ആയിരം വാക്കിന്റെ കരുത്തുമായി തസ്വീർ പ്രദർശനം
text_fieldsതസ്വീർ ഫോട്ടോ പ്രദർശന മേള ഉദ്ഘാടനം ചെയ്ത ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽ ഥാനി ചിത്രങ്ങൾ കാണുന്നു
ദോഹ: ആയിരം വാക്കുകളേക്കാൾ കരുത്തോടെ ചിത്രങ്ങൾ കഥപറയുന്ന തസ്വീർ ഫോട്ടോ പ്രദർശന മേളക്ക് തുടക്കമായി. രാജ്യത്തെ മുൻനിര ഫോട്ടോഗ്രഫി മേളയുടെ ഉദ്ഘാടനം ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽ ഥാനി നിർവഹിച്ചു. അഞ്ചിടങ്ങളിലായി എട്ടു പ്രദർശനങ്ങളാണ് ഇത്തവണ ഒരുക്കിയത്. അറബ് ലോകത്തെയും വിവിധ രാജ്യങ്ങളിലെ പ്രവാസികളുമായ 88ലധികം ഫോട്ടോഗ്രഫർമാരുടെ ചിത്രങ്ങളാണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നതെന്ന് തസ്വീർ ഫോട്ടോ ഫെസ്റ്റിവൽ ആർട്ടിസ്റ്റിക് ഡയറക്ടർ മെർയം ബെറാദ പറഞ്ഞു. ജൂൺ 20 വരെ പ്രദർശനങ്ങൾ നീണ്ടുനിൽക്കും.
മെർയം ബെറാദ ക്യൂറേറ്റ് ചെയ്ത ‘ആസ് ഐ ലേ ബിറ്റ് വീൻ ടു സീസ്’ എന്ന പ്രമേയത്തിലുള്ള പ്രദർശനത്തിൽ 25 പേരാണ് പങ്കുചേർന്നത്. ഫയർ സ്റ്റേഷനിലാണ് ഈ പ്രദർശനം. മൊറോക്കൻ ഫോട്ടോഗ്രഫറും ചലച്ചിത്ര നിർമാതാവുമായ ദാവൂദ് ഔലാദ് സയാദിന്റെ 30 വർഷത്തെ ഫോട്ടോഗ്രഫി, ചലച്ചിത്ര യാത്രയെ ആഘോഷിക്കുന്ന ‘ടെറിറ്ററീസ് ഓഫ് ദി ഇൻസ്റ്റന്റും’ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. മതാഫ് അറബ് മ്യൂസിയത്തിലാണ് ഈ പ്രദർശനം.
ഡോ. ബഹായൽദീൻ അബുദയ സംവിധാനം ചെയ്ത ‘ഒബ്ലിറ്ററേഷൻ- സർവൈവിങ് ദി ഇൻഫെർണോ: ഗസ്സയുടെ നിലനിൽപിനായുള്ള പോരാട്ടം’ എന്ന പ്രമേയത്തിലുള്ള പ്രദർശനം വിനാശകരമായ ഗസ്സയിലെ യുദ്ധത്തിന്റെ വിവിധ ഘട്ടങ്ങൾ പകർത്തുന്നു. കതാറ കൾച്ചറൽ വില്ലേജിൽ രാവിലെ 10 മുതൽ രാത്രി 10 വരെ ഈ പ്രദർശനം കാണാം.
തസ്വീർ പ്രദർശനത്തിൽനിന്ന്
ശൈഖ മർയം ഹസൻ ആൽ ഥാനി ക്യുറേറ്റ് ചെയ്ത റിഫ്രാക്ഷൻസ്: തസ്വീർ പ്രോജക്ട് അവാർഡുകൾ 2023, 2024 വർഷങ്ങളിലെ വിജയികളെ ആഘോഷിക്കുന്നു. ഖത്തറിലെ ആരാധനാലയങ്ങളെക്കുറിച്ച് ഖാലിദ് അൽ മുസല്ലമാനി പകർത്തിയ ദൃശ്യങ്ങളും ഫെസ്റ്റിവലിനുണ്ട്. ഖത്തർ ലോകകപ്പ് 2022ൽ ഫോട്ടോഗ്രാഫർമാരും ചലച്ചിത്ര നിർമാതാക്കളും പകർത്തിയ ദൃശ്യങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തിയുള്ള ‘ആഫ്റ്റർ ദ ഗെയിം’ പ്രദർശനം ഫെസ്റ്റിവലിലെ ഏറെ ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്നാണ്. ഫയർസ്റ്റേഷൻ ഗാലറി നാലിലാണ് ഈ പ്രദർശനം തുടരുന്നത്. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെയ്ഡ് ഇൻ ഖത്തർ പ്രോഗ്രാമിലൂടെ നിർമിച്ച ഫുട്ബാളുമായി ബന്ധപ്പെട്ട ഷോർട്ട് ഫിലിമുകളുടെ ശേഖരവും ഇതോടൊപ്പം പ്രദർശിപ്പിക്കും.
പ്രദർശനങ്ങൾക്ക് പുറമെ ഫോട്ടോഗ്രഫി മേഖലയിലെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സിമ്പോസിയങ്ങൾ, ക്ലാസുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള സമഗ്ര വിദ്യാഭ്യാസ പരിപാടിയും തസ്വീർ അവതരിപ്പിക്കുന്നുണ്ട്.
പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കയിലുമുള്ള ഫോട്ടോഗ്രാഫർമാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രദർശനങ്ങൾ, അവാർഡ് വിതരണം, ശിൽപശാലകൾ എന്നിവയാണ് രണ്ട് വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന തസ്വീർ ഫോട്ടോ ഫെസ്റ്റിവലിൽ നടക്കുന്നത്. ഖത്തർ മ്യൂസിയം സി.ഇ.ഒ മുഹമ്മദ് സഅ്ദ് അൽ റുമൈഹി, മത്ഹഫ് അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട് പ്രസിന്റ് ശൈഖ് ഹസൻ ബിൻ മുഹമ്മദ് ആൽ ഥാനി, മറ്റു വിശിഷ്ട വ്യക്തിത്വങ്ങൾ, ഫോട്ടോഗ്രഫി പ്രേമികൾ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

