ടോണി മറക്കാത്ത ആ ദിനം
text_fieldsതിരുവല്ല സ്വദേശി ടോണി വർഗീസ് ജോൺ തന്‍റെ പാസ്പോർട്ടുമായി
ദോഹ: ഒരു രാത്രിയും പകലും നീണ്ട അനിശ്ചിതത്വം. വിമാനത്താവളത്തിന് പുറത്തിറങ്ങാൻ കഴിയുമോ, അതോ നാട്ടിലേക്ക് മടങ്ങേണ്ടിവരുമോയെന്ന ആശങ്കയോടെ തള്ളിനീക്കിയ നീണ്ട മണിക്കൂറുകൾ. ഒടുവിൽ, ഖത്തറിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും അപെക്സ് സംഘടന ഭാരവാഹികളും പൊതുപ്രവർത്തകരും ഒരേ മനസ്സോടെ ഇടപെട്ടപ്പോൾ ടോണി വർഗീസ് ജോൺ എന്ന തിരുവല്ല സ്വദേശിയുടെ ജീവിതത്തിലെ ഏറ്റവും പിരിമുറുക്കമേറിയ ദിനത്തിന് ആശ്വാസത്തിലൂടെ തിരശ്ശീല വീണു.
ഒരാഴ്ച മുമ്പായിരുന്നു സംഭവങ്ങൾ. നാട്ടിലെ അവധിയും കഴിഞ്ഞ് ഖത്തറിലേക്ക് പുറപ്പെട്ടതായിരുന്നു ടോണി. ജനുവരി എട്ടിന് വൈകീട്ട് കൊച്ചിയിൽനിന്ന് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസിൽ ദോഹയിലേക്ക് വിമാനം കയറുംവരെ എല്ലാം ശുഭകരമായിരുന്നു. യാത്രതുടങ്ങി ഏതാനും സമയം കഴിഞ്ഞതിനു പിന്നാലെ വിമാനം മേഘച്ചുഴിയിൽപെട്ട് ചെറുതായൊരു കുലുക്കം അനുഭവപ്പെട്ടതായി ടോണി ഓർക്കുന്നു. അതിനു പിന്നാലെ, കൈവശമുണ്ടായിരുന്ന ബാഗ് എയർ ഹോസ്റ്റസ് നിർദേശിച്ചതുപ്രകാരം ലഗേജ് കാബിനിലേക്ക് മാറ്റി. മണിക്കൂറുകൾക്കുശേഷം, രാത്രി എട്ടോടെ വിമാനം ദോഹയിൽ ലാൻഡ് ചെയ്തു. ബാഗുമെടുത്ത് പുറത്തിറങ്ങിയതിനു പിന്നാലെ പരിശോധിച്ചപ്പോഴാണ് പാസ്പോർട്ട് നഷ്ടമായ കാര്യം ശ്രദ്ധയിൽപെടുന്നത്. ഉടൻ വിമാനത്താവളത്തിലെ പരാതിപരിഹാര കേന്ദ്രത്തിലെത്തി പാസ്പോർട്ട് വിമാനത്തിൽ നഷ്ടപ്പെട്ട വിവരം അറിയിച്ചു. അരമണിക്കൂറിനുള്ളിൽ വിമാനം ദോഹയിൽനിന്ന് മടങ്ങിയിരുന്നു.
എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥ. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെയും ജോലിചെയ്യുന്ന കമ്പനിയിലും വിവരം അറിയിച്ചു. പാസ്പോർട്ട് ഇല്ലാതെ എമിഗ്രേഷൻ നടപടി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ പുറത്തിറങ്ങാനും പറ്റില്ല. രാത്രി വൈകിയതിനാൽ ഓഫിസുകളും മറ്റും അടഞ്ഞ് അടിയന്തരമായി ഒന്നും ചെയ്യാൻ പറ്റാത്ത സമയം.
ഓഫിസ് വഴി ഖത്തറിലെ പൊതുപ്രവർത്തകരെയും ഐ.സി.ബി.എഫ്, ഐ.സി.സി അംഗങ്ങളെയും ഇന്ത്യൻ എംബസി അധികൃതരെയും ബന്ധപ്പെട്ടെങ്കിലും രാവിലെ ഓഫിസ് തുറക്കുന്നതുവരെ കാത്തിരിക്കാനായിരുന്നു നിർദേശം. ഒടുവിൽ ഇക്കാര്യം, വിമാനത്താവളത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു കാത്തിരിപ്പായി.
