തമീം അൽമജ്ദിന് പ്രൗഢ ഗംഭീര വരവേൽപ്
text_fieldsദോഹ: 12 ദിവസം നീണ്ടുനിന്ന വിദേശ പര്യടനത്തിന് ശേഷം രാജ്യത്ത് തിരിച്ചെത്തിയ ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് പ്രൗഢ ഗംഭീര വരവേൽപ്. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 72ാമത് സെഷനിൽ ഉപരോധ വിഷയത്തിൽ ഖത്തറിെൻറ നിലപാട് ഉറക്കെ പ്രഖ്യാപിച്ച പ്രസംഗത്തിലൂടെ ലോകശ്രദ്ധയാകർഷിച്ച അമീർ വിവിധ രാജ്യങ്ങളുടെ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജ്യത്ത് തിരിച്ചെത്തിയത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ അമീറിന് രാജകുടുംബാംഗങ്ങളും മന്ത്രിമാരും സൈനിക–സുരക്ഷ മേധാവികളും മറ്റ് പ്രമുഖരും അടങ്ങിയ വലിയ സംഘം ആവേശകരമായ സ്വീകരണം നൽകി.
തുടർന്ന് കാർ മാർഗം പുറപ്പെട്ട അമീറിനും സംഘത്തിനും വഴി നീളെ വലിയ സ്വീകരണമാണ് ലഭിച്ചത്. കോർണിഷിൽ ഉച്ച മുതൽ തന്നെ സ്ത്രീകളും കുട്ടികളുമടങ്ങിയ സ്വദേശികളും വിദേശികളും അമീറിനെ വരവേൽക്കാൻ എത്തിത്തുടങ്ങിയിരുന്നു. ഖത്തർ പതാകയും അമീറിെൻറ ‘തമീം അൽമജ്ദ്’ ചിത്രങ്ങളുമായാണ് ജനങ്ങൾ അദ്ദേഹത്തെ സ്വീകരിക്കാൻ കോർണിഷിൽ അണിനിരന്നത്. ഇസ്ലാമിക് ആർട്ട് മ്യൂസിയം പിന്നിട്ടതിന് ശേഷം റോഡിന് വശങ്ങളിലായി തിങ്ങിനിറഞ്ഞ ജനമധ്യത്തിലേക്ക് അമീർ ഇറങ്ങിച്ചെന്നത് ജനങ്ങളെ ആവേശഭരിതരാക്കി. ‘കുല്ലുനാ തമീം, കുല്ലുനാ ഖത്തർ, തമീം അൽമജ്ദ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർന്ന് പൊങ്ങി. അമീറിനെ ഒന്ന് കാണാനും ഹസ്തദാനം ചെയ്യാനും ജനങ്ങൾ തിരക്ക് കൂട്ടി. ഏതാനും നിമിഷം ജനങ്ങൾക്കിടയിൽ ചെലവഴിച്ച അമീർ വാഹനത്തിലേക്ക് കയറി മുേമ്പാട്ട് നീങ്ങി. അമീറിെൻറ ജേഷ്ഠനും പ്രത്യേക പ്രതിനിധിയുമായ ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനിയാണ് അമീറിനെയും വഹിച്ചുള്ള വാഹനം ഓടിച്ചത്.

100 ദിവസത്തിലേറെയായി യു.എ.ഇയും സൗദി അറേബ്യയും ബഹ്റൈനും ഇൗജിപ്തും ഖത്തറിന് മേൽ ഉപരോധം അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ഖത്തറുമായുള്ള എല്ലാ അതിർത്തികളും അടച്ചുള്ള ഉപരോധം രാജ്യത്തെ വലിയ തോതിൽ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. എന്നാൽ നയതന്ത്രപരമായി ഉപേരാധത്തെ സമീപിച്ച ഖത്തർ രാജ്യാന്തര തലത്തിൽ വിഷയം കൊണ്ടുവരാനും തങ്ങളുടെ ഭാഗം കൃത്യമായി ലോക രാജ്യങ്ങൾക്ക് മുമ്പിൽ സമർപ്പിക്കാനുമാണ് ശ്രമിച്ചത്. ഇക്കാര്യത്തിൽ രാജ്യം ഏറക്കുറെ വിജയിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് അമീർ ശൈഖ് തമീം വിദേശ പര്യടനത്തിന് പോകുന്നത്. തുർക്കി, ജർമനി, ഫ്രാൻസ്, അമേരിക്ക എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്.
ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 72ാമത് സെഷനിൽ അദ്ദേഹം നടത്തിയ പ്രസംഗം ലോകശ്രദ്ധയാകർഷിച്ചു. അതിൽ സംബന്ധിക്കാനെത്തിയ നിരവധി ലോക നേതാക്കളുമായി അമീർ വിവിധ സന്ദർഭങ്ങളിലായി ചർച്ച നടത്തിയിരുന്നു. രാജ്യത്തിന് മേൽ അന്താരാഷ്ട്ര നിയമങ്ങൾ എല്ലാം ലംഘിച്ച് കൊണ്ടാണ് ഈ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതെന്ന സുപ്രധാന വസ്തുത അദ്ദേഹം ഈ നേതാക്കളെ ബോധ്യപ്പെടുത്തി. ഖത്തറിനെ സന്നിഗ്ധ ഘട്ടത്തിൽ സഹായിച്ച തുർക്കിയുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാനും കൂടുതൽ മേഖലയിലേക്ക് ബന്ധം വ്യാപിപ്പിക്കാനും സന്ദർശനത്തിലൂടെ സാധ്യമായി. തുടക്കം മുതൽ ഖത്തറിന് പിന്തുണ നൽകുന്ന പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനുമായി അമീർ കൂടിക്കാഴ്ച നടത്തി. ജർമനിയിൽ ചാൻസലർ ആൻഗല മെർക്കലുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം എത്രയും വേഗം ഉപരോധം പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെടുകയുണ്ടായി. അമീറുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും ഉപരോധം പിൻവലിക്കാൻ ആവശ്യപ്പെട്ടു. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയും ഏറെ ഫലപ്രദമായിരുന്നൂവെന്ന് വിലയിരുത്തപ്പെടുന്നു.
തെൻറ രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതയോ വിഘടന ശ്രമങ്ങളോ ഇല്ലെന്ന് ലോക രാജ്യങ്ങളെ, പ്രത്യേകിച്ച് ഉപരോധ രാജ്യങ്ങളെ ബോധ്യപ്പെടുത്താനും അമീർ ശൈഖ് തമീമിന് ഈ സന്ദർശനത്തിലൂടെ സാധിച്ചതായി വിലയിരുത്തപ്പെടുന്നു. ഇത് തെൻറ നിലപാടിൽ ഉറച്ച് നിൽക്കാനും കരുത്തോടെ മുേമ്പാട്ട് പോകാനും ഉൗർജം നൽകുമെന്ന് വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
