സാങ്കേതിക വിദ്യകൾ കരുത്താക്കി കസ്റ്റംസ്
text_fieldsകസ്റ്റംസ് നേതൃത്വത്തിൽ ചരക്കുകളുടെ ക്ലിയറൻസ് പൂർത്തിയാക്കുന്നു
ദോഹ: അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി പ്രവർത്തനം കാര്യക്ഷമമാക്കി ഖത്തർ കസ്റ്റംസ് ജനറൽ അതോറിറ്റി. ഏറ്റവും മുന്തിയ സാങ്കേതികവിദ്യകളെ സ്വായത്തമാക്കി ചരക്ക് കൈകാര്യം കൂടുതൽ വേഗത്തിലാക്കി മാറ്റുകയാണ് ഖത്തർ കസ്റ്റംസ്. പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യയും സംവിധാനങ്ങളും ഉപയോഗിക്കാനാണ് കസ്റ്റംസ് അതോറിറ്റി ഓപറേഷൻ വിഭാഗം പദ്ധതിയിടുന്നതെന്ന് നാസർ അഹ്മദ് അൽ മുഹന്നദി പറഞ്ഞു.
കസ്റ്റംസ് ക്ലിയറൻസ് സംവിധാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ മേൽനോട്ടം, കസ്റ്റംസ് ഓപറേഷൻ വർക്ക് ഫ്ലോ വികസിപ്പിക്കൽ, കസ്റ്റംസ് ക്ലിയറൻസ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി തയാറാക്കൽ എന്നിവയിൽ കസ്റ്റംസ് വകുപ്പ് പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് വാർത്തക്കുറിപ്പിൽ അൽ മുഹന്നദി അറിയിച്ചു.
ഓപറേഷൻ വിഭാഗം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട ഭാവി പദ്ധതികളെക്കുറിച്ച് ഡേറ്റ പ്രൊസസിങ്ങിൽ കാര്യക്ഷമതയും കൃത്യതയും മെച്ചപ്പെടുത്തുന്നതിനും ദൈനംദിന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ആധുനിക സാങ്കേതികവിദ്യയും സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. കസ്റ്റംസ് ഓപറേഷൻ മാനേജ്മെന്റിലെ അറിവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനും ജീവനക്കാരുടെ പ്രവർത്തനക്ഷമതയും ഉൽപാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിനും പ്രത്യേക പരിശീലന പരിപാടികളും നടത്തുന്നുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോളതലത്തിലെ അത്യാധുനിക സാങ്കേതികവിദ്യകൾക്കനുസൃതമായി സംവിധാനത്തിന്റെ വിപുലീകരണവും വികസനവും തുടരുന്നതിനും ഏറ്റവും ഉയർന്ന പ്രവർത്തനക്ഷമത കൈവരിക്കുന്നതിനും ആഭ്യന്തര, ബാഹ്യ ഗുണഭോക്താക്കൾക്ക് സംതൃപ്തി നൽകുന്നതിനും പ്രത്യേക പദ്ധതിക്ക് രൂപം നൽകിയതായും നാസർ അഹ്മദ് അൽ മുഹന്നദി വ്യക്തമാക്കി.
ശരാശരി റിലീസ് സമയം കുറക്കുക, അപകടസാധ്യത ഒഴിവാക്കുക, സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുക എന്നീ മൂന്ന് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വകുപ്പിന്റെ സേവനങ്ങൾ ഒരു പരിധി വരെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കസ്റ്റംസ് വർക്ക് ഫോളോഅപ്പിനും കസ്റ്റംസ് ക്ലിയറൻസ് സംവിധാനം പ്രശ്നങ്ങളില്ലാതെയും പ്രവർത്തനരഹിതമാകാതെയും നിയന്ത്രിക്കുന്നതിനുമായി ഓപറേഷൻ വിഭാഗം മുഴുസമയവും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. സേവനങ്ങളുടെ തുടർച്ചയായ വിപുലീകരണവും വികസനവും പഠിക്കുന്നതിലൂടെയും കസ്റ്റംസ് ക്ലിയറൻസിന്റെ എല്ലാ ഘട്ടങ്ങളും രേഖപ്പെടുത്തുന്നതിലൂടെയും ഉപഭോക്തൃ സംതൃപ്തിയുടെ നിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ കസ്റ്റംസ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളിൽ പങ്കാളിത്തം എന്നപേരിൽ കസ്റ്റംസ് സംവിധാനത്തിന്റെ പ്രമോഷനും വിപണനവും കൈവരിക്കുന്നതിന് ഞങ്ങൾ പ്രത്യേക സേവനം ആരംഭിച്ചിട്ടുണ്ടെന്നും അൽ മുഹന്നദി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

