പത്ത് ലക്ഷം തണൽ
text_fieldsമരങ്ങൾ നട്ടുപിടിപ്പിച്ച അൽ ദായീൻ പാർക്ക്
ദോഹ: വിജനമായ മരുഭൂമിയെയും ചുട്ടുപൊള്ളുന്ന മണലാരണ്യത്തെയും പച്ചപ്പണിയിച്ചുകൊണ്ട് മറികടക്കുകയാണ് ഖത്തർ. രാജ്യത്തിന്റെ ഭൂമിശാസ്ത്രം തന്നെ മാറ്റിയെഴുതുന്ന വൺ മില്യൺ ട്രീ എന്ന ബൃഹത്തായ പദ്ധതി മുക്കാൽ ലക്ഷ്യം പിന്നിട്ട് വിജയത്തിലെത്തുമ്പോൾ ഈ മണ്ണും മാറും. ലോകകപ്പിനായി ഖത്തറിന്റെ മണ്ണിലെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത് പച്ചപ്പണിഞ്ഞ തെരുവോരങ്ങളും കടൽതീരങ്ങളും മുതൽ വിശാലമായ പാർക്കുകളുമാണ്. ഖത്തർ ദേശീയ വിഷൻ 2030ന്റെ ഭാഗമായാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 10 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുന്നത്. മാർച്ചിലെ കണക്കുപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7.50 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ചതായി മന്ത്രാലയത്തിന് കീഴിലെ മില്യൺ ട്രീ വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം വിശദീകരിക്കുന്നു.
2030 ആവുമ്പോഴേക്കും രാജ്യത്തെ ഹരിതവത്കരണ യത്നം ഒരു കോടി മരങ്ങളായി ഉയര്ത്താനും പദ്ധതിയുണ്ട്. സർക്കാർ മന്ത്രാലയങ്ങൾ, വകുപ്പുകൾ, വിവിധ രാജ്യങ്ങളുടെ എംബസികൾ, വിവിധ കമ്യൂണിറ്റി സംഘടനകൾ, സ്കൂളുകൾ എന്നിവരുടെ നേതൃത്വത്തിലാണ് ഖത്തറിന്റെ മണ്ണിനെ ഹരിതവത്കരിക്കുന്ന പദ്ധതി മുന്നേറുന്നത്.
മരങ്ങൾ വ്യാപകമായി വെച്ചുപിടിപ്പിച്ച് ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കാര്യമായി കുറക്കുകയെന്ന പദ്ധതിയുടെ കൂടി ഭാഗമാണ് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയങ്ങളുടെ നേതൃത്വത്തിലെ വിശാലമായ പദ്ധതി നടപ്പാക്കുന്നത്. സർക്കാർ മുന്നോട്ടുവെച്ച ഹരിതവത്കരണം സ്വകാര്യ കമ്പനികളും വിവിധ രാജ്യക്കാരായ കമ്യൂണിറ്റികളും ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു.
കഴിഞ്ഞ ജൂലൈയിൽ അഞ്ചു ലക്ഷം മരങ്ങൾ എന്ന ലക്ഷ്യം പൂർത്തീകരിച്ച യത്നം അടുത്ത ഒരുവർഷം കൊണ്ട് രണ്ടര ലക്ഷം കൂടി പിന്നിട്ടു. ലോകകപ്പിന് മുന്നോടിയായി റോഡുകളുടെയും പാർക്കുകളുടെയും നിർമാണം പൂർത്തിയാവുകയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെ മോടിപിടിപ്പിക്കൽ അവസാനിക്കുകയും ചെയ്യുന്നതോടെ ഈ വർഷം തന്നെ 10 ലക്ഷം മരങ്ങളായി തണൽ വിരിച്ചുതുടങ്ങും എന്ന പ്രതീക്ഷയിലാണ് സംഘാടകർ.
വെയിലിൽ ചുട്ടുപൊള്ളുന്ന അറേബ്യൻ മരുഭൂമികൾ അധികം വൈകാതെതന്നെ പച്ചപ്പണിഞ്ഞ് തണൽ വിരിക്കുന്ന നാടായി മാറുമെന്ന് ചുരുക്കം. കഴിഞ്ഞ മാർച്ചിൽ നാഷനൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റി ചെയർപേഴ്സൻ മർയം ബിൻത് അബ്ദുല്ല അൽ അതിയ്യയായിരുന്നു ഏഴര ലക്ഷം തികച്ച മരം നട്ടത്. രാജ്യത്തെ 70 സ്കൂളുകളിൽനിന്നായി ആയിരക്കണക്കിന് വിദ്യാർഥികളും മില്യൺ ട്രീ പ്ലാന്റേഷനിൽ പങ്കാളികളായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

