ടെൻഷൻ ഫ്രീ ഖത്തർ
text_fieldsദോഹ: ജീവിത നിലവാര സൂചികയിലും സുരക്ഷിത നഗരമായും ക്ലീൻ സിറ്റിയായും ആഗോള തലത്തിലും മേഖലയിലും മുൻനിരയിലെത്തുന്ന ഖത്തറിനെ തേടി മറ്റൊരു നേട്ടം കൂടി എത്തുന്നു. സമ്മർദങ്ങളേതുമില്ലാതെ ഉല്ലാസത്തോടെ ജനങ്ങൾ ജീവിക്കുന്ന നാട് എന്ന നിലയിലും ഖത്തർ മുൻപന്തിയിലാണെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ ‘സി.ഇ.ഒ വേൾഡ്’ മാഗസിൻ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
മിഡിലീസ്റ്റും ഉത്തരാഫ്രിക്കയും ഉൾപ്പെടുന്ന ‘മിന’ മേഖലയിൽ ഏറ്റവും കുറഞ്ഞ മാനസിക സമ്മർദമുള്ള രാജ്യമായാണ് ഖത്തറിനെ തിരഞ്ഞെടുത്തത്. സി.ഇ.ഒ വേൾഡിന്റെ 2025ലെ ഗ്ലോബൽ ഇമോഷൻസ് റിപ്പോർട്ടിൽ 84.3 പോയന്റ് സ്കോർ ഖത്തറിന് നൽകി. ഏഷ്യയിലെ ഏറ്റവും കുറഞ്ഞ മാനസിക സമ്മർദമുള്ള മൂന്നാമത്തെ രാജ്യവും, ആഗോളാടിസ്ഥാനത്തിൽ 11ാമതുമാണ്. 197 രാജ്യങ്ങളാണ് സർവേയിൽ പങ്കെടുത്തത്.
സാമ്പത്തികവും മാനസികവുമായ ക്ഷേമത്തിന്റെ കാര്യത്തിൽ ഏതൊക്കെ രാജ്യങ്ങളാണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജോലി സംബന്ധമായ സമ്മർദം, സാമ്പത്തിക സമ്മർദം, സാമൂഹികവും കുടുംബപരവുമായ സമ്മർദം, ആരോഗ്യ സുരക്ഷാ സമ്മർദം എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്.
ജോലി സംബന്ധമായ സമ്മർദത്തിൽ ഖത്തർ 94.23ഉം സാമ്പത്തികമായ സമ്മർദത്തിൽ 93.46ഉം സാമൂഹികവും കുടുംബപരമായ സമ്മർദത്തിൽ 80.8ഉം ആരോഗ്യ-സുരക്ഷാ സമ്മർദത്തിൽ 69.44ഉം സ്കോറാണ് ഖത്തർ നേടിയത്. സമ്മർദമേതുമില്ലാതെ ടെൻഷൻ ഫ്രീ രാജ്യങ്ങളുടെ പട്ടികയിൽ മുൻ നിരയിൽ മൊണാക്കോയാണുള്ളത്. ലിഷൻസ്റ്റൈൻ, ലക്സംബർഗ്, സ്വിറ്റ്സർലൻഡ്, അയർലൻഡ് എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്.
അതേസമയം, ഏറ്റവും കൂടുതൽ സമ്മർദങ്ങൾ നേരിടുന്നത് ബുറുണ്ടിയാണ്. ദക്ഷിണ സുഡാൻ, അഫ്ഗാനിസ്താൻ, സിറിയ, മലാവി എന്നീ രാജ്യങ്ങളാണ് ബുറുണ്ടിക്ക് പിറകെയുള്ളത്.
ജി.സി.സി മേഖലയിൽ ഖത്തറിന് പിറകിൽ യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ എന്നിവരാണ് യഥാക്രമം രണ്ട് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങളിൽ.
ഉയർന്ന ജീവിതനിലവാരം, സാമൂഹിക നയങ്ങൾ, സുസ്ഥിര സാമ്പത്തിക വികസനം എന്നിവയിൽ ഖത്തറിന്റെ ശ്രദ്ധേയ നേട്ടങ്ങൾ പ്രതിഫലിക്കുന്നതാണ് പട്ടികയിലെ സ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

