ആകാശത്തോളം ഉയർന്ന പത്താണ്ട്
text_fieldsഹമദ് അന്താരാഷ്ട്ര വിമാനത്താവളം
ദോഹ: 2014 മേയ് 27... ഖത്തറിന്റെ വലിയ സ്വപ്നങ്ങളിലേക്ക് ചിറകുവിരിച്ചുകൊണ്ട് ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർവേസ് ദോഹ ഹമദ് വിമാനത്തിലേക്ക് പറന്നിറങ്ങിയ ദിനം. പിന്നാലെ, നിറയെ യാത്രക്കാരുമായി വിവിധ വിദേശ എയർലൈൻസുകൾ കൂടി നിലം തൊട്ടു. ചുരുങ്ങിയ കാലംകൊണ്ട് ഖത്തറിന്റെ ആകാശ കവാടവും, പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും തിരക്കേറിയ ട്രാൻസിറ്റ് ഹബുമായി മാറിയ ദോഹ ഹമദ് വിമാനത്താവളത്തിന് ഇത് പത്താം പിറന്നാളിന്റെ ആഘോഷം.
ഒരു പതിറ്റാണ്ടു കൊണ്ട് ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളം എന്ന പുരസ്കാരങ്ങൾ പലതവണ സ്വന്തമാക്കിയാണ് ഹമദ് വിമാനത്താവളം, അതിൻെറ പുതിയ പതിറ്റാണ്ടിലേക്കുള്ള യാത്രക്ക് ടേക്ക് ഓഫ് കുറിക്കുന്നത്. പത്താം പിറന്നാളിന്റെ ആഘോഷങ്ങൾക്ക് രണ്ടാഴ്ച മുമ്പു തന്നെ ഹമദ് വിമാനത്താവളത്തിൽ തുടക്കം കുറിച്ചിരുന്നു. നൃത്തവും സംഗീതവും ഉൾപ്പെടെ വിവിധ കലാപരിപാടികൾ കാഴ്ചക്കാർക്കായി ഒരുക്കിയാണ് മേയ് 15 മുതൽ പത്താം വാർഷിക ആഘോഷത്തിന് തുടക്കം കുറിച്ചത്.
‘അടുത്ത അതുല്യമായ പത്തു വർഷങ്ങളിലേക്ക്’ എന്ന ടാഗ് ലൈനുമായാണ് ഹമദിന്റെ പത്താം പിറന്നാൾ ആഘോഷങ്ങൾ. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ കലാ പരിപാടികളും നൃത്തങ്ങളുമായി യാത്രക്കാരെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു ഹമദ് ആഘോഷങ്ങൾ കെങ്കേമമാക്കിയത്. ഏഷ്യ, ആഫ്രിക്കൻ, യൂറോപ്പ്, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കലകാരന്മാരുടെ പ്രകടനവും, സൂഖ് അൽ മതാറിൽ ഖത്തറിന്റെ പരമ്പരാഗത അർദ വാൾ നൃത്തവുമെല്ലാമായി ആഘോഷം നിറപ്പകിട്ടായി മാറി.
10 വർഷം; 32.5 കോടി യാത്രക്കാർ
2014 മേയ് മുതൽ 2024മേയ് മാസം വരെയുള്ള കാലയളവിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി ഹമദ് വിമാനത്താവളത്തിലേക്ക് സ്വാഗതം ചെയ്തത് 32.51 കോടി യാത്രക്കാരെ. പത്താം വാർഷികത്തിന്റെ ഭാഗമായി ഹമദ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതാവട്ടെ, പത്താം വാർഷികത്തിലെ അപൂർവമായൊരു നേട്ടത്തിന്റെ അകമ്പടിയോടെയും. കഴിഞ്ഞ ദിവസമായിരുന്നു ഒരു വർഷം, അഞ്ച് കോടി യാത്രക്കാർ എന്ന നേട്ടം ഹമദ് സ്വന്തമാക്കിയത്.
ഈ പതിറ്റാണ്ടു കാലത്തിനിടെ 21 ലക്ഷത്തോളം വിമാനങ്ങൾ വന്നും പോയുമിരുന്നു. 2.05 കോടി ടൺ കാർഗോയും, 25.8 കോടി ബാഗുകളും പത്തുവർഷക്കാലയളവിനിടെ കൈകാര്യവും ചെയ്തു. ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർവേസിന്റെ ഹബായി മാറിയ ഹമദിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 45 എയർലൈൻസുകളും സർവിസ് നടത്തുന്നു. 2022 ലോകകപ്പ് ഫുട്ബാളിന് മുന്നോടിയായി വിമാനത്താവള വികസന പ്രവർത്തനങ്ങളുടെ ഫേസ് എ ഘട്ടം പൂർത്തിയാക്കിയതോടെ പ്രതി വർഷം 5.80 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുമായി. ഈ വികസനത്തിനു പിന്നാലെയാണ് ലോകകപ്പ് ഫുട്ബാൾ മുതൽ അന്താരാഷ്ട്ര മേളയുടെ ഹബായി ഖത്തർ മാറിയത്. പാസഞ്ചർ, കാർഗോ, ചാർട്ടർ വിമാനങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 200 നഗരങ്ങളിലേക്ക് ഹമദിൽ നിന്നും പറന്നുയരുന്നുണ്ട്.
