അൽ ഗാനിം-സിറ്റി സെന്റർ ബസ് റൂട്ട് പൂർണമായും വൈദ്യുതീകരിച്ചു
text_fieldsഅൽഗാനിം-സിറ്റി സെന്റർ റൂട്ടിൽ ഓട്ടം തുടങ്ങിയ ഇലക്ട്രിക് ബസ്
ദോഹ: അന്തരീക്ഷത്തിനും പച്ചപ്പിനും കോട്ടമില്ലാത്ത പരിസ്ഥിതിസൗഹൃദ ഗതാഗതമെന്ന ലക്ഷ്യത്തിലേക്ക് അതിവേഗം വളയംപിടിച്ച് ഖത്തറിന്‍റെ ഇലക്ട്രിക് ബസ് ഓട്ടം സജീവമായി. അല്‍ഗാനിം-സിറ്റി സെന്‍റര്‍ റൂട്ടാണ് പൂർണമായും വൈദ്യുതീകൃത ബസുകളുടെ മാത്രം പാതയാക്കി മാറ്റിയത്. ആദ്യമായാണ് ഒരു റൂട്ട് മുഴുവൻ വൈദ്യുതീകരിക്കുന്നത്. ഈ റൂട്ടിൽ ഇലക്ട്രിക് ബസുകള്‍ മാത്രമായിരിക്കും ഓടിക്കുകയെന്ന് പബ്ലിക് ട്രാന്‍സ്പോര്‍ട്ടിങ് കമ്പനിയായ മുവാസലാത്ത് അറിയിച്ചു. കര്‍വ ബസ് സ്റ്റേഷനില്‍ ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിച്ച് ഒരുവര്‍ഷം തികയും മുമ്പാണ് ഒരു റൂട്ട് പൂര്‍ണമായി ഇലക്ട്രിക് ബസുകള്‍ ഓടിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന 25 ശതമാനം ബസുകളും ഇലക്ട്രിക് ബസുകളായി മാറും.
ലോകകപ്പ് സമയത്തെ പൊതുഗതാഗതത്തിനായി വാങ്ങിയ ബസുകളില്‍ മിക്കതും ഇലക്ട്രിക് ബസുകളാണ്. 2030ന് മുമ്പ് ഖത്തറിലെ പൊതുഗതാഗത്തിനും സര്‍ക്കാര്‍ സ്കൂളുകളിലും ഉപയോഗിക്കുന്ന മുഴുവന്‍ ബസുകളും ഇലക്ട്രിക് ബസുകളാക്കി മാറ്റാനാണ് മുവാസലാത്തിന്‍റെ പദ്ധതി. കാര്‍ബണ്‍ പുറന്തള്ളല്‍ പരമാവധി കുറച്ച് സാമ്പത്തിക ഉന്നതിയും പരിസ്ഥിതി സന്തുലനും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഖത്തര്‍ ഇലക്ട്രിക് ബസുകളെ പ്രോത്സാഹിപ്പിക്കുന്നത്. ഗതാഗതരംഗത്ത് മാത്രമല്ല, ഗ്യാസ് ഉൽപാദന പ്ലാന്‍റുകളിലും കാര്‍ബണ്‍ പുറന്തള്ളല്‍ പരമാവധി കുറക്കുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു.
ദോഹ മെട്രോ; റെഡ്ലൈനിൽ നിയന്ത്രണം
ദോഹ: സാങ്കേതിക സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ദോഹ മെട്രോയുടെ റെഡ്ലൈനിൽ ഏപ്രിൽ രണ്ടിനും എട്ടിനും സർവിസ് നടത്തില്ലെന്ന് മെട്രോ അധികൃതർ അറിയിച്ചു. എന്നാൽ, യാത്ര തടസ്സപ്പെടാത്തവിധം ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. റെഡ് ലൈൻ റൂട്ടിൽ മെട്രോ ലിങ്ക് ബസുകൾ സർവിസ് നടത്തും. മെട്രോ ശൃംഖലയിലെ സിസ്റ്റം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗാമായാണ് ശനിയാഴ്ചയും എട്ട് വെള്ളിയാഴ്ചയും നിയന്ത്രണം ഏർപ്പെടുത്തുന്നത്.
പകരം, റാസ് ബു ഫന്താസ്-ലുസൈൽ ക്യൂ.എൻ.ബി റൂട്ടിൽ ഓരോ അഞ്ചു മിനിറ്റ് ഇടവേളയിലും മെട്രോ ലിങ്ക് ബസ് ഓടും. ഹമദ് രാജ്യാന്തര വിമാനത്താവളത്തിനും റാസ് ബു ഫന്താസിനുമിടയിൽ 15 മിനിറ്റ് ഇടവേളയിൽ ഷട്ട്ൽ ബസ് സർവിസും നടത്തുമെന്ന് മെട്രോ അധികൃതർ അറിയിച്ചു. മെട്രോ ലിങ്ക് ബസിന് കതാറ, അൽ വക്ര സ്റ്റേഷനുകളിൽ സ്റ്റോപ് ഉണ്ടായിരിക്കില്ല.