അറബ് പൈതൃകം അവതരിപ്പിക്കണം, നൂതനരീതികളിലൂടെ
text_fieldsദോഹ: നൂതനരീതികളിലൂടെ അറബ് പൈതൃകം മറ്റുള്ളവർക്കായി അവതരിപ്പിക്കണമെന്ന് വിദഗ്ധർ. വെര്‍ച്വല്‍ റിയാലിറ്റി, ത്രീ ഡി മോഡലിങ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ അറബ് പൈതൃകം അവതരിപ്പിക്കാനായി നിലവിലുണ്ട്. പുതിയ തലത്തിലേക്ക് ജനങ്ങളുടെ അവബോധം വളര്‍ത്താന്‍ ഇത് ഉപകരിക്കും. 'വെര്‍ച്വല്‍ റിയാലിറ്റി ഉപയോഗിച്ചുള്ള അറബ് ലോകത്തെ സ്മാരക സംരക്ഷണവും പൈതൃക സമ്പത്ത് സൂക്ഷിപ്പും' എന്ന വിഷയത്തില്‍ ഖത്തർ നാഷനല്‍ ലൈബ്രറി (ക്യൂ.എന്‍.എല്‍) നടത്തിയ വിദ്യാഭ്യാസ സെഷനിലാണ് ഇൗ അഭിപ്രായമുയര്‍ന്നത്.
പലതലങ്ങളില്‍ സാധ്യതകള്‍ തേടാനും അവസരങ്ങള്‍ സൃഷ്ടിക്കാനും ഇത്തരം സാങ്കേതിക മുന്നേറ്റത്തിലൂടെ സാധ്യമാകും. ഇത് പരമാവധി പ്രയോജനപ്പെടുത്താനാണ് നാം ശ്രദ്ധിക്കേണ്ടത്. പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിയുള്ള പൈതൃക സംരക്ഷണവും ആശയക്കൈമാറ്റവും ഏറ്റവും ഫലപ്രദമായി നടപ്പാക്കാനാവുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പാരിസിലെ ലൂവര്‍ മ്യൂസിയം, ന്യൂയോര്‍ക് സിറ്റിയിലെ സോളമന്‍ ആര്‍ ഗ്യൂഗന്‍ഹായിം, ബ്രിട്ടീഷ് മ്യൂസിയം തുടങ്ങിയ സ്ഥലങ്ങള്‍ ഇത്തരം ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്ന കേന്ദ്രങ്ങളാണ്.
ഖത്തര്‍ നാഷനല്‍ ലൈബ്രറിയും അറബ് ലീഗ് എജുക്കേഷനല്‍, കള്‍ചറല്‍, സയൻറിഫിക് ഓര്‍ഗനൈസേഷനും (എ.എല്‍.ഇ.സി.എസ്.ഒ) സംയുക്തമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ സെഷന്‍ ഖത്തര്‍ നാഷനല്‍ കമീഷന്‍ ഫോര്‍ എജുക്കേഷന്‍, കള്‍ചര്‍ ആൻഡ് സയന്‍സ് സെക്രട്ടറി ജനറല്‍ ഡോ. ഹംദ അല്‍സുലൈത്തി ഉദ്ഘാടനം ചെയ്തു. അലെസ്കോ ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് ഒലൂദ് അമര്‍, കെയ്റോ സര്‍വകലാശാലയിലെ ആര്‍ട്ടിഫിഷല്‍ ഇൻറലിജന്‍സ് ആൻഡ് കമ്പ്യൂട്ടര്‍ വിഭാഗം അധ്യാപകന്‍ ഡോ. അബ്ദുല്‍ അല്ലാ ഹസ്നൈന്‍ എന്നിവർ സംസാരിച്ചു. അലെസ്കോ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആൻഡ് കമ്യൂണിക്കേഷന്‍ വകുപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ജെംനി മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