ഇതിനിടെ, ദോഹ വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽനിന്ന് യാത്രക്കാരന് വിമാനത്തിൽ പാസ്പോർട്ട് നഷ്ടമായതായും പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് എയർ ഇന്ത്യക്ക് മെയിൽ അയച്ചു. വിമാനത്താവളത്തിൽ വെച്ചാണോ നഷ്ടപ്പെട്ടത് എന്നറിയാൻ കാമറകൾ വിശദമായി പരിശോധിച്ചു. ലഗേജുകൾ തുറന്നുനോക്കി പാസ്പോർട്ട് നഷ്ടപ്പെട്ടത് വിമാനത്തിൽ തന്നെയെന്ന് ഉറപ്പിച്ചു. ആ രാത്രിക്ക് ദിവസങ്ങളുടെ ദൈർഘ്യം അനുഭവപ്പെട്ടു. ഉറക്കംപോലും നഷ്ടമായ രാത്രിയായെന്ന് ടോണി 'ഗൾഫ് മാധ്യമ'ത്തോട് പറയുന്നു. രാവിലെ ആറോടെ എയർ ഇന്ത്യയിൽനിന്ന് മറുപടി മെയിൽ വന്നു. വിശദ പരിശോധനയിലും ടോണിയുടെ പാസ്പോർട്ട് കണ്ടെത്താനായില്ല.
ഇതോടെ ഇന്ത്യൻ എംബസി വഴി എമർജൻസി പാസ്പോർട്ടിനുള്ള നടപടി തുടങ്ങി. വിമാനത്താവളത്തിൽ തന്നെ ടോണി ഓൺലൈൻ വഴി അപേക്ഷിച്ചു. ഒപ്പിട്ട ഒറിജിനൽ അപേക്ഷ സഹോദരൻ സോണി വഴി എംബസിയിൽ സമർപ്പിച്ചു. വൈകീട്ട് മൂന്നോടെ പുതിയ പാസ്പ്പോർട്ട് അനുവദിച്ചതായി അറിയിപ്പുമെത്തി. എംബസിയിൽനിന്ന് പുതിയ പാസ്പോർട്ട് വിമാനത്താവളത്തിൽ എത്തുന്നതിനിടെ കൊച്ചിയിൽനിന്ന് എയർ ഇന്ത്യയുടെ അടുത്ത അറിയിപ്പ്. വിമാനത്തിലെ കാബിന്‍റെ മൂലയിൽനിന്ന് ടോണിയുടെ പാസ്പോർട്ട് ലഭിച്ചെന്ന്.
മണിക്കൂറുകൾ നീണ്ട ആശങ്ക സന്തോഷത്തിലേക്ക് വഴിമാറി. പഴയ പാസ്പോർട്ട് കിട്ടിയതോടെ അതുവഴിതന്നെ എമിഗ്രേഷൻ പൂർത്തിയാക്കാനായി ഉദ്യോഗസ്ഥരുടെ നിർദേശം. ശേഷം, വിമാനം കൊച്ചിയിൽനിന്ന് ദോഹയിലെത്താനുള്ള കാത്തിരിപ്പായി. രാത്രി എട്ടോടെ ലാൻഡുചെയ്ത വിമാനത്തിൽനിന്ന് ഒരു ദിവസം വേർപിരിഞ്ഞ പാസ്പോർട്ട് ടോണിയെ തേടിയെത്തി. ഒടുവിൽ ആ നീണ്ട പിരിമുറുക്കത്തിന് ശുഭപര്യവസാനം.
നിരവധി പേർ ആ മണിക്കൂറിൽ തനിക്കുവേണ്ടി പ്രവർത്തിച്ചതായി ടോണി പറയുന്നു. അവർക്കെല്ലാം നന്ദിപറയുകയാണ് ഖത്തറിലെ സ്മീത്ത് പ്രീകാസ്റ്റിൽ പ്രൊഡക്ഷൻ ഇൻചാർജായി ജോലി ചെയ്യുന്ന തിരുവല്ല കുമ്പനാട് സ്വദേശി ടോണി വർഗീസ് ജോൺ. ഔദ്യോഗിക തലത്തിൽ നടപടി എളുപ്പമാക്കിയ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യർ ധനരാജ്, അടിയന്തരമായി വേണ്ട സഹായങ്ങൾ എത്തിച്ച ഐ.സി.ബി.എസ് പ്രസിഡന്‍റ് സിയാദ് ഉസ്മാൻ, വൈസ് പ്രസിഡന്‍റ് വിനോദ് നായർ, ജനറൽ സെക്രട്ടറി സാബിത് സഹീർ, ഐ.സി.സി മാനേജിങ് കമ്മിറ്റി അംഗം അഫ്സൽ, വിമാനത്താവളത്തിൽ മലയാളി സഹോദരൻ കുടുങ്ങിയതറിഞ്ഞ് ഉടനടി ഇടപെട്ട കൾചറൽ ഫോറം വൈസ് പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി, പുതിയ പാസ്പ്പോർട്ട് കിട്ടുന്നതുവരെ സഹായങ്ങളുമായി നിന്ന ജനറൽ സെക്രട്ടറി തസീൻ അമീന്‍റെ നേതൃത്വത്തിലുള്ള കൾചറൽ ഫോറം കമ്യൂണിറ്റി സർവിസ് ടീം... അങ്ങനെ ഒത്തിരിപേർ പിന്തുണ നൽകിയതായി ടോണി നന്ദിയോടെ ഓർക്കുന്നു. വിമാനത്താവളത്തിലെ അധികൃതരും സഹായവും പിന്തുണയും നൽകിയെന്നും അദ്ദേഹം പറയുന്നു.