ഗസ്സയിലെ മാനുഷിക ദുരിതം ലഘൂകരിക്കുന്നതിൽ പ്രത്യാശ നൽകുന്നതാണ് കരാർ
text_fieldsദോഹ: ഗസ്സയിലെ മാനുഷിക ദുരിതം ലഘൂകരിക്കുന്നതിനും സിവിലിയന്മാർ അനുഭവിക്കുന്ന ദുരന്തപൂർണമായ സാഹചര്യങ്ങൾ പരിഹരിക്കുന്നതിനും പ്രത്യാശ നൽകുന്നതാണ് ഗസ്സ വെടിനിർത്തൽ കരാറെന്ന് ജി.സി.സി. പ്രത്യേകിച്ച്, ഭക്ഷണവും മരുന്നും എത്തിക്കുന്നതിലും സുരക്ഷിതവും സുസ്ഥിരവുമായ മാനുഷിക സഹായം ഉറപ്പാക്കുന്നതിലും ഇത് പ്രധാനമാണ്. ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിനും ശാശ്വതമായ സമാധാനം കൈവരിക്കുന്നതിനും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻകൈയിൽ നടപ്പാക്കിയ കരാറിനെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സ്വാഗതം ചെയ്തു. യു.എസ് പ്രസിഡന്റ് നടത്തിയ പരിശ്രമങ്ങളെയും കരാർ ഒപ്പുവെക്കുന്നതിനായി ഖത്തർ, ഈജിപ്ത്, തുർക്കിയ എന്നീ രാജ്യങ്ങൾ നടത്തിയ നയതന്ത്രപരമായ ഇടപെടലുകളെയും ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി പ്രശംസിച്ചു.
ഗസ്സ മുനമ്പിൽനിന്ന് ഇസ്രായേൽ സൈന്യത്തെ പൂർണമായും പിൻവലിക്കുന്നതിനും സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും, നീതിയുക്തവും സമഗ്രവുമായ ഒത്തുതീർപ്പ് ലക്ഷ്യമിട്ട് അന്താരാഷ്ട്ര ശ്രമങ്ങൾ പുനരാരംഭിക്കുന്നതിലേക്കും നയിക്കുന്ന വ്യക്തമായ രാഷ്ട്രീയ പാതയുടെ തുടക്കമായിരിക്കണം ഇതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അറബ് രാഷ്ട്രങ്ങളുടെ സമാധാന ശ്രമങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾക്കും അനുസൃതമായി 1967ലെ അതിർത്തികളിൽ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള നിയമപരമായ അവകാശങ്ങൾ ഫലസ്തീൻ ജനതക്ക് യാഥാർഥ്യമാക്കാൻ അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