ലോകോത്തരമായ വിമാനത്താവളം എന്നതിനൊപ്പം, സഞ്ചാരികൾക്കായി തുറന്നുവെന്ന ആർട്ട് ഗാലറിയെന്നും ഹമദിനെ വിശേഷിപ്പിക്കാം. പ്രദേശിക കലാകാരന്മാർ മുതൽ മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രശസ്തരായ കലാകാരന്മാരുടെ 40ഓളം സൃഷ്ടികൾ യാത്രക്കാരെ സ്വാഗതം ചെയ്യുന്നു.
നമ്മുടെ ആളുകളിലും സംവിധാനങ്ങളിലും നിക്ഷേപം നടത്തി, ഏറ്റവും മികച്ച സൗകര്യങ്ങളോടെ എങ്ങനെ ആഗോള തലത്തിലേക്ക് ഉയർന്ന് നേട്ടങ്ങൾ കൊയ്യാമെന്നതിന്റെ സാക്ഷ്യമാണ് ഹമദ് വിമാനത്താവളത്തിന്റെ സ്ഥാനങ്ങളെന്ന് ഖത്തർ എയർവേസ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. വ്യോമയാന മേഖലയിലെ നിരവധി വെല്ലുവിളികൾ മറികടന്നുകൊണ്ടാണ് ഹമദ് നേട്ടങ്ങളുടെ കൊടുമുടിയേറിയത്. ഇതേ വിജയഗാഥ തുടരുകയാണ് ലക്ഷ്യം -അദ്ദേഹം പറഞ്ഞു.
വികസന വഴിയിൽ
1930 കാലങ്ങളിൽ ആകാശ യാത്രക്ക് ഉപയോഗിച്ച ദുഖാൻ എയർ പോർട്ടിന് പകരമായി 1959ലാണ് ദോഹ അന്താരാഷ്ട്ര വിമാനത്താവളം ഖത്തറിൻെറ ഹൃയഭാഗത്ത് നിലവിൽ വരുന്നത്. പിന്നെ, രാജ്യത്തിൻെറ ആകാശകവാടമായി ഇതു മാറുകയായിരുന്നു. ലോകത്തോടൊപ്പം ഖത്തറും വളരാൻ തുടങ്ങിയതോടെയാണ് സമീപത്തു തന്നെയായി കടലിൻെറ സൗന്ദര്യം കൂടി ഉൾകൊണ്ട് പുതിയൊരു അന്താരാഷ്ട്ര വിമാനത്താവളത്തിൻെറ പദ്ധതികൾ ആരംഭിക്കുന്നത്. ലോകകപ്പ് ഫുട്ബാൾ മുതൽ രാജ്യത്തിൻെറ വിവിധ ആവശ്യങ്ങൾ കണക്കിലെടുത്തു പുതിയ വിമാനത്താവളത്തിൻെറ ആസൂത്രണം 2003ൽ ആരംഭിച്ചു. 2005ലായിരുന്നു നിർമാണം ആരംഭിച്ചത്. ഏതാനും വർഷംകൊണ്ട് വിമാനം സർവസജ്ജമായി. 2013 ഡിസംബറിൽ കാർഗോ ഓപറേഷൻ ആരംഭിച്ചു. യാത്രാ വിമാനങ്ങൾക്കായി 2014 ജനുവരിയിൽ ആകാശം തുറന്നു നൽകിയെങ്കിലും ഔദ്യോഗിക ഉദ്ഘാടനത്തിന് പിന്നെയും മാസങ്ങളെടുത്തു. അങ്ങനെ, മേയ് അവസാന വാരം ഖത്തറിന്റെ കവാടമായി ഹമദ് മാറ്റപ്പെട്ടു.
ലോകകപ്പ് ഫുട്ബാൾ വേളയിൽ 40 ലക്ഷത്തോളം കാണികളെ വരവേറ്റ് ചരിത്രം കുറിച്ച വിമാനത്താവളം സൗകര്യങ്ങളിലും സാങ്കേതിക മികവിലും സേവനത്തിലുമെല്ലാം ഇന്ന് ലോകോത്തരമാണ്. വിമാനത്താവളത്തിനുള്ളിൽ കാടും അരുവിയും പച്ചപ്പുമൊരുക്കിയ ഓർചാഡ് അന്താരാഷ്ട്ര നിലവാരത്തിലുള്ള അനുഭവമാണ് സമ്മാനിക്കുന്നത്. അൽ മർജാൻ ഗാർഡൻ ലോഞ്ച്, റിമോട്ട് ട്രാൻസ്ഫർ ബാഗേജ് ഫെസിലിറ്റി, ഷോപ്പിങ് സൗകര്യങ്ങൾ അങ്ങനെ നിരവധി സവിശേഷതകൾ ഹമദിന് മാത്രം അവകാശപ്പെട്ടതാണ്. ഏറ്റവും ഒടുവിലാണ് ആ നിരയിലേക്കായി തുറന്ന കാർഗോ വിഭാഗത്തിന്റെ ആനിമൽ റിലീഫ് ഏരിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

