എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ അമീർ പങ്കെടുക്കും
text_fieldsദോഹ: കഴിഞ്ഞയാഴ്ച അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുക്കും. തിങ്കളാഴ്ച നടക്കുന്ന സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി അമീർ ശനിയാഴ്ച രാവിലെയോടെ ലണ്ടനിലേക്ക് തിരിച്ചു. ബഹ്റൈൻ കിരീടാവകാശി, ഒമാൻ സുൽത്താൻ, സൗദി രാജകുടുംബാംഗങ്ങൾ എന്നിവരും പങ്കെടുക്കുന്നുണ്ട്.
100 രാഷ്ട്രങ്ങളുടെ പ്രസിഡന്‍റുമാർ, 20ഓളം രാജാക്കൻമാർ തുടങ്ങിയവരും വിവിധ രാജ്യങ്ങളിലായി രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാനായി തിങ്കളാഴ്ചയെത്തുന്നുണ്ട്.
സെപ്റ്റംബർ എട്ട് വ്യാഴാഴ്ചയായിരുന്നു ബ്രിട്ടീഷ് രാജ്ഞിയുടെ അന്ത്യം. കഴിഞ്ഞ ദിവസങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. തിങ്കളാഴ്ച പ്രാദേശികസമയം പകൽ പതിനൊന്നിനാണ് സംസ്കാരം. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന സംസ്കാര പ്രാർഥനകളിൽ വിവിധ രാജ്യത്തലവന്മാരുൾപ്പെടെ 2,200 പേർ പങ്കെടുക്കും.
വിൻസർ കൊട്ടാരത്തിലെ ജോർജ് ആറാമൻ സ്മാരകചാപ്പലിൽ ഭർത്താവ് ഫിലിപ് രാജകുമാരനും മാതാപിതാക്കൾക്കും സഹോദരി മാർഗരറ്റ് റോസിനുമടുത്താകും രാജ്ഞിയുടെ അന്ത്യവിശ്രമം.
രാജ്ഞി മരിച്ചശേഷം സമീപത്ത് സംസ്കരിക്കണമെന്ന ആഗ്രഹപ്രകാരം ഫിലിപ് രാജകുമാരന്റെ മൃതദേഹം ഇവിടെ പ്രത്യേക അറയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞവർഷം ഏപ്രിലിലാണ് ഫിലിപ് അന്തരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

