ഇന്ന് മുതൽ ടെന്നിസ് അങ്കം
text_fieldsആൻഡി മറെയും ഡെനിസ് ഷപലോവും ദോഹയിൽ
ദോഹ: വിശ്വ ഫുട്ബാളിനെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിന്‍റെ മണ്ണ് ടെന്നിസ് ആവേശത്തിലേക്ക്. രാജ്യാന്തരതലത്തിലെ സൂപ്പർതാരങ്ങൾ മാറ്റുരക്കുന്ന എക്സോൺ ഖത്തർ ഓപൺ ചാമ്പ്യൻഷിപ്പിന് തിങ്കളാഴ്ച ഖലീഫ ഇന്‍റർനാഷനൽ ടെന്നിസ് കോപ്ലക്സിൽ കോർട്ടുണരും.
മാറ്റുരക്കുന്ന താരങ്ങളുടെ സീഡ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. എ.ടി.പി റാങ്കിങ്ങിൽ 12ാം സ്ഥാനത്തുള്ള കാനഡയുടെ ഡെനിസ് ഷപലോവാണ് ടോപ് സീഡ്. സ്പെയിനിന്റെ റോബർടോ ബൗറ്റിസ്റ്റ, ജോർജിയയുടെ നികോളോസ് ബസിലാഷിവി, മുൻ യു.എസ് ഓപൺ ചാമ്പ്യൻ ക്രൊയേഷ്യയുടെ മരിൻ സിലിച്, ബ്രിട്ടന്‍റെ ഡാൻ ഇവാൻസ് എന്നിവരാണ് ടോപ് സീഡിലുള്ള മറ്റ് താരങ്ങൾ. ഇവർക്ക് പുറമെ, ബ്രിട്ടന്‍റെ സൂപ്പർതാരം ആൻഡി മറെയും ഖത്തറിന്‍റെ കോർട്ടിലിറങ്ങുന്നുണ്ട്. നിലവിലെ ചാമ്പ്യൻകൂടിയാണ് ജോർജിയയുടെ നികോളോസ് ബസിലാഷിവി. അതേസമയം, ക്വാർട്ടർ ഫൈനലിസ്റ്റാണ് ഒന്നാം സീഡ് ഡെനിസ് ഷപലോവ്.
എ.ടി.പി ടൂർ 250 സീരീസിന്‍റെ ഭാഗമായ ഖത്തർ ഓപണിന്‍റെ 30ാം എഡിഷനാണ് ദോഹ വേദിയാവുന്നത്. 11 ലക്ഷം ഡോളറാണ് സമ്മാനത്തുക. 22കാരനായ ഷപലോവ് ആദ്യറൗണ്ടിൽ ബൈ നേടി. അലക്സ് മോൾകാൻ-ഫിലിപ് ക്രജിനോവിച് മത്സരത്തിലെ വിജയികളാവും രണ്ടാം റൗണ്ടിൽ ഷപലോവിന്‍റെ എതിരാളികൾ. ബസിലാഷിവി, മരിൻ സിലിച്, ബൗറ്റിസ്റ്റ എന്നിവരും ഒന്നാം റൗണ്ടിൽനിന്നും ബൈ നേടി. ആൻഡി മറെ ജപ്പാന്‍റെ ടറോ ഡനിയേലിനെ ഒന്നാം റൗണ്ടിൽ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

