കൊടും തണുപ്പിന്റെ 'അശ്ശബ്ത്' സീസണ് തുടക്കം
text_fieldsദോഹ: ശൈത്യകാലത്തെ ഏറ്റവും തണുപ്പേറിയ സമയമായി അറിയപ്പെടുന്ന അശ്ശബത് സീസണിന് ഇന്ന് തുടക്കമാകും. ഇതുസംബന്ധിച്ച വിവരങ്ങൾ ഖത്തർ കലണ്ടർ ഹൗസ് വിവരങ്ങൾ പങ്കുവെച്ചു. 26 ദിവസം നീണ്ടുനിൽക്കുന്ന ഈ സീസണിൽ താപനില കുറയുകയും രാത്രിയിലും പുലർച്ച സമയങ്ങളിലും ശക്തമായ തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. ഇക്കാലയളവിൽ മൂടൽമഞ്ഞും പതിവായി അനുഭവപ്പെടുന്നു. ആകാശം മേഘാവൃതമാകാനും ഇടക്കിടെ മഴ പെയ്യാനും തണുത്ത കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. അൽ ഖോർ (15), ജുമൈലിയ (16), ഗുവൈരിയ (15), തുറൈന (15), ശഹാനിയ (15), അബു സംറ (17) എന്നിങ്ങനെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ച കുറഞ്ഞ താപനില. ശൈത്യകാലത്തിന്റെ പാരമ്യമായിട്ടാണ് 'അശ്ശബത്ത്' സീസൺ കണക്കാക്കുന്നത്.
അതേസമയം, വ്യാഴാഴ്ച രാവിലെ ദോഹ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും രാത്രികാലങ്ങളിൽ കഠിനമായ തണുപ്പിനും സാധ്യതയുള്ളതിനാൽ ഖത്തർ കാലാവസ്ഥാ വിഭാഗം വെള്ളി, ശനി ദിവസങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കാറ്റിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറഞ്ഞേക്കാം. അതേസമയം, രാജ്യത്ത് നിലനിൽക്കുന്ന പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് തൊഴിലുടമകൾ ജാഗ്രത പാലിക്കണമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം നിർദേശിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ, തൊഴിലിടങ്ങളിലെ ആരോഗ്യ -സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും ക്രമീകരണങ്ങളും ഒരുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷക്കും മുൻഗണന നൽകണമെന്നും മന്ത്രാലയം ആവർത്തിച്ചു. കടലിൽ പോകുന്നവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്; തിരമാലകൾ 4 മുതൽ 8 അടി വരെയും, ചിലപ്പോൾ 11 അടി വരെയും ഉയരാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

