകൾ. നോമ്പനുഷ്ഠിച്ച് ആത്മവിശുദ്ധി നേടി പവിത്രരാവുകളിൽ ധ്യാനനിരതരായി നാഥനോട് പ്രാർഥിക്കലാണ് നമുക്ക് കരണീയം.
അല്ലാഹു പറയുന്നു: ‘‘എന്റെ ദാസന്മാർ എന്നെപ്പറ്റി നിന്നോട് ചോദിച്ചാൽ പറയുക -ഞാൻ അടുത്തുതന്നെയുണ്ട്. എന്നോട് പ്രാർഥിച്ചാൽ പ്രാർഥിക്കുന്നവന്റെ പ്രാർഥനക്ക് ഞാൻ ഉത്തരം നൽകും (അൽബഖറ:18). പ്രാർഥനയുടെ പ്രാധാന്യം അല്ലാഹു വ്യക്തമാക്കുന്നു: ‘‘പറയുക, നിങ്ങളുടെ പ്രാർഥന ഇല്ലെങ്കിൽ എന്റെ നാഥൻ നിങ്ങളെ പരിഗണിക്കുകതന്നെയില്ല’’ (അൽഫുർഖാൻ 77)
പ്രാർഥനകൾക്ക് ഏറ്റവും ഉത്തമമായ ദിനരാത്രങ്ങളാണ് കടന്നുവരുന്നത്. പാപമുക്തിക്കും ലോകസമാധാനത്തിനും ഇഹപര നേട്ടത്തിനും പ്രാർഥിക്കാനുള്ള സുവർണാവസരം വിശ്വാസികൾ പാഴാക്കരുത്. അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിരാശരാവരുത് എന്നാണ് ഖുർആന്റെ നിർദേശം. നബി പഠിപ്പിച്ചു:
-ഒരു വിശ്വാസി തെറ്റായ കാര്യത്തിനോ ബന്ധവിച്ഛേദനത്തിനോ അല്ലാതെ ഒരാവശ്യത്തിനായി പ്രാർഥിച്ചാൽ ഒന്നുകിൽ അവർക്ക് അത് ലഭ്യമാകും. ഇല്ലെങ്കിൽ വരാനിരുന്ന ഒരു വിപത്ത് ഈ പ്രാർഥനയാൽ ഇല്ലാതാകും. അതുമല്ലെങ്കിൽ പരലോകത്തേക്ക് നന്മയായി ആ പ്രാർഥന നിക്ഷേപിക്കപ്പെടും. ലോകത്തിന്റെ നാനാഭാഗങ്ങളിൽ പീഡനമനുഭവിക്കുന്നവർക്കായി നമ്മുടെ പ്രാർഥനകളിൽ ഇടമുണ്ടായിരിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

