ദോഹ: തലശ്ശേരി ടൈറ്റൻസ് ദോഹയിൽ താമസക്കാരായ തലശ്ശേരി-മാഹി പ്രദേശത്തെ ആറു സ്കൂളുക ളിലെ പൂർവ വിദ്യാർഥികളെ പങ്കെടുപ്പിച്ച് നടത്തുന്ന സ്പോർട്സ് എക്സ്ട്രാ വേഗൻസ 2020ന് വ്യാഴാഴ്ച തുടക്കമാകും. സ്പോർട്സ് എക്സ്ട്രാ വേഗൻസയുടെ ജഴ്സി പ്രകാശനവും ഓവറോൾ കിരീട അനാച്ഛാദനവും റേഡിയോ മലയാളം 98.6 അങ്കണത്തിൽ നടന്നു. സ്പോർട്സ് എക്സ്ട്രാവേഗൻസയുടെ ഭാഗമായി നടത്തുന്ന ക്രിക്കറ്റ്, ഫുട്ബാൾ, വോളിബാൾ എന്നിവയുടെ ഗ്രൂപ് നറുക്കെടുപ്പും ചടങ്ങിൽ സംഘടിപ്പിച്ചു.
പരിപാടിയിൽ ഫാഹിത് ഫില്ലി, ഷഹീൻ എം.പി ട്രേഡേഴ്സ്, ആസിഫ് ബീവിസ്, 98.6 റേഡിയോ മാർക്കറ്റിങ് മാനേജർ നൗഫൽ, ആഷിഖ് മാഹി തുടങ്ങിയവർ പങ്കെടുത്തു. ഹാമിൽട്ടൺ സ്കൂളിൽ വ്യാഴാഴ്ച നടക്കുന്ന വോളിബാൾ മത്സരത്തോടെ ഇത്തവണത്തെ കായികോത്സവത്തിന് തുടക്കമാകും. വെള്ളിയാഴ്ച ക്രിക്കറ്റ് മത്സരവും ജനുവരി 24ന് ഫുട്ബാൾ ടൂർണമെൻറും നടക്കും. ജനുവരി 31 നടക്കുന്ന ഫാമിലി ഡേയിൽ കുട്ടികളുടെ ഫാൻസി ഡ്രസ്, ഒപ്പന, കോൽക്കളി, ഫുട്ബാൾ എന്നിവയും സ്ത്രീകൾക്ക് മെഹന്തി, പുഡിങ്, സ്നാക്സ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. സ്പോർട്സ് എക്സ്ട്രാ വേഗൻസ തലശ്ശേരി -മാഹിക്കാരുടെ ഉത്സവമാക്കാനുള്ള തയാറെടുപ്പിലാണ് സംഘാടകരായ തലശ്ശേരി ടൈറ്റൻസ്.